കുട്ടികൾക്കായി പുഴ നീന്തിക്കടന്ന് വൈദികൻ
Thursday, July 26, 2018 12:00 PM IST
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതിനു ശേഷം സ്കൂളിൽ പോകാനാവാതെ 26 വിദ്യാർഥികൾ. പഠനം മുടങ്ങിയ കുട്ടികൾക്ക് പാഠം പകർന്നു നൽകാൻ പുഴ നീന്തിക്കടന്ന് വൈദികൻ. ഉടുന്പന്നൂർ, കരിമണ്ണൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട കൈതപ്പാറ ഗ്രാമീണ മേഖലയിലെ എൽകെജി മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് രണ്ടാഴ്ചയോളമായി സ്കൂളുകളിൽ പോകാനാവാതെ കഴിയുന്നത്.
ഇവരുടെ യാത്രാ മാർഗമായ കൈതപ്പാറ-ഉടുന്പന്നൂർ റോഡിലെ വേളൂർ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ പഠനവും മുടങ്ങി. കനത്ത മഴയിൽ ചപ്പാത്തിന്റെ സംരക്ഷണ ഭിത്തി കൂടി തകർന്നതിനാൽ വെള്ളം താഴ്ന്നാൽ തന്നെ ഇവർക്ക് വിദ്യാലയങ്ങളിലേക്ക് എത്താൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്.
ഇവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിൽ പാഠഭാഗങ്ങൾ പകർന്നു നൽകുന്നത് കൈതപ്പാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനോയി ചാത്തനാട്ട് ആണ്. ചപ്പാത്ത് മുങ്ങിയതോടെ പുഴ നീന്തിക്കടന്നാണ് അച്ചൻ കൈതപ്പാറയിലെത്തിയത്. തൊമ്മൻകുത്ത് വനമേഖലയോട് ചേർന്നുള്ള മലയോര ഗ്രാമമാണ് കൈതപ്പാറ. ആകെയുള്ള 73 കുടുംബങ്ങളിൽ 13 ആദിവാസി കുടുംബങ്ങളുമുണ്ട്. കൈതപ്പാറയിൽ ഇപ്പോഴും മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലാണ് കുട്ടികളുടെ പഠനം. സഞ്ചാര യോഗ്യമായ റോഡും ഫോണ് സംവിധാനവുമില്ല. ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് കൈതപ്പാറയിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി എത്തുന്നത്. ദുർഘട പാതകളിലൂടെ കുട്ടികളുടെ യാത്രയുടെ ബുദ്ധിമുട്ട് മനസിലാക്കിയ പള്ളി അധികൃതരാണ് ഇവർക്ക് സഞ്ചരിക്കാനായി സ്കൂൾ വാൻ ഏർപ്പെടുത്തിയത്.
കുട്ടികൾക്കു പുറമെ രക്ഷിതാക്കൾക്കും പുറം ലോകവുമായി ബന്ധപ്പെടാനുള്ള സഞ്ചാര മാർഗവും ഈ സ്കൂൾ വാനാണ്. രാവിലെ കുട്ടികൾക്കൊപ്പം സ്കൂൾ വാനിൽ യാത്രയാകുന്ന രക്ഷിതാക്കൾ വാഹനം തിരികെ വരുന്പോഴാണ് സാധനങ്ങൾ വാങ്ങി മടങ്ങിയെത്തുന്നത്. നിലവിൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയതോടൊപ്പം രക്ഷിതാക്കളുടെ പുറംലോകത്തെത്താനുള്ള മാർഗം കൂടിയാണ് അടഞ്ഞിരിക്കുന്നത്. ഉടുന്പന്നൂർ, മങ്കുഴി, കരിമണ്ണൂർ തുടങ്ങിയ മേഖലകളിലാണ് ഇവിടെ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നത്. സ്കൂൾ വാനിൽ 15 കിലോമീറ്ററോളം ദുർഘട പാത താണ്ടി വേളൂർ ചപ്പാത്തു വഴി ഉടുന്പന്നൂരിലെത്തിയാൽ മാത്രമേ ഇവർക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്താനാവു.
ദിവസങ്ങളായി ചപ്പാത്ത് വെള്ളത്തിലായതോടെ ഇപ്പോൾ പള്ളിക്കു സമീപമുള്ള ഏകാധ്യാപക വിദ്യാലയത്തിൽ വാഴക്കുളത്ത് സ്കൂൾ അധ്യാപകൻ കൂടിയായ ഫാ.ബിനോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ ഇവരെ പഠിപ്പിക്കുകയാണ്. വേളൂർ ചപ്പാത്തിനു പകരം പുതിയ പാലം നിർമിച്ചാൽ മാത്രമേ ഇവിടുത്തെ കുട്ടികളുടെ ദുരിത യാത്രക്ക് പരിഹാരമാകു.
ടി.പി.സന്തോഷ്കുമാർ