താടിരോമം വളരുന്നു
? ഞാൻ പതിനാറു വയസുള്ള പ്ലസ്വൺ വിദ്യാർഥിനിയാണ്. താടിയിൽ രോമം കിളിർക്കുന്നതാണ് എന്റെ പ്രശ്നം. മൂന്നോ നാലോ രോമങ്ങൾ കുറച്ചുനീളത്തിൽ വളർന്നുനിൽക്കുന്നു. തെഡ്രിംഗ് ആണു ചെയ്യുന്നത്. എന്നിട്ടും രണ്ടാഴ്ച കഴിയുമ്പോൾ രോമം വളരും. ഹോർമോൺ തകരാറാണോ ഇതിനു കാരണം? ദയവായി ഇതിനൊരു മറുപടി തരണം.

പലർക്കും പാരമ്പര്യമായി കുറച്ചു രോമവളർച്ച കുടുതലായി കാണാം. താടിയിൽ മൂന്നോ നാലോ രോമങ്ങൾ മാത്രം ഉള്ളതുകൊണ്ട് ഇതും അപ്രകാരമായിരിക്കും. എങ്കിൽ ഒരു ബ്യൂട്ടിക്ലിനിക്കിൽ പോയി രോമം കളയാനുള്ള വഴിനോക്കുക. ഇക്കാലത്ത് ഈ പ്രായത്തിലുള്ള ധാരാളം കുട്ടികൾക്കു ഹോർമോൺ സംബന്ധമായ രോമവളർച്ച കാണാറുണ്ട്. മുഖത്തും താടിയുടെ അടിയിലും കൈകളിലും കാലുകളിലും വയറിലും നെഞ്ചിലും ധാരാളം രോമം ഉണ്ടാവുന്നു. ഇതോടുകൂടി ആർത്തവചക്രത്തിലുള്ള വ്യത്യാസങ്ങൾ, കൂടുതൽ വണ്ണംവയ്ക്കുന്നതിനുള്ള പ്രവണത എന്നിവയും ഹോർമോണിന്റെ അളവിലുള്ള വ്യത്യാസം മൂലം ഉണ്ടാവാം. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നാണ് ഇതിനെ സാധാരണയായി പറയുന്നത്. മേൽപ്പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകളും നിർദേശങ്ങളും സ്വീകരിക്കണം.