ആരാണ് രോഗമില്ലാത്തവൻ?
ആരാണ് രോഗമില്ലാത്തവൻ?
ആരോഗ്യജീവിതത്തിന് ആയുർവേദം – 1
ആയുർവേദം വ്യക്‌തമായി വിവരിക്കുന്നു. ആരാണ് രോഗമില്ലാത്തവൻ – കോ അരുക്ക്?
കാലേ മിതഹിത ഭോജി കൃതചംക്രമണ:
ക്രമേണ വാമാശയ
അവിധുത മൂത്ര പുരീഷ സ്ത്രീഷു യഥാത്മയോ നര: സോ അരുക്ക്

കാലത്തിനുസരിച്ച് ഹിതമായും മിതമായും ആഹാരം കഴിക്കുന്നവനും ആവശ്യത്തിന് നടക്കുന്നവനും അധികവും ഇടതുവശം ചരിഞ്ഞ് കിടക്കുന്നവനും മലമൂത്രങ്ങളെ പിടിച്ചുനിർത്താതെ, പോഷണം എന്നു തോന്നുമ്പോൾ പുറപ്പെടുവിക്കുന്നവനും ലൈംഗികതയിൽ അതിരുകവിഞ്ഞ ആസക്‌തി പ്രകടിപ്പിക്കാത്തവനും ആയ മനുഷ്യൻ ആരാണോ അവനാണ് രോഗമില്ലാത്തവൻ –അരുക്ക്.

രോഗികളാകാൻ അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകാനായി സാമാന്യമായുള്ള കാരണങ്ങളെ പരിശോധിക്കാം. രണ്ടു വിഭാഗങ്ങളിലായി കാരണങ്ങളെ തരംതിരിക്കാം. തെറ്റായ ആഹാരരീതി, വ്യായാമകുറവ്, പ്രകൃതിദത്തമായ ആവശ്യങ്ങളെ തടയുക എന്നിവയാണ് രോഗകാരണമായ ഒരു വിഭാഗം. ഘടകങ്ങൾ: മാറിവരുന്ന ഋതുക്കൾക്കനുസരിച്ചല്ലാതെയുള്ള ആഹാരജീവിതചര്യ, പഞ്ചേദ്രിയങ്ങളുടെ ക്രമരഹിതമായ ഉപയോഗം, ശരീരം, മനസ്, വാക്ക് എന്നിവകൊണ്ട് ചെയ്യുന്ന തെറ്റായ കർമങ്ങൾ ഇവയാണ് രണ്ടാമത്തെ വിഭാഗം.

<യ> രോഗകാരണങ്ങൾ–വിഭാഗം 1

ആദ്യവിഭാഗം നോക്കൂ. തെറ്റായ ആരാഹരീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്‌ഥിരമായി ദഹിക്കാൻ പ്രയാസമുള്ള ആഹാരം കഴിക്കുക, സമയം തെറ്റിയ ആഹാരക്രമം, തമ്മിൽ ചേർത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ഭക്ഷണംങ്ങളെ (വിരുദ്ധാഹാരങ്ങൾ) ചേർത്ത് കഴിക്കുക, കഴിച്ചതിനു മേൽ വീണ്ടും കഴിക്കുക, അവനവനു വേണ്ടതിലും അധികമായി ഭക്ഷിക്കുന്ന സ്വഭാവം എന്നിവയാണ്. ഭക്ഷിച്ച ആഹാരം വഴി പോലെ ദഹിച്ച് ഒരു ഭാഗം പോഷകാംശമായും ഒരു ഭാഗം മലമൂത്രമായും മാറാൻ ദഹനശക്‌തി എന്ന പോലെതന്നെ വ്യായാമവും അത്യന്താപേക്ഷിതമാണ്. ശരിയായ വ്യായാമം ഇല്ലായെങ്കിൽ ദഹനം പൂർണമാകാതെ വരും എന്നതാണ് സത്യം. ഇത് ശരീര ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രകൃതിദത്ത ആവശ്യങ്ങളെ തടയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന് അതിന്റെ ശരിയായ പ്രവർത്തനങ്ങൾക്കായി ചില കാര്യങ്ങൾ എനിക്കു വേണം എന്ന് ജീവശരീരം നമ്മെ ഓർമിപ്പിക്കും. ഇത്തരം ഘടകങ്ങളാണ് പ്രകൃതിദത്തമായ ആവശ്യങ്ങൾ.


ഏമ്പക്കം, അധോവായു, മലം പോകണമെന്ന തോന്നൽ, മൂത്രം ഒഴിക്കണമെന്ന തോന്നൽ, തുമ്മൽ, വെള്ളദാഹം, വിശപ്പ്, ഉറക്കം, ചുമ, അധിക ജോലി ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കിതപ്പ്, കോട്ടുവാ, കണ്ണുനീർ, ശുക്ലം പുറപ്പെടുവിക്കണമെന്ന തോന്നൽ ഇവയാണ് പ്രകൃതിദത്തമായ ആവശ്യങ്ങൾ. ആയുർവേദത്തിൽ ഉപയോഗങ്ങൾ എന്നറിയപ്പെടുന്നു. ഇവയെ തടഞ്ഞുവയ്ക്കുന്നതും സമ്മർദം കൊടുത്തു പുറപ്പെടുവിക്കാൻശ്രമിക്കുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കും.

<യ> രോഗകാരണങ്ങൾ–വിഭാഗം 2

രോഗകാരണങ്ങളായ രണ്ടാമത്തെ വിഭാഗം പരിശോധിക്കാം. വേനൽക്കാലം, വർഷകാലം, മഞ്ഞുകാലം തുടങ്ങി ഓരോ കാലാവസ്‌ഥയിലും അനുയോജ്യമായ ആഹാരരീതികൾ പാലിക്കാതിരിക്കുക, ഇന്ദ്രിയങ്ങൾകൊണ്ട് അമിതമായ ഉപയോഗം ചെയ്യുക (ഉദാ: അമിതശബ്ദം നിരന്തരം കേൾക്കുക, ശക്‌തിയേറിയ മസാലകൾ, എരിവ് തുടങ്ങിയവ നിരന്തരം ഉപയോഗിക്കുക). ലൈംഗികരോഗങ്ങളെക്കുറിച്ച് തിരിച്ചറിവ് ഉണ്ടായിട്ടും ഒന്നിലധികം പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ശരീരം കൊണ്ട് ചെയ്യുന്ന തെറ്റായ കർമങ്ങൾ, ഉത്കണ്ഠ, അമിതമായ ദേഷ്യം, അത്യാസക്‌തി, അമിതമായ മത്സരബുദ്ധി തുടങ്ങിയവ മനസുകൊണ്ടുള്ള തെറ്റായ കർമങ്ങൾ, വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുക, എപ്പോഴും ശകാരിക്കുക തുടങ്ങിയ വാക്കുകൊണ്ടുള്ള തെറ്റായ കർമങ്ങൾ എന്നിവയും ശാരീരിക മാനസിക രോഗങ്ങളെ ഉണ്ടാക്കുന്നതാണ് എന്നുതിരിച്ചറിയണം.

<യ> ഡോ.രാമകൃഷ്ണൻ ദ്വരസ്വാമി
ചീഫ് ഫിസിഷ്യൻ, ചിരായു ആയുർവേദ സ്പെഷാലിറ്റി ക്ലിനിക്, കുടയംപടി, കോട്ടയം