എന്തുവാടേ നിങ്ങൾക്കു പണി? വില്ലേജ് ഒാഫീസ് തുറക്കാത്ത ഉദ്യോഗസ്ഥരെ വിറപ്പിച്ചു കളക്ടർ
Friday, September 14, 2018 10:33 AM IST
പത്തനംതിട്ട: വില്ലേജ് ഓഫീസിൽ നേരിട്ടെത്തി ജീവനക്കാരെ വിറപ്പിച്ച ജില്ലാ കളക്ടർ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പ്രളയകാലത്തു ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം,
കോന്നി - താഴം വില്ലേജ് ഓഫീസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് കളക്ടർ നേരിട്ടെത്തിയത്. പ്രളയബാധിതമായ പത്തനംതിട്ട ജില്ലയിലെ റവന്യു ഓഫീസുകൾ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നിരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവു നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചയ്ക്കു ശേഷം കോന്നി - താഴം വില്ലേജ് ഓഫീസ് തുറന്നിട്ടില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ കളക്ടറെത്തുന്നത്.
11.30നാണ് കളക്ടർ എത്തിയത്. ഓഫീസ് തുറന്നിട്ടില്ലെന്നു മനസിലാക്കി ജീവനക്കാരിലൊരാളെ വിളിച്ചുവരുത്തി. താക്കോൽ കൊണ്ടുവന്ന ഇയാൾക്കു ശരിക്കു കിട്ടി.
പ്രളയം ബാധിച്ച വീടുകളിലുള്ളവർക്കു കൃത്യമായി സഹായങ്ങളെത്തിക്കാൻ വിസമ്മതിച്ച വില്ലേജ് ഓഫീസ് ജീവനക്കാരനെ ശകാരിക്കുന്ന രംഗമാണ് സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടി മുന്നേറുന്നത്. സഹായ കിറ്റ് ആർക്കൊക്കെയാണ് കൊടുക്കേണ്ടത് എന്നു ചോദിച്ചു, കൃത്യമായ മറുപടി വേണമെന്നും നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും കളക്ടർ.
വില്ലേജ് ജീവനക്കാർക്ക് വീഴ്ച ഉണ്ടായെന്നു മനസിലാക്കിയ കളക്ടർ ,നിങ്ങൾക്കിവിടെ എന്തുവാടെ പണി, ഈ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങൾക്കു ജോലി. ഇതുപോലും അറിയാതെ നിങ്ങളെന്നതാ ഇവിടെ ചെയ്യുന്നേ... ആകെ 84 പേരല്ലേയുള്ളൂ ഇവിടെ. ജില്ലയിലെ 45,000 ആളുകളുടെ കാര്യം ഞാൻ പറയാമല്ലോ.... കളക്ടറുടെ വാക്കുകൾക്കു മൂർച്ചയേറുകയായിരുന്നു. ഓഫീസ് തുറന്നിട്ടില്ലെന്നു പരാതിപ്പെട്ടു കളക്ടറെ വിളിച്ചുവരുത്തിയ സിപിഎം പ്രവർത്തകരുടെ മുന്പിലാണ് ജീവനക്കാരനു ശകാരം കേൾക്കേണ്ടിവന്നത്. ഈ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വില്ലേജ് പരിധിയിൽ പ്രളയബാധിതരായ ആളുകൾക്കുള്ള സഹായം വിതരണം ചെയ്തിട്ടില്ലെന്ന പരാതി നിലനിൽക്കുന്പോഴായിരുന്നു ഓഫീസ് അടച്ചിട്ടിരുന്നത്.
ഓഫീസ് തുറന്ന് ഹാജർ ബുക്ക് പരിശോധിച്ചപ്പോൾ ശനിയാഴ്ചയും ആരും വന്നിരുന്നില്ലെന്നു ബോധ്യപ്പെട്ടു. തുടർന്ന് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചു വിശദീകരണം ആരാഞ്ഞു. ഇതേ ദിവസം തന്നെ ആറന്മുളയിലെ ഒരു വില്ലേജ് ഓഫീസും ജില്ലാ കളക്ടർ നേരിട്ടെത്തി തുറപ്പിക്കുകയായിരുന്നു. ഉത്തരവ് ലംഘിച്ച് ഓഫീസ് അടച്ചിട്ട വില്ലേജ് ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടിക്കു ശിപാർശയുണ്ട്.