കൃമിശല്യം തടയാൻ മഞ്ഞൾ
കൃമിശല്യം തടയാൻ മഞ്ഞൾ
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണത്രേ. മുഴകൾക്കുളളിൽ പുതിയ രക്‌തക്കുഴലുകൾ രൂപപ്പെടുന്നതു തടയാനുളള കഴിവു മഞ്ഞളിനുളളതായി ചില പഠനങ്ങൾ പറയുന്നു.

കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമികൾ നശിക്കും.

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. അതുപോലെതന്നെ ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണകരം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഉപയോഗിക്കുന്നു.


പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. എന്നാൽ ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വിഭാഗത്തിനുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഉത്പന്നങ്ങൾ ശുദ്ധമാണെങ്കിൽ നേട്ടം കമ്പനിക്കുമുണ്ടാകും. അവരുടെ വിശ്വാസ്യത കൂടും. ബ്രാൻഡുകൾ ജനപ്രിയമാകും. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാകും.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്