വിളർച്ച തടയാൻ മാമ്പഴം
വിളർച്ച തടയാൻ മാമ്പഴം
അമിനോ ആസിഡ്, വിറ്റാമിൻ സി, ഇ, ഫ്ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ, നിയാസിൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയ ഫലം.

മാമ്പഴത്തിലെ എൻസൈമുകൾ ദഹനത്തിനു സഹായകം. പ്രോട്ടീൻ വിഘടിപ്പിക്കുന്നതിന് ഈ എൻസൈമുകൾ ഗുണപ്രദം. ശരീരത്തിലെ അധിക കലോറി ഊർജം കുറയ്ക്കുന്നതിനു മാന്പഴത്തിലെ നാരുകൾ സഹായകം. ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. ദിവസവും മാന്പഴം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. മാന്പഴം ചർമാരോഗ്യത്തിന് ഉത്തമം. ചർമരോഗങ്ങളെ പ്രതിരോധിക്കുന്നു. ചർമത്തിൻറെ തിളക്കം കൂട്ടുന്നു. മൃദുലത നല്കുന്നു.

വിവിധതരം കാൻസറുകൾ തടയുന്നതിനു മാന്പഴത്തിലുളള ആൻറി ഓക്സിഡൻറുകൾ സഹായകമെന്നു ഗവേഷകർ. മാന്പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാര് അന്നനാളത്തിലുണ്ടാകുന്ന കാൻസർ തടയുന്നതായി പഠനങ്ങൾ. ക്വെർസെറ്റിൻ, ഐസോക്വെർസിട്രിൻ, ആസ്ട്രാഗാലിൻ, ഫൈസെറ്റിൻ, ഗാലിക് ആസിഡ്, മീഥൈൽഗാലറ്റ് തുടങ്ങിയ ആൻറി ഓക്സിഡൻറുകളും മാന്പഴത്തിലുണ്ട്. ഇവ കുടൽ, സ്തനം, രക്‌തം, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്കെതിരേ ശരീരത്തിനു കവചമായി നിലകൊളളുന്നു.മാന്പഴത്തിലെ വിറ്റാമിൻ സിയും കാൻസർ തടയുന്നതിനു സഹായകം.

മാമ്പഴത്തിലടങ്ങിയ വിറ്റാമിൻ സി, പെക്റ്റിൻ, നാരുകൾ എന്നിവ സെറം കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം. മാന്പഴത്തിലെ വിറ്റാമിൻ എ കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിന് ഉത്തമം. നിശാന്ധത, ജലാംശം കുറയുന്ന അവസ്‌ഥ, ചൊറിച്ചിൽ തുടങ്ങി കണ്ണിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. മാന്പഴത്തിലെ വിറ്റാമിൻ ഇ ലൈംഗികാരോഗ്യത്തിനു സഹായകം.

മാമ്പഴത്തിലെ വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണത്തിനു സഹായകമായി പ്രവർത്തിക്കുന്നു. വിളർച്ച തടയുന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം. മാന്പഴത്തിലെ ഗ്ലൂാമൈൻ ആസിഡ് ഓർമശക്‌തി വർധിപ്പിക്കുന്നതിനു ഗുണപ്രദം. ഏകാഗ്രത നിലനിർത്താൻ സഹായകം. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്കും മാമ്പഴം ഗുണപ്രദം. പച്ചമാങ്ങ ഉപയോഗിച്ചു തയാറാക്കാവുന്ന ജ്യൂസ് കടുത്ത ചൂടിൽ നിന്നു സംരക്ഷണം നല്കുന്ന ആരോഗ്യപാനീയമാണ്. ശരീരം തണുപ്പിക്കുന്നു. സൂര്യാഘാതത്തിൽ നിന്നു സംരക്ഷണം നല്കുന്നു.


മാമ്പഴത്തിലുളള വിറ്റാമിൻ എ, വിറ്റാമിൻ സി, 25 വ്യത്യസ്തതരം കരോട്ടിനോയ്ഡുകൾ എന്നിവ രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു സഹായകം.

100 ഗ്രാം മാമ്പഴത്തിൽ ജലത്തിൽ ലയിക്കുന്നതരം നാരുകൾ 40 ശതമാനവും ജലത്തിൽ ലയിക്കാത്തതരം നാരുകൾ 60 ശതമാനവും അടങ്ങിയിരിക്കുന്നു. ദിവസവും ആവശ്യമായ വിറ്റാമിൻ സിയുടെ പകുതി 100 ഗ്രാം മാന്പഴം കഴിച്ചാൽ ശരീരത്തിലെത്തും; അതുപോലെതന്നെ ദിവസവും ആവശ്യമായ വിറ്റാമിൻ എയുടെ പകുതിയിലധികവും. മാമ്പഴത്തിലടങ്ങിയ പൊട്ടാസ്യം രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനു സഹായകം.

* ശ്രദ്ധിക്കാം... വീട്ടുപറമ്പിലെ മാവിൽ നിന്നു ശേഖരിച്ച മാമ്പഴം കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം. പുറമേ നിന്നു വാങ്ങിയതാണെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെളളത്തിലോ പുളിവെള്ളത്തിലോ കാർഷികസർവകലാശാലയുടെ വെജിവാഷിലോ ഒരു മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. പിന്നീടു ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കാം. കാൽസ്യം കാർബൈഡ് ഉപയോഗിച്ചു കൃത്രിമമായി പഴുപ്പിച്ച മാന്പഴം കഴിക്കരുത്(കാർബൈഡ് കാൻസറിനിടയാക്കുന്നതായി ഗവേഷകർ) മുറിച്ചുനോക്കി കാർബൈഡ് സാന്നിധ്യം കണ്ടത്താം; ഉളളിൽ മാംസളമായ എല്ലായിടവും ഒരേ നിറമല്ലെങ്കിൽ കാർബൈഡ് പ്രയോഗത്തിനു വിധേയമായതായി കരുതാം(ഉളളിൽ വെളള കലർന്ന മഞ്ഞയാണെങ്കിൽ കൃത്രിമമായി പഴുപ്പിച്ചതാണെന്നു കരുതാം).

തയാറാക്കിയത് – ടി.ജി.ബൈജുനാഥ്