പ്രളയം: കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകാൻ പോലും കഴിയാത്ത ഭരണസ്തംഭനം-ചെന്നിത്തല
Thursday, September 13, 2018 10:51 AM IST
തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാരിനു മെമ്മോറാണ്ടം നൽകാൻ പോലും കഴിയാത്ത വിധത്തിൽ സംസ്ഥാനത്തു പൂർണമായ ഭരണസ്തംഭനമാണു നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നിട്ടും ഭരണസ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനു കേന്ദ്രത്തിൽ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതൽ കിട്ടിയിട്ടില്ല. അതിനു വേണ്ടി കേന്ദ്രത്തിന് മെമ്മോറാണ്ടം തയാറാക്കാൻ പോലും സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തുന്നു എന്നു പറയുന്നതല്ലാതെ അത് എങ്ങും എത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭായോഗം ചേരാൻ കഴിയാത്തതിനാൽ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാൻ കഴിയാത്ത അവസ്ഥയാണു നിലനിൽക്കുന്നത്.
മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. പക്ഷേ ഉപസമിതിക്കു നയപരമായ തീരുമാനമെടുക്കാനോ അവ സർക്കാർ ഉത്തരവായിറക്കി നടപ്പാക്കാനോ കഴിയില്ല. മന്ത്രിസഭയുടെ അധികാരം ഉപസമിതിക്കുണ്ടോ എന്നു വ്യക്തമാക്കണം.
തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുള്ള പ്രവർത്തനങ്ങളൊന്നും മുന്നോട്ടുനീങ്ങുന്നില്ല. ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്പോൾ അത്യാവശ്യ ചെലവുകൾക്കു കൊടുക്കാമെന്ന് പറഞ്ഞ 10,000 രൂപ പോലും എല്ലാവർക്കും കിട്ടിയിട്ടില്ല. ഈ തുക അനർഹർ തട്ടിയെടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.