ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റ് ബോൺ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആന്റിഓക്സിഡന്റുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.

തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.തൂക്കം കുറച്ച് സ്ളിം ആകാൻ പദ്ധതിയിടുന്നവർ ആഹാരക്രമത്തിൽ തക്കാളി കൂടുതലായി ഉൾപ്പെടുത്തണമെന്നു പറയാറുണ്ട്

തക്കാളിയിൽ കൊഴുപ്പു കുറവാണ്. കൊളസ്ട്രോൾ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാൽ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.

തക്കാളിയിൽ പൊട്ടാസ്യം ധാരാളം. രക്‌തസമ്മർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോഴാണ് രക്‌തസമ്മർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്‌തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.


തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇൻഫ്ളമേറ്ററി ഏജന്റുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത്
കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

<യ> തക്കാളി ചട്ണി

സ്റ്റെയിൻലസ് സ്റ്റീൽ ചീനച്ചട്ടിയിൽ കടുവറുത്ത് വെളുത്തുളളി ചതച്ചത്, കറിവേപ്പില, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. കടു വറുക്കാൻ എണ്ണ മിതമായി ഉപയോഗിക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തിളക്കി 5 മിനിറ്റ് അടച്ചുവച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. എരിവ് കൂടുതലാണെങ്കിൽ വേണമെങ്കിൽ മാത്രം അല്പം പഞ്ചസാര കൂടി ചേർക്കാം. തക്കാളിയിൽ ഏറെ ജലാംശമുളളതിനാൽ വെളളം പ്രത്യേകമായി ചേർക്കേണ്ടതില്ല. ട്രെയിൻ യാത്രകളിലും മറ്റും ചപ്പാത്തി കരുതുന്നവർക്കു കൂട്ടാനായി തക്കാളി ചട്ണി കൊണ്ടുപോകാം; പെട്ടെന്നു കേടാകില്ല എന്നതാണ് ഇതിന്റെ മെച്ചം. ഒരു കാര്യം കൂടി പാചകത്തിന് പഞ്ചസാര, ഉപ്പ്, എണ്ണ, എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്