ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന ഭർത്താവ് നൽകിയ ഉപദേശം, സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുകഎന്നാണ്. അച്ഛന്റെയും ആഗ്രഹം അതുതന്നെയാണ്, കിട്ടിയില്ലെങ്കിൽ അടുത്ത തവണ പിജിക്കു ചേരാം. കൂട്ടുകാരന്റെ ആ വാക്കുകൾ, ഭാര്യയിലെ ഒരു സ്വപ്നത്തെ തട്ടിയുണർത്തുകയായിരുന്നു...

കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായിരുന്നു രേണുവും ഭഗത്തും. രേണു ചങ്ങനാശേരി മലകുന്നം തുരുത്തി ശ്രീശൈലത്തിൽ എം.കെ രാജകുമാരൻ നായരുടെയും വി.എൻ ലതയുടെയും മകൾ. ഭഗത് കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് ലതാലയത്തിൽ കെ.ടി സതീഷ്കുമാറിന്റെയും ശ്രീദേവിയമ്മയുടെയും മകൻ. മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്കുകൾ കരസ്‌ഥമാക്കിയാണ് രണ്ടു പേരും കോട്ടയം മെഡിക്കൽ കോളജിലേക്ക് എംബിബിഎസ് പഠനത്തിനായി എത്തിയത്. മൂന്നു വയസു മുതൽ 15 വയസുവരെ നൃത്തം അഭ്യസിച്ചിട്ടുള്ള രേണു കോളജിലെ നൃത്തവേദികളിൽ തിളങ്ങി. കഥാ കവിതാ രചനയും സാഹിത്യവായനയുമുൾപ്പെടെയുള്ള കലാപരിപാടികൾ വേറെ. ഭഗത്തിന് കൂടുതലിഷ്‌ടം പാട്ടുകളോടായിരുന്നു.

ഉയർന്ന മാർക്കു നേടിതന്നെ രണ്ടു പേരും കോഴ്സ് പൂർത്തിയാക്കി. 2013 ജനുവരിയിൽ ഹൗസ്സർജൻസിയും പൂർത്തിയാക്കി. ഇതിനിടയിൽ അവരുടെ സൗഹൃദം ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹമായി വളർന്നു. ഇത് ഇരുവരും വീട്ടുകാരെ അറിയിച്ചപ്പോൾ രേണുവിന്റെ അച്ഛൻ ഭഗത്തിന്റെയും വീട്ടുകാരുടെയും മുന്നിൽ വച്ചത് ഒരേയൊരു ഡിമാൻഡ് മാത്രമാണ്. വിവാഹത്തിനുശേഷം മകളെ സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കാൻ അയയ്ക്കണം. മകളെ സിവിൽ സർവീസുകാരിയാക്കുക എന്നതായിരുന്നു പിതാവായ രാജകുമാരൻ നായരുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിനു മകളുടെ പ്രായത്തോളം പഴക്കമുണ്ടായിരുന്നു. 25 വർഷം. രേണുവിനു സമ്മതമെങ്കിൽ തനിക്കും നൂറുവട്ടം സമ്മതമെന്നു ഭഗത്. പയ്യന്റെ വീട്ടുകാർക്കും അതിൽ കൂടുതലൊന്നും പറയാനില്ലായിരുന്നു. അങ്ങനെ 2013 മേയ് മാസത്തിൽ അവർ വിവാഹിതരായി.

വിവാഹത്തിനുശേഷം അധികം വൈകാതെ രേണുവിന് കൊല്ലത്തെ ഇഎസ്ഐ ആശുപത്രിയിൽ ജോലി കിട്ടി. മെഡിക്കൽ പ്രഫഷനെ രേണു സ്നേഹിച്ചു തുടങ്ങിയിരുന്നു. സാധാരണക്കാരായ രോഗികളെ സഹായിക്കാൻ കഴിയുന്നതിൽ തികഞ്ഞ സംതൃപ്തിയും. ഈ ജോലിയായാലും മതിയെന്ന മനോഭാവമായിരുന്നു രേണുവിന്. പക്ഷേ ഭഗത്ത് സമ്മതിച്ചില്ല...

