കടൽ കടന്ന് എത്തും ലഹരി
Saturday, October 15, 2022 4:35 PM IST
ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നത് പ്രധാനമായും കടല്‍മാര്‍ഗമാണ്. അഫ്ഗാനിസ്ഥാനില്‍ ഉത്പാദിപ്പിക്കുന്ന ഹെറോയിന്‍ അവിടെനിന്ന് നേരിട്ടും പാക്കിസ്ഥാനിലൂടെ ഇറാനിലെത്തിച്ചുമാണ് കപ്പല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്തുന്നത്. ലക്ഷദ്വീപ് തീരത്തിനടുത്ത് 1,526 കോടിയുടെ ഹെറോയിന്‍ പിടിച്ച കേസില്‍ ഇന്ത്യക്ക് രഹസ്യവിവരം നൽകിയത് ഇറാന് ആന്റി നാര്‍കോട്ടിക് പോലീസാണ്.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിനായി ഇറാന് തുറമുഖങ്ങളായ ചാബഹാറും ബന്ധാര്‍ അബ്ബാസും കള്ളക്കടത്തുസംഘം ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടെ മയക്കുമരുന്നു കടത്തിനെതിരേ ഇറാനുമേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തി. തുടർന്നാണ് ഇറാൻ വിവരങ്ങൾ നൽകാൻ തുടങ്ങിയത്. രഹസ്യവിവരം ലഭിച്ചതോടെ "ഓപ്പറേഷന് ഖോജ്ബീന്‍' എന്ന പേരില്‍ ഒരാഴ്ചയിലേറെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തെരച്ചില്‍ നടത്തി.
ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ ലക്ഷദ്വീപിന് സമീപത്തുനിന്ന് 1,526 കോടി രൂപ വിലയുള്ള 218 കിലോ ഹെറോയിൻ രണ്ട് ബോട്ടുകളിൽനിന്നായി പിടികൂടി. നാല് മലയാളികൾ ഉള്‍പ്പെടെ 20 പേരെ അറസ്റ്റ് ചെയ്തു.
2021 ഡിസംബറില്‍ ഗുജറാത്ത് തീരത്ത് പിടിയിലായ ആറു പേരിൽ കറാച്ചിയിലെ ഒരു മയക്കുമരുന്ന് മാഫിയാ നേതാവിന്റെ മകനും ഉള്‍പ്പെട്ടിരുന്നു. ഡിസംബര്‍ 19ന് ഗുജറാത്ത് തീരത്തുനിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ആറ് പേരില്‍ കറാച്ചിയിലെ മയക്കുമരുന്ന് കാര്‍ട്ടല്‍ രാജാവിന്റെ മകനും ഉണ്ടായിരുന്നു. ആ മയക്കുമരുന്ന് വേട്ടയിൽ 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിൻ ആണ് പിടികൂടിയത്.
പരോളിലിറങ്ങി ലഹരിപാര്‍ട്ടിക്ക്
മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്നവരിൽ കൊലക്കേസ് പ്രതികളും തടവുശിക്ഷ അനുഭവിക്കുന്നവരും യുവതികളും ആത്മീയതയുടെ കുപ്പായമണിഞ്ഞവരുമെല്ലാമുണ്ട്. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായവരിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ പരോളിലിറങ്ങിയ കിര്‍മാണി മനോജും ഉൾപ്പെട്ടിരുന്നു. ആകെ 16 പേരെയാണ് ഇവിടെനിന്നു പിടികൂടിയത്. ഇവരില്‍നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
എംഡിഎംഎയും കഞ്ചാവുമായി ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം പിടിയിലായ അഞ്ചംഗസംഘത്തിൽ ഒരു യുവതിയുമുണ്ടായിരുന്നു. ബംഗളൂരുവില്‍നിന്നാണ് സംഘം മയക്കുമരുന്ന് സംഘടിപ്പിച്ചത്. ആത്മീയതയുടെ മറവില്‍ ലഹരിവില്പന നടത്തുന്ന ആള് മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായത് പലരെയും അത്ഭുതപ്പെടുത്തുന്നതായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടി
ഞ്ഞിപ്പള്ളിക്കല് കോയക്കുട്ടി തങ്ങളാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് പിടിയിലായത്. 52 വയസായ ഇയാൾ ഇരിങ്ങാട്ടിരിയുള്ള വീട്ടില്‍ ആത്മീയ ചികിത്സ നടത്തിവരികയായിരുന്നു. ദിവസവും നിരവധി പേര് ഇയാളെ കാണാനും എത്തിയിരുന്നു.
പഞ്ചാബിന് തൊട്ടുപിന്നിൽ കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ കേരളം രണ്ടാമതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. അവിടെ 50 ശതമാനത്തിലധികം ചെറുപ്പക്കാര്‍ ലഹരിക്ക് അടിമയാണെന്ന് ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട ചെറുപ്പക്കാർ ലഹരിക്കടിമപ്പെട്ട് കഴിയുകയാണ്.
കേരളത്തിൽ മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടകേന്ദ്രമാണ് കൊച്ചി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലും മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. അടുത്തിടെ കണ്ണൂര്‍ ജില്ലയും ഈ പട്ടികയില്‍ ഇടം പിടിച്ചു.