സ്തനത്തിൽ മുഴ
സ്തനത്തിൽ മുഴ
? ഞാൻ 22 വയസുള്ള യുവതിയാണ്. സ്തനത്തിലെ മുഴയാണ് എന്റെ പ്രശ്നം. പുളിങ്കുരുവിന്റെ വലിപ്പത്തിലുള്ള മുഴ വലുതാകുന്നില്ല. അർബുദം ഇങ്ങനെയാണ് തുടങ്ങുന്നതെന്നു പറയുന്നത് ശരിയാണോ

യുവതികളിൽ കാണപ്പെടുന്ന കട്ടിയുള്ള മുഴ(ഫൈബ്രോ അഡിനോമ)യാണ് നിങ്ങളുടെ പ്രശ്നമെന്നു കരുതാം. ഇവയ്ക്ക് ഒരു നാരങ്ങയോളം വലിപ്പം വരെ ഉണ്ടാകാം. സ്തനത്തിന്റെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേയ്ക്കും മുഴ നീക്കാൻ സാധിക്കും. ആറുമാസം നിരീക്ഷിച്ചതിനു ശേഷമേ മുഴ നീക്കം ചെയ്യണമോയെന്നു തീരുമാനിക്കേണ്ടതുള്ളൂ. ഏകദേശം 30 ശതമാനം ഫൈബ്രോ അഡിനോമയും വലിപ്പം കുറഞ്ഞു പൊയ്ക്കോളും. ചിലതിനു വലിപ്പം കൂടി വരും. മൂന്നു സെന്റിമീറ്ററിലധികം വലിപ്പമുള്ളവ നീക്കം ചെയ്യുന്നതാണ് നല്ലത്.


വേദനയില്ലാത്ത വളരെ ലളിതമായ ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കം ചെയ്യാം. സ്തനത്തിന്റെ രൂപഭംഗിക്കും കോട്ടമുണ്ടാകില്ല എന്നു മാത്രമല്ല, ശസ്ത്രക്രിയയുടെ അടയാളം പോലും ശേഷിക്കില്ല. ശസ്ത്രക്രിയയിലൂടെ ഫൈബ്രോ അഡിനോമ പൂർണമായും ഭേദമാകും. ഒരു മുഴ വന്നാൽ ഉടനെ അർബുദമാണെന്നു തെറ്റിദ്ധരിക്കരുത്. വിദഗ്ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.
മാമോഗ്രഫി എന്ന എക്സറേ പരിശോധനയിലൂടെ അർബുദമില്ലെന്ന് ഉറപ്പിക്കാം.