ആരോഗ്യ രക്ഷയ്ക്ക് ഇലകൾ
ആരോഗ്യ രക്ഷയ്ക്ക് ഇലകൾ
ആരോഗ്യരക്ഷയ്ക്ക് ഇലകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാൽ ഇന്ന് ഇലക്കറികൾ ആഹാരത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങൾ. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാൽ സുസ്‌ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം.

ആയുർവേദത്തിൽ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ...

തഴുതാമയില

കേൾക്കുമ്പോൾ തമാശ തോന്നുന്ന പേരാണെങ്കിലും കരുത്തനാണ് തഴുതാമ. രോഗത്തിന്റെ പിടിയിൽ അമർന്ന മനുഷ്യ ശരീരത്തെ പുനർനിർമ്മിക്കാൻ തഴുതാമയില ഭക്ഷണമാക്കിയാൽ കഴിയുമെന്ന് ആയുർവേദം പറയുന്നു. ആയുർവേദത്തിലെ ഈ ഔഷധ സസ്യത്തെ പുനർനവ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പും രക്‌തത്തിലെ കൊളസ്ട്രോളും നിയന്ത്രിക്കാൻ തഴുതാമയിലയ്ക്ക് കഴിയും. മഞ്ഞപ്പിത്തം, അസ്‌ഥി്രാവം, ആസ്മ, മഹോദരം എന്നിവ ശമിപ്പിക്കാൻ തഴുതാമയുടെ ഇല ഉത്തമമാണ്. രക്‌തക്കുറവ് പരിഹരിച്ച് വിളർച്ച അകറ്റാനും ശരീരത്തിലെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഈ ഇല ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

മത്തയില

ആയുർവേദത്തിലെ പത്തിലകളിൽ ഏറ്റവും പ്രധാനമാണ് മത്തയില. തളിരില, പൂവ്, കായ്, തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ് മത്തയുടേത്. ജീവികം എ. സി എന്നിവയുടെ കലവറ കൂടിയാണ് മത്ത. ധാതുക്കൾക്കൊണ്ട് സമ്പന്നമായ മത്തയില ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ദഹസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ ഉത്തമമാണ്.

പയറില

പയർവർഗങ്ങളിൽ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും ദഹനശക്‌തിയും വർദ്ധിപ്പിക്കാൻ പയറിന്റെ ഇലയ്ക്ക് കഴിയും. കരൾ വീക്കം ശമിപ്പിക്കാൻ ഉത്തമമാണ്. മാസ്യം, ധാതുക്കൾ, ജീവികം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മുള്ളൻചീര

ആയുർവേദത്തിലെ പത്തിലകളിൽ പ്രധാനമാണ് മുള്ളൻചീരയും. മുള്ളൻ ചീരയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ അകറ്റുന്നു.

തകരയില

തകര ഇലയിൽ എ മോഡിൻ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാൻ തകരയിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുട്ടികൾക്ക് വരുന്ന ചർമ്മരോഗങ്ങൾ ഏറ്റവും സ്വാഭാവികമായ പ്രതിവിധിയാണ് തകരയിലെ കറിവെച്ച് കഴിക്കുക എന്നത്.

കൊടകൻ ഇല

തലച്ചോറിലെ ഞരമ്പുകളെ ശക്‌തിപ്പെടുത്തി ബുദ്ധിശക്‌തിയും ഓർമ്മശക്‌തിയും പ്രദാനം ചെയ്യാൻ കൊടകൻ ഇലയ്ക്ക് കഴിയും. ഹൃദയത്തിന് ശക്‌തി വർധിപ്പിക്കുന്ന കൊടകൻ സുഖനിദ്രയും പ്രധാനം ചെയ്യുന്നു. അപസ്മാരം, ബുദ്ധിക്കുറവ്, ആർത്തവ സംന്ധമായ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് കൊടകൻ.

ഉപ്പൂഞ്ഞൻ

ഈ ഇലയുടെ കറി ഉപയോഗിച്ചാൽ രക്‌തശുദ്ധി വരുത്തുന്നതാണ്. ശരീരത്തിലെ കഫം കുറയ്ക്കാനും സഹായിക്കും. ശരീരകാന്തിക്കും ഈ ഇലയുടെ ഉപയോഗം ഉത്തമം

കരിക്കാടി

തൊണ്ണൂറ് ശതമാനം ജലാംശം അടങ്ങിയ ഈ ഇലക്കറിയിൽ മാംസ്യം, ധാതുക്കൾ, ജീവകം എന്നിവ അടങ്ങിയിരിക്കുന്നു. ഒരു വ്യക്‌തിക്ക് രണ്ടു ദിവസത്തേക്കാവശ്യമായ ജീവകം എ, നൂറ് ഗ്രാം ഇലയിൽ ഉണ്ട്.

കുമ്പള ഇല

ആയുർവേദം കുമ്പള ഇലയെ കാസഹര ഔഷധമായി കണക്കാക്കുന്നു. വള്ളിച്ചെടികളുടെ ഇലകളിൽ ഏറ്റവും ഉത്തമമാണിത്. കുമ്പള ഇല തോരനുണ്ടാക്കി മുടങ്ങാതെ കഴിച്ചാൽ ബുദ്ധിശക്‌തിയും ശരീരകാന്തിയും വർധിക്കും.

മണിതക്കാളി

ഉഷ്ണ വീര്യമുള്ള ഈ ഔഷധസസ്യം രണ്ടു തരത്തിലുണ്ട്. പഴുക്കുമ്പോൾ കായ്ക്ക് ചുവന്ന നിറമുള്ളതും കറുത്ത നിറമുള്ളതും. കറുത്ത നിറമുള്ള കായ ഉള്ള ചെടിയാണ് കൂടുതൽ ഗുണകരം. രക്‌തശുദ്ധിക്ക് സഹായിക്കുന്ന മണിതക്കാളിയില വേദനസംഹാരിയുമാണ്. മണിതക്കാളിയുടെ ഇലച്ചാറ് ശരീരത്തിനുള്ളിലെയും പുറത്തെയും മുറിവുകളെ ഉണക്കും. രക്‌തസ്രാവം അവസാനിപ്പിക്കും. വായ്പുണ്ണിനും വളരെ ഉത്തമമാണ്. ദഹനസംബന്ധമായ ഏത് പ്രശ്നത്തിനും ആയുർവേദ പ്രതിവിധി കൂടിയാണ് ഈ ഔഷധച്ചെടി.