നദിക്കു മുകളിലൂടെ സ്ത്രീ നടന്നു..! "നർമദാദേവി' എന്നു ജനങ്ങൾ, സംഭവിച്ചത് എന്ത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നർമദ. മധ്യപ്രദേശിലെ മെയ്കല മലയിൽനിന്നാണ് നർമദയുടെ ഉദ്ഭവം. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമദയ്ക്ക് 1,312 കിലോമീറ്റർ നീളമുണ്ട്. അതിശക്തമായ ഒഴുക്കും നിരവധി വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഹിന്ദുപുരാണങ്ങളിൽ നർമദയെ പുണ്യനദിയായി കണക്കാക്കുന്നു. കഴിഞ്ഞദിവസം നർമദ നദിയിൽ വെള്ളത്തിനു മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം.
നദിയുടെ മുകളിലൂടെ നടക്കുന്ന സ്ത്രീയെയും കരയിൽ അവരെ പിന്തുടരുന്നവരെയും ദൃശ്യങ്ങളിൽ കാണാം. നർമദാദേവീ... അനുഗ്രഹിക്കണേ... എന്ന പ്രാർഥനയോടൊണ് ജനങ്ങൾ അവരെ പിന്തുടർന്നത്. ഇതിനിടെ ഇവർക്കു രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും പ്രചരിച്ചു. തുടർന്നു വൻ ജനപ്രവാഹമായിരുന്നു. റോഡുകൾ ബ്ലോക്ക് ആയി. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പോലീസ് സ്ഥലത്തെത്തി സ്ത്രീയോടു സംസാരിച്ചപ്പോഴാണ് അവരുടെ പൂർണവിവരങ്ങൾ പുറത്തറിയുന്നത്. കഴിഞ്ഞവർഷം കാണാതായ നർമദാപുരം സ്വദേശിനിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ് കഥയിലെ നായിക. ഇവരെ കാണാതായതായി കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നയാളാണ് ജ്യോതിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
യഥാർഥത്തിൽ ജ്യോതി നര്‍മദയുടെ മുകളിലൂടെ നടക്കുകയായിരുന്നില്ല. വേലിയിറക്ക സമയമായിരുന്നതിനാൽ നദിയിൽ വെള്ളം കുറവായിരുന്നു. ഈ സമയത്ത് നദിയിലൂടെ നടന്ന അവർ വെള്ളത്തിനു മുകളിലൂടെയാണു നടക്കുന്നതെന്നു തീരത്തുനിന്നവർ തെറ്റിദ്ധരിച്ചു. തീരത്തുനിന്ന് അകലെയുമായിരുന്നു ജ്യോതി.
താൻ സാധാരണ സ്ത്രീയാണെന്നും അദ്ഭുതശക്തിയില്ലെന്നും ജ്യോതി പറഞ്ഞു. നര്‍മദാ നദിയെ പ്രദക്ഷിണം ചെയ്യുന്നതിനായി തീർഥാടനത്തിലാണ്. പ്രദക്ഷിണത്തിന്റെ ഭാഗമായാണ് നദിയിൽ നടന്നതെന്നും ജ്യോതി പറഞ്ഞു. നാടന്‍ വൈദ്യം അറിയാമെന്നും ആരെങ്കിലും അസുഖങ്ങളുമായി കാണാൻ വന്നാൽ മരുന്നു നല്‍കാറുണ്ടെന്നും ജ്യോതി കൂട്ടിച്ചേർത്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജ്യോതിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുകയും പിന്നീട്, അവരെ അവർക്കൊപ്പം വിടുകയും ചെയ്തു.