ശ്രീപത്മനാഭനെന്ന നായകനെ കാണാതെ ഉഴറുന്ന നായികയുടെ ഭാവത്തിലാണ് സ്വാതി തിരുനാൾ പല പദവർണങ്ങളും രചിച്ചത് എന്നത് വസ്തുതയാണ്. എന്നാൽ സ്വന്തം വിരഹവേദനയും ഇതിൽ സ്വാതി തിരുനാൾ ഇഴ ചേർത്തിരിക്കുകയാണ് എന്നും പറയാം. പ്രണയപരവശനായ സ്വാതി തിരുനാളിന്റെ തേങ്ങലുകൾ തന്നെയാണ് പല പദവർണങ്ങളിലും നിറയുന്നത്. അല്ലെങ്കിൽ"വളരുന്നു ഹൃദിമോഹം എന്നോമലേ...
തളരുന്നൂ മമദേഹം മധുമൊഴി... 'എന്നും മറ്റും എഴുതുവാൻ കഴിയില്ലല്ലോ.
സുഗന്ധവല്ലിക്കു നൃത്തം ചെയ്യുവാൻ വേണ്ടി തന്നെയാണ് പദവർണങ്ങൾ രചിച്ചത് എന്ന് കരുതപ്പെടുന്നു.
ബ്രിട്ടീഷ് ഭരണം അടിച്ചേൽപ്പിച്ച പ്രതിസന്ധികളും ജനറൽ കല്ലൻ ഉണ്ടാക്കിയ പ്രശ്നങ്ങളും സ്വാതി തിരുനാൾ മഹാരാജാവിന്റെ വലിയ വേദനയായിരുന്നു. ഈ സംഘർഷം പല കൃതികൾക്കും ആധാരമായി മാറി. "പന്നഗേന്ദ്രശയന ശ്രീപത്മനാഭ...' എന്ന രാഗമാലികയിലെ പദം സ്വാതി ഹൃദയത്തിൽ നിന്നും അറിയാതെ ഊർന്നിറങ്ങിയതാണ്.
ശാരീരിക വിഷമതകളും നെഞ്ചിലെ സംഘർഷങ്ങളും ഉറക്കം കെടുത്തിയ ഒരു രാത്രി തന്റെ പ്രാണനായകനായ ശ്രീപത്മനാഭന്റെ പാദങ്ങളിൽ വീണ് സ്വാതി പാടിക്കൊണ്ടിരുന്നു..
പന്നഗേന്ദ്രശയന ശ്രീപത്മനാഭ...വിരഹാഗ്നിയിൽ വെന്തുനീറി കുയിലിന്റെയും പഞ്ചവർണ തത്തയുടേയും ഗാനം പോലും കഠിനമായി അനുഭവപ്പെട്ട സ്വാതിയുടെ മനസ് "പന്നഗേന്ദ്ര ശയനയി'ൽ നിറഞ്ഞു തുളുന്പി. രാത്രിയുടെ ഓരോ യാമങ്ങൾക്കനുസരിച്ച് രാഗങ്ങൾ മാറിമാറിവന്നു.
കാംബോജിയിൽ, ഭൈരവിയിൽ, തോടിയിൽ അങ്ങനെ കീർത്തനം ഒഴുകി. ഒടുവിൽ നേരം പുലർന്നപ്പോൾ മോദയാമീ ജഗദീശ എന്ന് ഭൂപാളരാഗത്തിലായി പദചരണം. പുലർകാല രാഗമാണ് ഭൂപാളം. കണ്ണിമ ഒന്നു ചിമ്മാതെ സ്വാതി തിരുനാൾ പാടിയ പന്നഗേന്ദ്ര ശയന ഇന്നും സംഗീത അരങ്ങുകളിൽ പ്രശസ്ത സംഗീതജ്ഞന്മാർ ആലപിക്കുന്നു.
കാലത്തിന്റെയും ഭാവിയുടേയും അതിരുകൾക്കപ്പുറമായിരുന്നു സ്വാതിയുടെ മനസ്. മേരുസ്വാമി, സുലൈമാൻ ഖാദർ സാഹിബ്, അലാവുദീൻ എന്നീ ഉത്തരേന്ത്യൻ പണ്ഡിതൻമാരുമായുള്ള സൗഹാർദം ഹിന്ദുസ്ഥാനി രാഗങ്ങളുമായി സ്വാതിയെ അടുപ്പിച്ചു. സംസ്കൃതം, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ നിരവധി ഭാഷകളിൽ നാന്നൂറോളം കൃതികൾ സ്വാതി തിരുനാളിന്റേതായുണ്ട്.
ആറുകാലങ്ങളിൽ പല്ലവി പാടിയിരുന്ന ഷഡ്കാല ഗോവിന്ദമാരാരും വടിവേലുവും ഇരയിമ്മൻ തന്പിയും ധന്യമാക്കിയിരുന്നു സ്വാതി തിരുനാളിന്റെ കൊട്ടാരം. മഹാപ്രതിഭകളെ സ്വീകരിച്ച് ആദരിച്ച സ്വാതി തിരുനാളിന് അറിയാമായിരുന്നു നാടിന്റെ യശസും സാംസ്കാരിക പെരുമയും അവരുടെ കണ്ഠങ്ങളിലായിരുന്നുവെന്ന്.
എസ്.മഞ്ജുളാദേവി