ഉന്മാദത്തിനും, അപസ്മാരത്തിനും ‘കറുക’
ഉന്മാദത്തിനും, അപസ്മാരത്തിനും ‘കറുക’
ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളിൽ സ്‌ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യം പൗരാണിക ഋഷീശ്വരന്മാർ കണ്ടെത്തിയതുകൊണ്ടാവാം. ചർമരോഗചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നു. ഔഷധമൂല്യങ്ങളില്ലാത്ത ഒരു പുൽക്കൊടിപോലും നമുക്കു ചുറ്റും ഇല്ലെന്ന് ഭാരതീയ ദാർശനികനായ ചാർവാകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രകൃതിചികിത്സകർ കറുക ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന സ്‌ഥലങ്ങളിൽ സമൃദ്ധിയായി വളർന്നുവരും. നാഡികൾക്ക് കറുക ബലമേകും. ഉന്മാദം, അപസ്മാരം എന്നീ മാനസികരോഗങ്ങൾക്കു കറുകനീര് ശമനമുണ്ടാക്കും. ഉണങ്ങാത്ത വ്രണത്തിന് കറുക ഇടിച്ചുപിഴിഞ്ഞ സ്വരസത്തിൽ കറുകനാമ്പ് കല്ക്കമായി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത് ഉപയോഗിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന ചുണങ്ങിന് (പൊലുനീര) കറുക അരച്ച്, കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തേച്ചിടുക. പതിവായ ഉപയോഗം ചുണങ്ങിനു ശമനം കിട്ടും. മൂക്കിൽ നിന്നു രക്‌തം വരുന്നതിനു കറുക സമൂലം ഉണക്കി ശീലപ്പൊടി ചെയ്തു നസ്യം ചെയ്താൽ മതി. മുറിവിൽനിന്ന് രക്‌തം സ്രവിക്കുന്നതു നിർത്താൻ കറുക അരച്ച് വെച്ചുകെട്ടിയാൽ സ്രാവം നില്ക്കും. ശരീരത്തിലുണ്ടാകുന്ന കുരു എന്ന അസുഖത്തിന് കറുകനാമ്പും എള്ളും ആവണക്കിന്റെ പരിപ്പും പശുവിൻപാലിൽ അരച്ചുപുരട്ടിയാൽ കുരു പഴുത്തുപൊട്ടി ഉണങ്ങും. ചൊറിക്കും ചിരങ്ങിനും കറുകയും തവരക്കുരുവും മോരിൽ അരച്ചുപുരട്ടുന്നതു നന്ന്.


കുടുംബം: പോയേഡി (ഗ്രാമിനേ)
ശാസ്ത്രനാമം: സെനോഡോൻ
ഡാക്ക് ടൈലോൺ (ലിൻ) പെരസ്
സംസ്കൃതം: ദുർവ, ഭാർഗവി

തയാറാക്കിയത്: <യ> എം.എം. ഗാഥ, വെള്ളിയൂർ