സ്ത്രീവന്ധ്യതയുടെ കാരണങ്ങൾ?
? ഡോക്ടർ, ഞാൻ 33 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി. ഇതുവരെയും കുട്ടികളായിട്ടില്ല. ഇതുവരെയും വന്ധ്യതാ ചികിത്സ എടുത്തിട്ടില്ല. സ്ത്രീവന്ധ്യതയുടെ കാരണങ്ങൾ എന്തെല്ലാമാണ്.

= സ്ത്രീവന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ട്. ജന്മനാ ഉള്ള ശാരീരിക വൈകല്യങ്ങൾ മുതൽ ആർത്തവ ക്രമക്കേടുകളും അണ്ഡോല്പാദന വൈകല്യങ്ങളും ഇതിൽപെടും.

അണ്ഡാശയത്തിലും ഗർഭപാത്രത്തിലുമുള്ള മുഴകൾ മറ്റൊരു കാരണമാണ്. ഫൈബ്രോയിഡുകൾ എന്നറിയപ്പെടുന്ന ഇത്തരം മുഴകൾ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത്തരം മുഴകൾ അണ്ഡാശയവും ഫെല്ലോപിയൻ ട്യൂബുകളും തമ്മിലുള്ള ബന്ധം തടസപ്പെടുത്തുകയും ഗർഭസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. സാധാരണ യൂട്രസിന്റെ ഉള്ളിൽ കാണപ്പെടുന്ന Endometrium എന്ന ആവരണം ചിലപ്പോൾ യൂട്രസിന്റെ പുറത്തു കാണപ്പെടുന്നു. ഇതിന് Endometriosis എന്നു പറയുന്നു. ഇതും സ്ത്രീവന്ധ്യതയ്ക്ക് കാരണമാകുന്നു.


ഫെല്ലോപിയൻ ട്യൂബുകൾ അടഞ്ഞുപോയാലും ഗർഭധാരണ സാധ്യതകൾ കുറയും. അണ്ഡത്തെ ഓവറിയിൽ നിന്നും ഫെല്ലോപിയൻ ട്യൂബിലെത്തിക്കുന്നത് ഫിബ്രിയ എന്ന പേരുള്ള ചില തന്തുക്കളാണ്. ഇവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലും ഗർഭം ധരിക്കാനാവില്ല.

യോനീസ്രവത്തിന്റെ അളവ് തീരെ കുറയുന്നതും യോനിയിലെ അണുബാധയും ഗർഭധാരണം തടയും. ഇത് ബീജങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുക.