ഓവുലേഷന്‍ സമയത്ത് അതിശക്തമായ വേദന
ഓവുലേഷന്‍ സമയത്ത് അതിശക്തമായ വേദന
ഞാന്‍ 24 വയസുള്ള പിജി വിദ്യാര്‍ഥിനിയാണ്. ഓവുലേഷന്‍ സമയത്ത് അതിശക്തമായ വേദനയാണ്. നടക്കാനും കഴിയില്ല. മനംപിരട്ടലും ക്ഷീണവും ഉണ്ടാകാറുണ്ട്. ഇതുമൂലം ഞാന്‍ വളരെയധികം മാനസികപ്രയാസം അനുഭവിക്കുന്നു. ഓവുലേഷന്‍ വേദന കുറയ്ക്കാന്‍ മരുന്നുണ്ടോ?'
അനിത വിശ്വനാഥന്‍, കൊല്ലം

= അണ്ഡവിസര്‍ജനം (ഓവുലേഷന്‍) നടക്കുമ്പോള്‍ പലര്‍ക്കും വിഷമങ്ങളൊന്നും ഉണ്ടാകാറില്ല. അതിനാല്‍ ഓവുലേഷന്‍ നടക്കുന്നുണ്ടോ എന്നറിയാനുള്ള ടെസ്റ്റുകള്‍ പലപ്പോഴും ചെയ്യേണ്ടി വരും. ചിലര്‍ക്ക് ആ സമയത്ത് വയറു വേദനയും ചെറിയ രീതിയിലുള്ള രക്തം പോക്കും, അതു കഴിഞ്ഞാല്‍ അടുത്ത ആര്‍ത്തവം വരെ ദേഹത്തു നീരു വന്നതു പോലെ കനവും തോന്നാം. ആ സമയത്ത് ഒന്നോ രണ്ടോ കിലോ തൂക്കം കൂടുന്നവരും ഉണ്ട്. ആര്‍ത്തവം തുടങ്ങുന്നതോടു കൂടി ഈ വിഷമങ്ങളെല്ലാം മാറും.


ഈ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമാണ് ഇതെല്ലാം. അതുകൊണ്ട് ആ സമയം വേദനസംഹാരി ഗുളികകള്‍ കഴിക്കാം. പാരസെറ്റമോള്‍, ബസ്‌കോപാന്‍ മുതലായ വേദനസംഹാരികളുണ്ട്. ദിവസം ഒന്നോ, രണ്ടോ മൂന്നോ ഗുളികകള്‍ വേദനയുടെ കാഠിന്യം പോലെ കഴിക്കാം. ആഹാരം കഴിച്ചിട്ടു മാത്രം ഈ ഗുളിക കഴിക്കുക.