കൊറോണ കാലത്ത് നടന്ന പ്രതിമാ നിർമാണത്തിന്റെ ഓരോ ഘട്ടവും കാണുവാനുള്ള അവസരവും പൂർവവിദ്യാർഥിയെന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും ലോകത്തിലെ തന്നെ ഇത്രയും വലുപ്പത്തിലുള്ള സ്വാതി തിരുനാളിന്റെ അർധകായ വെങ്കല പ്രതിമ വേറെ ഉണ്ടോയെന്നും സംശയമാണെന്നും സതീഷ് രാമചന്ദ്രൻ.
പ്രിൻസിപ്പൽ ഹരികൃഷ്ണന്റെ പൂർണപിന്തുണയും മനസുമാണ് സ്വാതി മഹാരാജാവിന്റെ ശിൽപ്പം സത്യമാകുന്നതിനു പിന്നിലെ പ്രധാന ശക്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഈ സ്വപ്ന പദ്ധതിയെ സാക്ഷാത്കരിച്ചതെന്നും സതീഷ് രാമചന്ദ്രന്റെ വാക്കുകൾ.
സ്വാതി ചിത്രംശിൽപ നിർമാണ സമയത്ത് കെ.എസ്.സിദ്ധൻ ഇന്ന് നിലവിലുള്ള സ്വാതി ചിത്രങ്ങളുടെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതി തിരുനാളിന്റെ കുട്ടിക്കാലത്തെ പെയിന്റിംഗ് മാത്രമാണ് ഒറിജിനൽ ചിത്രമായിട്ടുള്ളത്. മുപ്പത്തിമൂന്നാമത്തെ വയസിൽ നാടുനീങ്ങിയ മഹാരാജാവാണ് സ്വാതി തിരുനാൾ. അപ്പോൾ യൗവനത്തിന്റെ എല്ലാ ഊർജവും ആ മുഖത്തുണ്ടാകും. എന്നാൽ നന്നായി പുഞ്ചിരിക്കുന്ന ഒരു സ്വാതി തിരുനാൾ ചിത്രവും നിലവിലില്ല.
ഇന്നു കാണുന്ന ചിത്രങ്ങൾ പല കാലത്തും പല ചിത്രകാരന്മാരും അവരുടെ ഭാവന അനുസരിച്ച് വരച്ചതാണ്. അതിൽ നിന്നും വ്യത്യസ്തമായി സ്വാതി തിരുനാൾ മഹാരാജാവിന്റെ യഥാർഥ രൂപത്തോട് സാദൃശ്യമുള്ള പെയിന്റിംഗ് തന്നെ വേണം എന്ന ചിന്തയാണ് ഈ പെയിന്റിംഗിനു പിന്നിൽ. പ്രതിമാ നിർമാണത്തിനൊപ്പം തന്നെ കെ.എസ്.സിദ്ധൻ ചിത്രം വരയ്ക്കുവാനും തുടങ്ങിയിരുന്നു.
നാടുവാണ മഹാരാജാക്കന്മാരുടെ പെയിന്റിംഗ് തീർക്കുന്നതിന് ചില നിയമങ്ങളൊക്കെ ഉണ്ട്. സാധാരണ പെയിന്റിംഗുകളേക്കാൾ വളരെ ചെലവ് വരും. മൂന്നരയടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചിത്രത്തിന്റെ ചെലവ് അന്പതിനായിരം രൂപയിൽ താഴെയായിരുന്നു. വലിയൊരു ഗവേഷണവും ഈ എണ്ണഛായാചിത്രത്തിനു പിന്നിലുണ്ട്.
സ്വാതി തിരുനാളിന്റെ രാജകീയ വേഷം, ആഭരണങ്ങൾ അങ്ങനെ എല്ലാം വരയ്ക്കുന്നത് നന്നായി പഠിച്ച ശേഷമാണ്. ചിത്രം അനാഛാദനം ചെയ്ത തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത കർണാടക സംഗീതജ്ഞനുമായ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ പറഞ്ഞത്- ""ധ്യാനാത്മകമായ കണ്ണുകളാണ് സ്വാതി തിരുനാൾ മഹാരാജാവിന്റേതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ അതേ കണ്ണുകൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ''എന്നാണ്.
ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ ഈ വർഷം തന്നെ സ്വാതി തിരുനാൾ മഹാരാജാവിന്റെ ശിൽപ്പത്തിനൊപ്പം തന്റെ സമർപ്പണം കൂടി നൽകുവാനായത് തന്റെ സംഗീത ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് സതീഷ് രാമചന്ദ്രൻ പറയുന്നു.