എ സി റോഡിനു ശാപമോക്ഷമില്ലേ ?
Tuesday, August 14, 2018 11:42 AM IST
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് ഒരിക്കലും മാറില്ലേ. മനയ്ക്കച്ചിറ പെട്രോൾ പമ്പ്, പൂവം പെട്രോൾ പമ്പ് എന്നിവയുടെ സമീപം എസി കനാലിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനൊപ്പം വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ മൂന്നാഴ്ചയോളം കെഎസ്ആർടിസി ബസ് മുടങ്ങിയതിനു കാരണമായ മങ്കൊമ്പ് തെക്കേക്കര, നെടുമുടി നസ്രത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് സമീപത്തെ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാണു നീക്കിയത്.
എസി റോഡിനൊപ്പം കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളിലും ആഴ്ചകളായി ഗതാഗതം തടസപ്പെടുകയാണ്. മിക്ക റോഡുകളിലും ശരാശരി ജലനിരപ്പിലും താഴെയാണ്. മാമ്പുഴക്കരി-എടത്വ, പള്ളിക്കൂട്ടുമ്മ-നീലംപേരൂർ, മങ്കൊമ്പ്-ചമ്പക്കുളം, പൂപ്പള്ളി-ചമ്പക്കുളം, കൈനകരി പഞ്ചായത്ത് റോഡ്, പൂപ്പള്ളി ചേന്നങ്കരി-കൈനകരി റോഡ്, കിടങ്ങറ-വാലടി, കിടങ്ങറ-കണ്ണാടി, കാവാലം-ചക്കച്ചംപാക്ക എന്നീ റോഡുകളിലാണ് കാലവർഷം ആരംഭിച്ചപ്പോൾ മുതൽ ഗതാഗത തടസം നേരിടുന്നത്. പാടശേഖരങ്ങളിൽ കൃഷിയിറക്കിയാൽ മാത്രമേ റോഡുകളിൽ ഗതാഗതം സാധ്യമാകൂ.
മടവീഴ്ചയുണ്ടായാൽ ഗതാഗതവും തീരും. താഴ്ന്നുകൊണ്ടിരിക്കുന്ന റോഡുകൾ യഥാസമയങ്ങളിൽ ഉയർത്താനോ അറ്റകുറ്റപ്പണികൾ നടത്താനോ തയാറാകാത്ത പൊതുമരാമത്ത് വകുപ്പ്, റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും പാടശേഖരസമിതികളുടെ ചുമലിൽ വച്ചുകെട്ടുകയാണ്.