അങ്ങനെ മെഡിക്കൽ പിജി പഠനത്തിനായി ഭഗത് മംഗലാപുരത്തേക്കും സിവിൽ സർവീസ് പഠനത്തിനായി രേണു തിരുവനന്തപുരത്തേക്കും തീവണ്ടി കയറി.

വർഷം ഒന്നുകഴിഞ്ഞപ്പോൾ ഭഗത്തിന്റെ മൊബൈൽ ഫോണിലേക്കു ഭാര്യയുടെ സന്ദേശമെത്തി. സിവിൽ സർവീസ് പരീക്ഷയിൽ രേണുവിന് രണ്ടാം റാങ്ക്.

<യ> ആത്മവിശ്വാസം അമൃതാണ്

തുടർച്ചയായി പരിശ്രമിക്കാനുള്ള മനസിനൊപ്പം ഏറ്റവും ത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. പഠനത്തിന്റെ ഒരു ഘട്ടത്തിലും സമ്മർദങ്ങൾക്കു കീഴ്പെടരുത്. സിവിൽ സർവീസ് പരീക്ഷപോലെ ഇത്രയും പേർ എഴുതുന്ന ഒരു പരീക്ഷയ്ക്കായി തയാറെടുക്കുമ്പോൾ സമ്മർദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടെങ്കിൽ ഇതിനെ മറികടക്കാം. നമ്മുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്; മറ്റുള്ളവരോട് മത്സരിക്കുകയല്ല. ഇത്തരം ഒരു മനോഭാവം ആദ്യം മുതൽ വളർത്തിയെടുക്കുക.

പ്രിലിമിനറി മുതൽ പേഴ്സണാലിറ്റി ടെസ്റ്റു വരെ ഏകദേശം ഒരു വർഷം നീളുന്ന പരീക്ഷയാണിത്. അതുകൊണ്ടു തന്നെ ഇടയ്ക്ക് ഡിപ്രസ്ഡാകാനും പിറകോട്ടു പോകാനുമുള്ള സാഹചര്യം വളരെയേറെയാണ്. എന്നാൽ തീവ്രമായ ആഗ്രഹത്തിന്റെ അടിസ്‌ഥാനത്തിൽ പഠിക്കുമ്പോൾ അതിൽ ഉറച്ചു നിൽക്കേണ്ടത് ആവശ്യമാണെന്ന തോന്നൽ നമുക്ക് ഉണ്ടാകും. ഒരു സിവിൽ സേർവന്റ് ആയാലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വബോധം അതിനു തയാറെടുക്കുമ്പോൾ നമ്മളിൽ ഡവലപ് ചെയ്തു വരും എന്നതാണ് മറ്റൊരു കാര്യം.

പിന്നെ സിവിൽസർവീസ് ഒരു ബാലികേറാമലയാണെന്ന വിചാരം ആദ്യമേതന്നെ ഉപേക്ഷിക്കുക. ഒന്നോ രണ്ടോ വർഷത്തെ കഠിനാധ്വാനം ഉണ്ടെങ്കിൽ ഏതു സാധാരണ വിദ്യാർഥിക്കും ഇതു നേടിയെടുക്കാമെന്നാണ് എന്റെ അനുഭവം.

