ചന്ദ്രകലയെ തേടി അന്വേഷണസംഘം
Tuesday, August 23, 2022 12:27 PM IST
അന്വേഷണം തന്നിലേക്കു നീങ്ങുന്ന കാര്യം പക്ഷേ ചന്ദ്രകല അറിഞ്ഞിരുന്നില്ല. മൃതദേഹങ്ങള്‍ കണ്ടെത്തി കൃത്യം രണ്ടുമാസത്തിനപ്പുറം ഓഗസ്റ്റ് 6 നാണ് മാണ്ഡ്യയില്‍ നിന്നുള്ള പോലീസ് സംഘം ചന്ദ്രകലയെ അന്വേഷിച്ച് മൈസൂരുവിലെത്തിയത്. ചന്ദ്രകലയും ബംഗളൂരു പീനിയയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായ സിദ്ധലിംഗപ്പ എന്ന യുവാവുമാണ് മൈസൂരുവിലെ വാടകവീട്ടില്‍ ഉണ്ടായിരുന്നത്.
പോലീസ് സംഘത്തിന്റെ ചോദ്യംചെയ്യലിനു മുന്നില്‍ ഇരുവരും പകച്ചു. സിദ്ധമ്മ ചന്ദ്രകലയെയും തിരിച്ചും പലവട്ടം വിളിച്ചിരുന്നതിന്റെ രേഖകളും സിദ്ധമ്മയുടെ മൊബൈല്‍ അവസാനമായി ഉപയോഗിച്ച ലൊക്കേഷന്‍ ആ വാടകവീടിന്റെ പരിസരമാണെന്ന കാര്യവുമെല്ലാം പോലീസ് തെളിവുസഹിതം കാണിച്ചുകൊടുത്തപ്പോള്‍ സിദ്ധമ്മയെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന കാര്യം ഇരുവരും എളുപ്പത്തില്‍ സമ്മതിച്ചു.
കുറ്റം സമ്മതിച്ചു; എങ്കിലും...
കാഴ്ചയില്‍ വളരെ സാധാരണക്കാരായ ഈ യുവാവും യുവതിയും ചേര്‍ന്നാണ് ഒരാളെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് കനാലിനു സമീപം ഉപേക്ഷിച്ചതെന്ന കാര്യം പോലീസിനു പോലും അവിശ്വസനീയമായിരുന്നു. മറ്റാരെയെങ്കിലും രക്ഷിക്കുന്നതിനായി ഇവര്‍ ആദ്യമേ കുറ്റമേൽക്കുന്നതാണോ എന്ന സംശയം പോലും ഉണ്ടായി. സിദ്ധമ്മയെ കൊലപ്പെടുത്തിയത് നിങ്ങള്‍ തന്നെയാണെങ്കില്‍ സമാനരീതിയില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ ആരാണെന്ന ചോദ്യം തൊട്ടുപിന്നാലെ ഉയര്‍ന്നു.
പെട്ടെന്നാര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തൊരു കഥയായിരുന്നു അതിന് മറുപടിയായി ലഭിച്ചത്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ചന്ദ്രകലയെ നിര്‍ബന്ധപൂര്‍വം ലൈംഗിക തൊഴിലിലേക്ക് വലിച്ചിഴച്ചത് സിദ്ധമ്മയും മറ്റു ചിലരും ചേര്‍ന്നായിരുന്നു എന്നതായിരുന്നു കഥയുടെ പൊരുള്‍.
പിന്നീട് അതില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാതെയായി. ഒടുവില്‍ സിദ്ധലിംഗപ്പയെ പരിചയപ്പെട്ട് അയാളുടെ സഹായത്തോടെയാണ് ലൈംഗിക തൊഴിലില്‍ നിന്നും രക്ഷപ്പെട്ട് മൈസൂരുവിലേക്കു പോയി വാടകവീടെടുത്ത് താമസം തുടങ്ങിയത്. സിദ്ധലിംഗപ്പയും ചന്ദ്രകലയും വിവാഹിതരായിരുന്നില്ല.
ഈ തൊഴിലിലേക്ക് വലിച്ചിഴച്ചവര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും തനിക്ക് ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്നുമുള്ള വികാരമായിരുന്നു ചന്ദ്രകലയുടെ മനസിൽ.
ജീവിതം തകർത്തവരോടുള്ള പ്രതികാരം
തന്റെ ജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ സിദ്ധലിംഗപ്പയുടെ സഹായം തേടുകയായിരുന്നു. അങ്ങനെ ഓരോരുത്തരെയായി സ്നേഹം നടിച്ച് മൈസൂരുവിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി സിദ്ധലിംഗപ്പയുടെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് ഇരുവരും പോലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്കു മുമ്പ് ഇതേ രീതിയില്‍ മറ്റൊരു സ്ത്രീയെ കൂടു കൊലപ്പെടുത്തിയിരുന്നതായും ഇരുവരും വെളിപ്പെടുത്തി.
ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതിയും ബംഗളൂരു ആടുഗോഡി സ്വദേശിനി കുമുദയുമായിരുന്നു കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇതേ രീതിയില്‍ കൊലപ്പെടുത്തുന്നതിനായി മറ്റ് അഞ്ചുപേരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതില്‍ നാലാമത്തെ ആളിനെ വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം എത്തിയത്.
കഥ വിശ്വസിക്കാതെ അന്വേഷണസംഘം
എന്നാല്‍, ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടും ഈ കഥ അങ്ങനെയങ്ങ് വിശ്വസിക്കാന്‍ പോലീസോ നാട്ടുകാരോ തയാറായിട്ടില്ല. കൊല്ലപ്പെട്ട മൂന്നുപേരും ഹിറ്റ്ലിസ്റ്റില് ഉണ്ടായിരുന്ന മറ്റ് അഞ്ചുപേരും ലൈംഗിക തൊഴിലിനിടയില്‍ പല ഇടങ്ങളില്‍ നിന്നായി ചന്ദ്രകലയുമായി പരിചയപ്പെട്ടവരായിരുന്നു എന്നല്ലാതെ അവരെല്ലാം ചേര്‍ന്നാണ് ചന്ദ്രകലയെ ഈ തൊഴിലിലേക്ക് തള്ളിവിട്ടതെന്ന കഥ വിശ്വസനീയമല്ലെന്ന് എല്ലാവരും പറയുന്നു.
കൊല്ലപ്പെട്ടവരുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമെല്ലാം പ്രതികള്‍ മോഷ്ടിച്ചിരുന്നുവെന്നത് മറ്റൊരു വശം.
കാണാതായാലോ കൊല്ലപ്പെട്ടാലോ ആരും അന്വേഷിച്ചെത്തില്ലെന്ന് ഉറപ്പുള്ള ഏതാനും സ്ത്രീകളുടെ പട്ടിക തയാറാക്കി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ആസൂത്രിത കൊലപാതകങ്ങളും കവര്‍ച്ചയും നടത്തുകയായിരുന്നുവെന്നാണ് ബലമായ സംശയം.
പുറമേയ്ക്ക് ശാന്തസ്വഭാവമെന്ന് തോന്നിപ്പിക്കുന്ന സിദ്ധലിംഗപ്പയാണ് കൊലപാതകങ്ങള്‍ നടത്തിയതും മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് വഴിയിലുപേക്ഷിച്ചതെന്നും പറയുമ്പോള്‍ ഇയാള്‍ സയനൈഡ് മോഹനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സൈക്കോ സീരിയല്‍ കില്ലര്‍ തന്നെയാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഒരുപക്ഷേ ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ ആയിരിക്കാം ഇയാളുടെ ഉന്നം. ഈ രീതിയില്‍ പരിചയപ്പെട്ട ചന്ദ്രകലയോടു മാത്രം പ്രത്യേക ഇഷ്ടം തോന്നി കൂടെ താമസിപ്പിച്ചതാകാമെന്നും ഇതോടെ ഇയാള്‍ക്ക് ഇരകളെ കണ്ടെത്താന്‍ ചന്ദ്രകല സഹായിച്ചതാകാമെന്നും പോലീസ് കരുതുന്നു. ഒരുപക്ഷേ കണ്ടുപിടിക്കപ്പെടാതെ ദീര്‍ഘകാലം കഴിഞ്ഞിരുന്നുവെങ്കില്‍ ചന്ദ്രകലയേയും ഇയാള്‍ കൊലപ്പെടുത്തുമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.
കൂടുതൽ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് സംശയം
കൂടുതല്‍ കൊലപാതകങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ ചോദ്യംചെയ്യലിലും വിചാരണാവേളയിലും വ്യക്തമാകുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ടവരുടെ തല ഉള്‍പ്പെടെയുള്ള മറ്റു ശരീരഭാഗങ്ങള്‍ എവിടെയാണ് തള്ളിയതെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
ഓരോ ഭാഗങ്ങളായി ആരാലും അറിയപ്പെടാത്ത ഉള്‍പ്രദേശങ്ങളില്‍ കൊണ്ടുതള്ളിയാല്‍ ആരും ശ്രദ്ധിക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളായി തേഞ്ഞുമാഞ്ഞുപോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ആദ്യം കൊല്ലപ്പെട്ട കുമുദയുടെ മൃതദേഹത്തിന്റെ ഒരു ഭാഗവും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ബംഗളൂരുവിലെ സ്വകാര്യ നിര്‍മാണ കമ്പനിയില്‍ ജോലിചെയ്തിരുന്ന കാമനഗരം കുദൂര്‍ സ്വദേശിയായ സിദ്ധലിംഗപ്പയ്ക്ക് അവിടെ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൈസൂരുവില്‍ വാടകവീടെടുത്ത് അവിടെ ചന്ദ്രകലയെ താമസിപ്പിക്കുന്ന കാര്യം പോലും അവരാരും അറിഞ്ഞിരുന്നില്ല. "അന്യന്’ മാതൃകയില്‍ അവിടെ തികച്ചും ശാന്തസ്വഭാവിയായ തൊഴിലാളിയും കുടുംബനാഥനുമായിരുന്നു സിദ്ധലിംഗപ്പ.
ജോലിസംബന്ധമായ യാത്രകളുടെ പേരില്‍ വീട്ടില്‍ നിന്നിറങ്ങിയാണ് മൈസൂരുവിലെത്തുകയും കൊലപാതകങ്ങള്‍ നടത്തി മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്തിരുന്നത്. എന്തായാലും പ്രതികളെ പിടിക്കാനായതോടെ കൂടുതല്‍ കൊലപാതകങ്ങള്‍ ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്.
(അവസാനിച്ചു)