ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട അരീക്കോട്ടെ ആതിരയുടെ മരണത്തിൽ സ്വന്തം അച്ഛന്തന്നെയാണ് അറസ്റ്റിലായത്. മകള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നു അച്ഛൻ രാജൻ കൊലപാതകം നടത്തിയെന്നാണ് കേസ്. കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായുള്ള പ്രണയത്തില്‍നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകളോട് രാജന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര തയാറായിരുന്നില്ല. ഒടുവിൽ മറ്റു മാര്‍ഗമില്ലാതെ പോലീസിന്റെ സാന്നിധ്യത്തില്‍ രാജന് മകളുടെ ഇഷ്ടവിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
എന്നാൽ വിവാഹത്തിന്റെ തലേദിവസം രാജൻ മദ്യലഹരിയില്‍ ആതിരയുടെ വിവാഹവസ്ത്രങ്ങള്‍ കത്തിച്ചു. തൊട്ടടുത്ത വീട്ടിൽ അഭയം തേടിയ ആതിരയെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി വലിച്ചിഴച്ച് പുറത്തെത്തിച്ചു കുത്തുകയായിരുന്നുവെന്നു പറയുന്നു. നെഞ്ചിലേറ്റ മുറിവ് ആതിരയെ മരണത്തിലേക്ക് നയിച്ചു. എന്നാല്‍ അമ്മയടക്കമുള്ള പ്രധാന സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതിയായ രാജനെ കോടതി വെറുതെ വിട്ടു.
മധുരിക്കാത്ത പ്രണയംകേരളത്തില്‍ പ്രണയത്തിന് മാധുര്യം നഷ്ടപ്പെട്ടിരിക്കുന്നു. 2017 മുതല്‍ 2020 വരെയുള്ള നാലു വര്‍ഷത്തിനിടെ പ്രണയത്തിന്റെ പേരില്‍ ജീവൻ നഷ്ടപ്പെട്ടത് 350 സ്ത്രീകള്‍ക്കാണ്. ഇതില്‍ 10 പേര് കൊല്ലപ്പെടുകയായിരുന്നു. മറ്റുള്ളവർ സ്വയം ജീവനൊടുക്കി. എം.കെ. മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പി. ജയകൃഷ്ണന്