<യ>സ്വപ്നം കണ്ടത് അച്ഛനാണ്

സ്കൂൾകാലം മുതൽ സിവിൽ സർവീസ് എന്ന ഫോക്കസോടുകൂടി പോകുന്നത് നല്ലതാണ്. നിർഭാഗ്യവശാൽ കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികളിൽ പലരും ഡിഗ്രി പഠനം കഴിഞ്ഞ ശേഷമായിരിക്കും സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കൂടുതൽ മനസിലാക്കുന്നതുതന്നെ. ഇക്കാര്യത്തിൽ എനിക്ക് അനുഗ്രഹമായത് അച്ഛനാണ്. എന്നെ സിവിൽ സർവീസുകാരിയാക്കുക എന്നതായിരുന്നു അച്ഛന്റെ ജീവിതാഭിലാഷം തന്നെ. പക്ഷേ കുട്ടിക്കാലത്ത് ആ പരീക്ഷയെക്കുറിച്ച് അത്ര വിശദമായി അച്ഛൻ പറഞ്ഞിരുന്നില്ല. പറഞ്ഞാൽ ഒരു പക്ഷേ എനിക്കു മനസിലാകണമെന്നുമില്ല. മോൾ പഠിച്ചു മിടുക്കിയായി കളക്ടറാകണമെന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്. അത്തരമൊരു മോഹം എന്നിൽ വളർത്താനും അച്ഛൻ വേണ്ടതു ചെയ്തിരുന്നു. ചങ്ങനാശേരിയിലെ ഒരു നാട്ടിൻപുറത്താണ് ഞങ്ങളുടെ വീട്. അവിടങ്ങളിൽ വല്ലപ്പോഴും നടക്കുന്ന പൊതുപരിപാടികളിൽ ചിലതിൽ ജില്ലാ കളക്ടറും മറ്റുദ്യോഗസ്‌ഥരുമൊക്കെ പങ്കെടുക്കുന്നുണ്ടാകും. അവിടെയൊക്കെ സ്കൂൾകുട്ടിയായ എന്നെ അച്ഛൻ കൊണ്ടുപോയിരുന്നു. പിന്നെ അവരെക്കുറിച്ചൊക്കെ പറഞ്ഞുതരും.

വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽനിന്നു പത്താം റാങ്കോടെയാണ് എസ്എസ്എൽസി പാസായത്. ഇക്കാലത്തൊക്കെ ക്ലാസിൽ ടീച്ചർ, വളരുമ്പോൾ ആരാകണമെന്നു ചോദിക്കുമ്പോൾ കളക്ടറാകണമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ അതിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ലായിരുന്നു. പത്തു കഴിഞ്ഞ് തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലാണ് പ്ലസ്ടുവിനു ചേർന്നത്. പ്ലസ്ടുവിനൊപ്പം എൻട്രൻസ് പരിശീലനവും നടത്തിയിരുന്നു. ഇതിനായി കുടുംബം തൃശൂരിലേക്കു താമസം മാറ്റി. ഇതും അച്ഛന്റെ നിർബന്ധമായിരുന്നു.


കളക്ടറാകണമെന്നു പറയുമ്പോഴും പ്ലസ്ടുവിനു ശേഷം എൻട്രൻസ് എഴുതി മെഡിസിനു ചേരാൻ പ്രേരിപ്പിച്ചതും അച്ഛനാണ്. അത് എന്തിനാണെന്ന് എനിക്ക് പിന്നീട് മനസിലായി. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. മൂത്ത കുട്ടിയായ ഞാൻ എത്രയും പെട്ടെന്നു പഠിച്ച് ഒരു സ്‌ഥിരവരുമാനമുള്ള ജോലിയിൽ പ്രവേശിക്കേണ്ടത് കുടുംബത്തിന്റെ ആവശ്യമായിരുന്നു. മാത്രവുമല്ല സിവിൽസർവീസ് എന്നത് അധികമാർക്കും കിട്ടുന്ന ഒന്നല്ലെന്നും അതിന് ഒരുപാടു കടമ്പകൾ കടക്കണമെന്ന ബോധ്യവും അച്ഛനുണ്ടായിരുന്നു. എൻട്രൻസിന് 60–ാം റാങ്കു കിട്ടി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം നേടി. അപ്പോഴും അച്ഛൻ സിവിൽ സർവീസ് സ്വപ്നം വിട്ടിരുന്നില്ല. അച്ഛൻ പറഞ്ഞു പറഞ്ഞ് ആ സ്വപ്നം എന്റെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അങ്ങനെ മെഡിക്കൽകോളജ് പഠനകാലത്ത് ഞാൻ പരീക്ഷയെക്കുറിച്ചു കൂടുതൽ മനസിലാക്കി. എന്റെ കാര്യത്തിൽ യഥാർഥത്തിൽ സ്വപ്നം കണ്ടതു മുഴുവൻ അച്ഛനാണ്. അച്ഛന്റെ ആഗ്രഹമല്ലേ ശ്രമിച്ചുനോക്കാം എന്ന ഭാവമായിരുന്നു എനിക്ക്.

