ആർത്തവസമയത്ത് അതികഠിനമായ വയറുവേദന
? ഡോക്ടർ, ഞാൻ 36 വയസുള്ള യുവതിയാണ്. ആറു വയസുള്ള കുട്ടിയുണ്ട്. ആർത്തവസമയത്ത് അതികഠിനമായ വയറുവേദനയും അമിതമായ രക്‌തസ്രാവവും ഉണ്ട്. മൂന്നുമാസമായി ഇതു തുടങ്ങിയിട്ട്. ചികിത്സ തേടിയിട്ടില്ല. ഇതു ഗുരുതരമായ രോഗലക്ഷണമാണോ.

= ആർത്തവ സമയത്ത് അനുഭവപ്പെടുന്ന വയറുവേദനയും രക്‌തസ്രാവവും ഗർഭാശയമുഴയുടെ ലക്ഷണമാവാം. മൂത്രതടസം, മലവിസർജനത്തിന് തടസം, സ്‌ഥിരമായി അടിവയർ വേദന, കനം തോന്നൽ എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഗർഭാശയമുഴയാണെന്ന് സംശയിക്കാം. യൂട്രസ് സൗണ്ട് പരിശോധനയിലൂടെ ഇത് എളുപ്പം കണ്ടുപിടിക്കാം.

ഗർഭാശയ അറയുടെ ഉള്ളിലേക്ക് തള്ളിനിൽക്കുന്ന മുഴകൾ ആണെങ്കിൽ ക്രമം തെറ്റിയുള്ള രക്‌തസ്രാവത്തിനു കാരണമാകുന്നു. ഇവ ഒന്നോ അധികമോ ഉണ്ടാവാം. ഗർഭപാത്രത്തിൽ മാംസപേശിയിലും പുറംഭാഗത്തും ഉള്ളിലെ അറയിലും ഉണ്ടാകാം.

സ്ത്രീഹോർമോൺ ആയ ഈസ്ട്രജൻ അധികമുള്ള സ്ത്രീകളിൽ അതായത് പ്രസവിക്കാത്ത സ്ത്രീകൾ, പിഡിഒഡി അസുഖമുള്ള സ്ത്രീകൾ എന്നിവരിൽ ഇത്തരം മുഴകൾ അധികമായി കാണപ്പെടുന്നു. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടുക.

PCOS ഉള്ള സ്ത്രീകളിൽ ഹോർമോണുകളുടെ അസന്തുലിതാവസ്‌ഥമൂലം അണ്ഡോൽപാദനം ശരിയായി നടക്കാതെ വരുന്നു. ഇതുകാരണം 28 ദിവസത്തിൽ ഒരിക്കൽ നടക്കുന്ന ആർത്തവം രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ നടക്കുന്നു. അണ്ഡോൽപാദനം കൃത്യമായി നടക്കാത്തതിനാൽ ഗർഭം ധരിക്കാൻ പ്രയാസം നേരിടുന്നു. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതുകൊണ്ടും ഗ്ലൂക്കോസിനെ കൃത്യമായി കൈകാര്യം ചെയ്യുന്ന ഇൻസുലിൻ എന്ന ഹോർമോൺ ശരിക്കു പ്രവർത്തിക്കാത്തതുകൊണ്ടും ശരീരഭാരം കൂടുന്നു. ഇതേ കാരണത്താൽ ഭാവിയിൽ പല സ്ത്രീകൾക്കും പ്രമേഹം ഉണ്ടാകുന്നു.

പുരുഷ ഹോർമോണുകളുടെ അളവ് സ്ത്രീശരീരത്തിൽ ഏറുന്നതിനാൽ മുഖത്തും ശരീരത്തിലും രോമവളർച്ച കൂടുന്നു.

മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമായും തേടുക.