മാമാങ്കവും പിള്ളേരോണവും മാമാങ്കവും പിള്ളേരോണവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും പറയപ്പെടുന്നു. സാമൂതിരി രാജാവിന്റെ ഭരണകാലത്ത് തിരുനാവായയില്‍ ആണ് മാമാങ്കം അരങ്ങേറിയിരുന്നത്. കര്‍ക്കടക മാസത്തിലെ പിള്ളേരോണം മുതലായിരുന്നു മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. വലിയ ആഘോഷങ്ങളൊന്നും ഇല്ലെങ്കില്‍കൂടി ഓണത്തിന്റെ പ്രതീതിയില്‍ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിച്ചിരുന്നത്. ഓണത്തിനു നല്കുന്ന എല്ലാ പ്രാധാന്യവും പിള്ളേരോണത്തിനും നല്‍കിയിരുന്നു.
ആവണിയവിട്ടംകുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു . ഈ ദിവസമാണ് ആചാരവിധി പ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവത്സരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ.
തൃക്കാക്കരയപ്പനും പിള്ളേരോണവുംവാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയപ്പനെവച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.
തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു. തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് വലിയ ആഘോഷമായിരുന്നു.
പിള്ളയോണംദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്കുവേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം. പിള്ളയോണം എന്നും വിളിച്ചിരുന്ന ഈ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്.
പഞ്ഞം നിറഞ്ഞ ദിവസങ്ങളിലൊന്നിൽ (പിള്ളോരോണ ദിവസം) ഒട്ടിക്കിടന്ന വയറുകള്‍ ഒന്ന് ഉഷാറാകും. പിന്നെ ആ രുചി നാവിൻതുമ്പിൽനിന്നു ചോരാതെ കാത്തിരിക്കും; തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും. കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചൊല്ലുണ്ടായിരുന്നു അന്ന്.
ഓണം ആഷോഷിക്കാൻ കൈയിൽ പണമില്ലെങ്കിൽ വസ്തു വിറ്റും അത് ആഘോഷിക്കണമെന്നാണ് ഈ ചൊല്ലിനു പിന്നിൽ. അത്രയ്ക്ക് ആവേശത്തോടെയാണ് ഒരുകാലത്ത് മലയാളികൾ ഓണം ആഘോഷിച്ചിരുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള പിള്ളോരോണവും അങ്ങനെ തന്നെയാണ് മുതിർന്നവർ പിള്ളയോണവും ആഘോഷിച്ചിരുന്നത്.
കർക്കടക മാസത്തിലെ തിരുവോണ നാളിൽ പഴമക്കാർ കുട്ടികൾക്കായി അണിയിച്ചൊരുക്കിയതാണ് പിള്ളേരോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ അറിയിപ്പുമായി എത്തുന്ന പിള്ളേരോണം. കര്‍ക്കടകം തീരാറായി, കര്‍ക്കടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്.
ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്.സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഓണം ആഘോഷിക്കും. കാലം മാറി ഓണാഘോഷം ചടങ്ങായെങ്കിലും ഓണക്കാലം മലയാളിക്ക് ഗൃഹാതുരത്വമൂറുന്ന ഓര്‍മകളും അതു പകരുന്ന സന്തോഷവും ഒന്നു വേറെതന്നെയാണ്.
പ്രദീപ് ഗോപി