<യ>ഭഗത് നൽകിയ പിന്തുണ

വിവാഹശേഷം സാധാരണ പെൺകുട്ടികളെപ്പോലെതന്നെ ഞാനും എന്റെ വിഷയത്തിലും ജോലിയിലേക്കും ഒതുങ്ങിക്കൂടാൻ തുടങ്ങിയിരുന്നു. പക്ഷേ ഭഗത് സമ്മതിച്ചില്ല. അച്ഛനെപ്പോലെതന്നെ ഇക്കാര്യം എന്നോടു നിരന്തരം പറയുമായിരുന്നു. നീ പഠിക്കാൻ പോയില്ലെങ്കിൽ അച്ഛൻ എന്നോടാകും പിണങ്ങുക എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും വിചാരിച്ചു, ഒരു കൈ നോക്കിക്കളയാമെന്ന്.

<യ>പഠനം

തിരുവനന്തപുരത്തെത്തി ആദ്യം കുറച്ചുകാലം ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. മലയാളമാണ് ഐച്ഛിക വിഷയമായി എടുത്തത്. ലൂർദ് കാമ്പസിൽ പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മലയാള പഠനം. പിന്നെ അമ്മയും മലയാള പഠനത്തിനായി സഹായിച്ചു. കോളജിൽ അമ്മയുടെ വിഷയം മലയാളമായിരുന്നു. ഇതിനു പുറമെ വൈലോപ്പിള്ളി സംസ്കൃതി‘ഭവനിലെ സി.കെ രാമകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി മലയാളം ഐച്ഛികമായി തെരഞ്ഞെടുത്ത എനിക്ക് വളരെയേറെ സഹായകരമായിരുന്നു.

ഇതിനുപുറമേ എൻഎസ്എസിന്റെ സിവിൽ സർവീസ് അക്കാദമി, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി എന്നിവിടങ്ങളിലും ക്ലാസിനു പോയി. ക്ലാസിനു പോകാനും വരാനും മറ്റും ഇക്കാലത്ത് വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നെ ഹോസ്റ്റലിലെ മോശം ഭക്ഷണം. എന്റെ കഷ്‌ടപ്പാടുകൾ അറിഞ്ഞ് അച്ഛൻ അമ്മയെയും കൂട്ടി തിരുവനന്തപുരത്തെത്തി. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിനു സമീപത്ത് വാടകവീടെടുത്ത് താമസമാക്കി. ജോലിയിൽ നിന്നു വിരമിച്ചതിനാൽ അച്ഛൻ പൂർണമായും തിരക്കുകളിൽ നിന്നും മോചിതനായിരുന്നു. 2012–ലാണ് അച്ഛൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ചത്. അമ്മ വി.എൻ. ലത വീട്ടമ്മയാണ്. ആകെയുണ്ടായിരുന്ന ഒരു പ്രശ്നം അനുജത്തിയുടെ വീട്ടിലേക്കുള്ള വരവായിരുന്നു. അനുജത്തി രമ്യാ രാജ് എറണാകുളം മെഡിക്കൽകോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. എന്റെ പഠനം മുടങ്ങുമെന്നു കണ്ട് അവൾ ഒരുവർഷം വീട്ടിലേക്കു വരാതെ, ഹോസ്റ്റലിൽതന്നെ തങ്ങി.

