ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റ് എന്ന് വൃക്കയെ വിശേഷിപ്പിക്കാം.
കാരണം, രക്ത ശുദ്ധീകരണം, വിഷാംശങ്ങള്‍ നീക്കം ചെയ്യല്‍, അധിക ജലവും മാലിന്യവും മുക്തമാക്കല്‍ തുടങ്ങി വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ വൃക്ക സംരക്ഷണം ഏറെ പ്രധാനമാണ്.
അല്ലെങ്കില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിക്കും. വൃക്ക ശരിയായി സംരക്ഷിച്ചില്ലെങ്കില്‍ കല്ലുകള്‍ ഉള്‍പ്പെടെ വളരാന്‍ കാരണമാകുന്നു. വൃക്കകള്‍ വൃത്തിയാക്കുന്നത് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടാനും വീക്കം കുറയ്ക്കാനും സഹായിക്കും.
പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനുമുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനു ആരോഗ്യവും ശുദ്ധവുമായ വൃക്കയ്ക്കു സാധിക്കും. വൃക്കയുടെ സംരക്ഷണത്തിനും ശുദ്ധീകരണത്തിനും സഹായിക്കുന്ന ചില ആഹാരപദാര്‍ഥങ്ങള്‍ ഇവയാണ്...
തണ്ണിമത്തന്, മാതളനാരങ്ങ
തണ്ണിമത്തന് വൃക്കകളെ ജലാംശമുള്ളതാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ലൈക്കോപീന്‍ സമ്പുഷ്ടമായ ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം ലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് മൂത്രത്തിന്റെ അസിഡിറ്റി നിയന്ത്രിക്കുകയും കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. അതുപോലെ മാതളനാരങ്ങയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
വൃക്കയിലെ കല്ല് നീക്കം ചെയ്യാന്‍ ഇത് ഫലപ്രദമാണ്. പൊട്ടാസ്യം മൂത്രത്തിന്റെ അസിഡിറ്റി കുറയ്ക്കുന്നു. അതിന്റെ ആസ്ട്രിജന്റ് ഗുണങ്ങള്‍ കല്ല് രൂപപ്പെടുന്നത് തടയുന്നു.
ആപ്പിള്‍ സിഡെര്‍ വിനാഗിരി
വൃക്കകളുടെ ഓക്സിഡേറ്റീവ് സമ്മര്‍ദം തടയുന്നതിന് ആപ്പിള്‍ സിഡെര്‍ വിനാഗിരി ഫലപ്രദമാണ്. ഇത് ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.
ഇത് വൃക്കയുടെ ആരോഗ്യത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനാഗിരി വൃക്കയിലെ കല്ലുകള്‍ അലിഞ്ഞുചേരുന്ന സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കും.
കിഡ്നി ബീന്‍സ്, നാരങ്ങ നീര്
വൃക്കകളുടെ ആകൃതിയിലുള്ളതാണ് കിഡ്നി ബീന്‍സ്. വൃക്കയില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുകയും കല്ലുകള്‍ ഫലപ്രദമായി പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യാന്‍ കിഡ്നി ബീന്‍സിനു സാധിക്കും.
വിറ്റാമിന്‍ ബി, ഫൈബര്‍, നിരവധി ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ കിഡ്നി ബീന്‍സ് വൃക്ക വൃത്തിയാക്കാനും മൂത്രനാളിയിലെ പ്രവര്‍ത്തനം സജീവമാക്കാനും ഉപകാരപ്രദമാണ്.
നാരങ്ങ നീര് അസിഡിറ്റി ഉള്ളതും മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് വര്‍ധിപ്പിക്കുന്നതുമാണ്. വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തെ ഇത് നിരുത്സാഹപ്പെടുത്തുന്നു. നാരങ്ങ നീര് രക്തം ശുദ്ധീകരിക്കാനും മാലിന്യങ്ങള്‍, വിഷവസ്തുക്കള്‍ എന്നിവ പുറന്തള്ളാനും സഹായിക്കും.
നാരങ്ങ നീര് ഒലിവ് ഓയിലുമായി സംയോജിപ്പിച്ച് കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ സുഗമമായി കടന്നുപോകുന്നതിനു കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
തുളസി, ഈന്തപ്പഴം
തുളസി ഒരു ഫലപ്രദമായ ഡൈയൂററ്റിക് ആണ്. ഇത് വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുകയും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തുളസി രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അതുപോലെ ഈന്തപ്പഴം 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വിത്തുകള്‍ നീക്കം ചെയ്ത ശേഷം കഴിക്കുമ്പോള്‍, വൃക്കയിലെ കല്ലുകള്‍ക്ക് ശമനമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ഈന്തപ്പഴത്തിലെ മഗ്നീഷ്യം വൃക്കകളെ ശുദ്ധീകരിക്കാന്‍ സഹായകമാണ്.
ബ്ലൂബെറി മുതല്‍ ചെറി വരെ
ക്രാന്‍ബെറി, ബ്ലൂബെറി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, വെള്ളരിക്ക നീര്, ചെറി തുടങ്ങിവയും വൃക്ക ശുദ്ധീകരണത്തിന് ഫലപ്രദമായ ആഹാരങ്ങളാണ്. തൈര്, മോര് എന്നിവയും വൃക്ക സംരക്ഷണത്തിനു സഹായിക്കുന്നവയാണ്.
ബാര്‍ലി, റാഗി തുടങ്ങിയ ധാന്യങ്ങളും വൃക്കകള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ റാഗി കഴിക്കുന്നത് ഗുണകരമാണ്.
പച്ച ഇലക്കറികള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനു സഹായകമാണ്. വൃക്കരോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ പൊട്ടാസ്യം ഇലക്കറികളിലൂടെ ലഭ്യമാകും. മാത്രമല്ല, വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ എളുപ്പത്തില്‍ അലിഞ്ഞുപോകാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, ബ്രൊക്കോളി തുടങ്ങിയവും വൃക്കകളുടെ ആരോഗ്യത്തിനു ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.