രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള അറിവുകൾ നിങ്ങളുടെ വിരൽത്തുന്പിൽ. ഒരുപറ്റം ഡോക്ടർമാരുടെ ആശയമാണ് ഇത് പ്രാവർത്തികമാക്കിയത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വ്യക്തമായ ധാരണ നൽകാൻ രംഗത്തെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു പഠിച്ചിറങ്ങിയ ഡോക്ടർമാരാണ്.
ആരോഗ്യമേഖലയിലെ പുതിയ അറിവുകൾ സാധാരണക്കാരിലേക്കെത്തിക്കുന്നതിനായി യു ട്യൂബ് ചാനൽ ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായാണ് ഒരു സംഘം യുവഡോക്ടർമാർ സമൂഹത്തിനായി പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് ആരോഗ്യരംഗത്തെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ അവബോധം വളർത്താൻ വിവിധ രോഗങ്ങളുടെ ചികിത്സാസംബന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരണം ഉൾപ്പെടുത്തിയാണ് പുതിയ സംരംഭം.
ചികിത്സാരീതികളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ജനങ്ങൾക്ക് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു.
ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാനാണ് ആരോഗ്യരംഗത്തെ വിദഗ്ധരായ ഡോക്ടർമാർ യൂ ട്യൂബ് ചാനലിലൂടെ സംശയനിവാരണം നടത്തുന്നത്. "അപ്പോത്തിക്കാര്യം' എന്ന പേരിൽ യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിൽ ചാനൽ കാണാൻ സാധിക്കും.
മെഡിക്കൽ രംഗത്തെക്കുറിച്ച് പരിമിതമായ അറിവുള്ളവരും അല്ലാത്തവരുമായ ആളുകൾ ആരോഗ്യരംഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ പലപ്പോഴും അസ്വസ്ഥരും ആശങ്കാകുലരുമാക്കുന്നുണ്ട്.
ഈ പ്രവണത സമൂഹത്തിലെ ജനങ്ങളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം ഒഴിവാക്കാനും കൂടിയാണ് ഈ സംരംഭത്തിലൂടെ യുവഡോക്ടർമാർലക്ഷ്യമിടുന്നത്.
ചാനലിൽ ഉൾപ്പെടുത്തുന്ന അറിവുകൾ മെഡിക്കൽ വിദ്യാർത്ഥികൾക്കും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുത്തൻ അറിവുകൾ നൽകുന്നതിന് ഉപകരിക്കുമെന്നാണ് ഇവർ കണക്ക് കൂട്ടുന്നത്.
എല്ലാദിവസവും യൂ ട്യൂബിൽ രാത്രി ഏഴിന് ലോംഗ് വീഡിയോയും രാവിലെയും വൈകുന്നേരവും ഇൻസ്റ്റഗ്രാമിൽ വിദഗ്ധരായ ഡോക്ടർമാരുടെ ഷോർട്ട് വീഡിയോ ക്ലാസുകളും വിവരണങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ശിൽപ്പികൾ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ 2010 ബാച്ചിൽ നിന്നുമുള്ള ഒരു പറ്റം ഡോക്ടർമാരാണ് യൂട്യൂബ് ചാനലിന്റെ അണിയറ പ്രവർത്തകർ. ഡോ. എം.ജി. ശബരീനാഥ്, ഡോ. വി.രോഹിത്ത്, ഡോ. പി.എസ്. പ്രവീണ്‍, ഡോ. ആതിര മോഹൻ, ഡോ. എസ്. ഫിറോസ്ഖാൻ, ഡോ. എ.ജെ. അരുണ്‍, ഡോ. ജിഷ്ണു ജനാർദനൻ, ഡോ. സച്ചിൻ വിജയകുമാർ എന്നിവരാണ് ചാനലിന്റെ ശിൽപ്പികൾ.
ഇവരെല്ലാവരും ഇപ്പോൾ സംസ്ഥാനത്തു വിവിധ ജില്ലകളിൽ ആതുര സേവനമനുഷ്ഠിക്കുകയാണ്. ചാനലിന്റെ ടെക്നിക്കൽ തലവനായി പ്രവർത്തിക്കുന്നത് പ്രകാശ് റാണയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ ഡോ. അരുണ്‍.ബി.നായർ, ഡെർമറ്റോളജി വിഭാഗം ഡോ. സോണിയാ ഫിറോസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. സീനിയ എന്നിവരാണ് യുവഡോക്ടർമാർക്കും ഇവരുടെ പുതിയ സംരംഭത്തിനും മാർഗനിർദേശങ്ങൾ നൽകുന്നത്.
ഓരോ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ചു വിദഗ്ധരായ ഡോക്ടർമാർ ഈ ചാനലിലൂടെ അറിവുകൾ പകർന്ന് നൽകും.
മെഡിസിൻ, സ്കിൻ, സൈക്യാട്രി, യൂറോളജി, ന്യൂറോളജി, കമ്യൂണിറ്റി മെഡിസിൻ, സർജറി, ഓർത്തോ, ഗൈനക്കോളജി ഉൾപ്പെടെ പതിനെട്ട് ഡിപ്പാർട്ട്മെന്റിലെ വിദഗ്ധരായ ഡോക്ടർമാരാണ് വിഷയ അവതരണവും സംശയനിവാരണവും നടത്തുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറെ സ്വീകാര്യതയാണ് ചാനലിനു ലഭിക്കുന്നത്.
എം. സുരേഷ്ബാബു