കൊല്ലത്തെ ഇഎസ്ഐ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു ആദ്യകാലത്ത് പഠനം നടത്തിയിരുന്നത്. എന്നാൽ പ്രിലിമിനറി മുതൽ മെയിൻ പരീക്ഷ കഴിയുന്നതുവരെ ജോലിക്കു പോയില്ല. സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുമ്പോൾ ദിവസവും പത്തു മണിക്കൂർ പഠിക്കണമെന്ന നിർബന്ധമൊന്നുമില്ല. പഠിക്കുന്ന സമയത്ത് നല്ലതുപോലെ പഠിച്ചാൽ മതി. ഞാൻ തുടർച്ചയായി ഒരുപാടു നേരം ഇരുന്നു പഠിച്ചിരുന്നില്ല. രാത്രി എട്ടു മുതൽ 12 വരെ പഠിക്കും. പകൽ സമയത്ത് അധികം പഠിക്കാറില്ല. രാവിലെ എണീറ്റു പഠിക്കുന്ന ശീലം തീരെയില്ല. പിന്നെ പഠനത്തിനായി ഓരോരുത്തർക്കും താൽപര്യമുള്ള സമയം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഇന്ന് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നവർക്കായി ഇന്റർനെറ്റ് ഉണ്ടെന്നതും വലിയൊരു ഭാഗ്യമാണ്.

<യ>പരീക്ഷ

പ്രിലിമിനറി പരീക്ഷയിൽ നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു. അതിനാൽ മെയിൻ പരീക്ഷയ്ക്കുള്ള ലിസ്റ്റിൽ ഇടം നേടുമെന്ന് അറിയാമായിരുന്നു. വിഷയവും ജനറൽ സ്റ്റഡീസും മറ്റും നന്നായിതന്നെ പഠിച്ചു. ഒന്നിലേറെ തവണ റിവിഷൻ നടത്തി. മെയിൻ പരീക്ഷയും നന്നായി എഴുതാൻ കഴിഞ്ഞു. പിന്നെയുള്ളത് ഇന്റർവ്യൂ ആയിരുന്നു. ഇതിനായി തലസ്‌ഥാനത്ത് സർക്കാർ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്‌ഥാപനങ്ങൾ നടത്തുന്ന മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അത് ഇന്റർവ്യൂവിനെക്കുറിച്ചുള്ള ഒരു ഐഡിയ ഉണ്ടാക്കിത്തന്നു. പിന്നെ സിവിൽസർവീസ് പരീക്ഷയുടെ ഇന്റർവ്യൂ എന്നു പറഞ്ഞാൽ ഒരു പഴ്സണാലിറ്റി ടെസ്റ്റാണ്. നമ്മുടെ അറിവ് എത്രത്തോളമുണ്ടെന്ന് അളക്കലല്ല അതിന്റെ ലക്ഷ്യം. രണ്ടു പരീക്ഷകൾകൊണ്ട് നമ്മുടെ അറിവിനെ അവർ അളന്നു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്റർവ്യൂവിനുവേണ്ടി ധാരാളം പഠിക്കുകയല്ല വേണ്ടത്. മറിച്ചു നമ്മുടെ സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുവച്ചു ചുറ്റുംപാടും എന്തു സംഭവിക്കുന്നുവെന്നു മനസിലാക്കുകയാണ് സിവിൽ സർവീസിലെ പ്രധാനപ്പെട്ട കാര്യം.

<യ>സന്ദേശം

വിവാഹം കഴിഞ്ഞും പെൺകുട്ടികൾക്കു പഠിക്കാനും വിജയിക്കാനും കഴിയും. അതിനുള്ള ആത്മവിശ്വാസമാണ് വേണ്ടത്. ഇത്തരം ശ്രമങ്ങളിൽ അവർക്ക് പൂർണ പിന്തുണ നൽകേണ്ടത് കുടുംബമാണ്. എന്റെ വിജയം എന്റെ കുടുംബത്തിന്റെ വിജയമാണ്. എല്ലാ മതാപിതാക്കൾക്കും ഇതൊരു പ്രചോദനമാകണമെന്നാണ് ഞാൻ ആശിക്കുന്നത്.

<യ> ഡി. ദിലീപ്