ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്റെ ലിലാവിലാസങ്ങൾ. ഒന്നര വയസുള്ള കുട്ടിക്കൊമ്പൻ അഞ്ചുമാസത്തോളമാകുന്നു ഇവിടെ എത്തിയിട്ട്.
കുറുമ്പും കുസൃതിയുമായി ആനത്താവളത്തിലെത്തുന്നവരുടെ മനസുകൾ അവൻ
കവർന്നു കഴിഞ്ഞു. കുട്ടിക്കുറന്പന്റെ കുസൃതികൾ ആന പ്രേമികളെ മാത്രമല്ല അവനോളം പ്രായം വരുന്ന കൊച്ചുകുട്ടികൾക്കും ആനന്ദ കാഴ്ച തന്നേ.
ഒന്നു പേടിപ്പിച്ചു
കുസൃതി കൂടിയപ്പോൾ കഴുത്തിൽകെട്ടിയിരുന്ന ശംഖ് വിഴുങ്ങിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇവൻ വിഷമിപ്പിച്ചതും അടുത്തിടെയാണ്. കണ്ണന്റെ കുസൃതി ഇക്കോ ടൂറിസത്തിനെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാനും എന്നാൽ, ആരും അടുെത്താതിരിക്കാനും വേലികെട്ടിയൊരു കുഞ്ഞ് ആനത്തറ വനം വകുപ്പ് കണ്ണനായി നിർമ്മിച്ചു.തറ കമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് നിർമിച്ചത് റബർ പാനലിങ്ങും ചെയ്തിട്ടുണ്ട്. ഇനി ഇതിനുള്ളിൽ നിന്നു കണ്ണനെ കാണാം.
സ്വിമ്മിംഗ് പൂളിൽ നീരാട്ട്
ഏതാനും ദിവസമായി സ്വിമ്മിംഗ് പൂളിലാണ് കുട്ടിക്കൊമ്പന്റെ നീരാട്ട്. രാവിലെ ഏഴുമണി കഴിയുമ്പോഴേക്കും കുളിക്കാനുള്ള ആവേശത്തിലാകും. മുൻപ് പിഞ്ചുവെന്ന കുട്ടിയാനയ്ക്ക് ജലചികിത്സ നടത്താനായി നിർമിച്ച കുളത്തിൽ വെള്ളം നിറച്ചാണ് കുട്ടിയാനയ്ക്കുള്ള കുളിക്കടവ് സജ്ജമാക്കിയിട്ടുള്ളത്. പാപ്പാനു പിന്നാലെ ഓടിയെത്തി വെള്ളത്തിലിറങ്ങി കളി തുടങ്ങും. ഇതിനിടെ പാപ്പാന്റെ വക തേച്ചുകുളി. കുറുമ്പു കാരണം കഷ്ടപ്പെടുന്നത് പാപ്പാനാണ്.
സന്പുഷ്ട ഭക്ഷണം
കണ്ണന്റെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധയാണുള്ളത്. പച്ചരി, ഗോതമ്പ്, പഞ്ഞിപ്പുൽ, മഞ്ഞൾപൊടി, കരിപ്പെട്ടി തുടങ്ങിയവ കുറുക്കി ഉപ്പ് ചേർത്ത് ഉരുളയാക്കി നൽകും. കൂടാതെ ലാക്ടജൻ, ഗ്ലൂക്കോസ് വെള്ളം എന്നിവ കുടിക്കാനും നൽകുന്നുണ്ട്.
കോവിഡ് കാല നിയന്ത്രണത്തേ തുടർന്ന് ഏറെ കാലം വിനോദ സഞ്ചാരകേന്ദ്രം അടഞ്ഞുകിടന്നതിനാൽ അധിക സന്ദർശക സമ്പർക്കം ഒഴിവാക്കുന്നതിനും കാരണമായി. സന്ദർശകർ എത്തിയാൽ പിന്നേ കണ്ണന് വിശ്രമില്ല. ആകെ പുകിലാണ്. ഓടി നടന്നും നിലത്ത് ഉരുണ്ടും എല്ലാവരുടെ ശ്രദ്ധ ആകർഷിക്കുന്നതിലും ഇവൻ വിരുതനാണ്.