മേത്തൊട്ടിമല കയറി വി.എസ്; വിങ്ങുന്ന ഓർമയിൽ നാട്ടുകാർ
Wednesday, July 23, 2025 11:38 AM IST
തൊടുപുഴ: മേത്തൊട്ടി എന്ന ഉൾനാടൻ ഗ്രാമത്തിലേക്ക് വി.എസ്. അച്യുതാനന്ദൻ ഒരിക്കൽ മലകയറിയെത്തി. അന്നു മുതൽ മേത്തൊട്ടി നിവാസികളുടെ മനസിൽ വി.എസിന്റെ മരിക്കാത്ത ഓർമകളുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ നെഞ്ചുരുകുന്ന ഒരു കൂട്ടം ആളുകളാണ് ഇവിടെയുള്ളത്.
വർഷങ്ങൾക്കു മുന്പ് ഇവിടെ വൃക്ക തട്ടിപ്പിനിരയായ ആദിവാസികളാണ് വി.എസിനെ സ്നേഹത്തോടെ സ്മരിക്കുന്നത്. വി.എസ് സമയോചിതമായി ഇടപെട്ടതോടെയാണ് ഇവിടെ കൂടുതൽ പേർ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടത്.
2002-ൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ തട്ടിപ്പ് വാർത്തയറിഞ്ഞ് അന്ന് വാഹന സൗകര്യംപോലും ഇല്ലാതിരുന്ന മേത്തൊട്ടിയിലെത്തി. തട്ടിപ്പിനിരയായവരുടെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. പിന്നീട് വിഷയം നിയമസഭയിൽ അവതരിപ്പിച്ചു.
ഇതോടെയാണ് കൂടുതൽ പേർ വഞ്ചിതരാകാതിരുന്നതെന്ന് തട്ടിപ്പിനിരയായ മേത്തൊട്ടി പതിക്കൽ മോഹനൻ പറഞ്ഞു. നിർധന ചുറ്റുപാടുള്ളവരുടെ ദൗർബല്യം ചൂഷണം ചെയ്താണ് കോഴിക്കോട് കേന്ദ്രമായ സ്വകാര്യ സ്ഥാപനം വൃക്ക തട്ടിപ്പ് നടത്തിയത്.
റേഷൻ വാങ്ങാൻപോലും പണമില്ലാതിരുന്ന മോഹനന് രണ്ടര ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ വൃക്ക നൽകിയ ശേഷം മോഹനന് ആകെ ലഭിച്ചത് അന്പതിനായിരം രൂപ മാത്രം. ഇതിനെതിരേ നിയമവഴി തേടിയെങ്കിലും നീതി ലഭിച്ചില്ലെന്ന് മോഹനൻ പറഞ്ഞു.
വി.എസ് ഇടപെട്ടതുകൊണ്ടാണ് കൂടുതൽ ആളുകൾ തട്ടിപ്പിനിരയാകാതിരുന്നത്. കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ മേത്തൊട്ടിക്ക് പോകാനുള്ള ഏക ആശ്രയം ജീപ്പു മാത്രമായിരുന്നു.
പൂമാല ടൗണിലെത്തിയ വി.എസ് മേത്തൊട്ടിയിൽ എത്തിയത് ജീപ്പിലായിരുന്നു. ഡ്രൈവറായ റെജിയോട് യുവാവായ നിന്റെ മിടുക്കൊന്നു കാണട്ടെ എന്നു പറഞ്ഞ് സ്വതസിദ്ധമായ ചിരിയോടെയാണ് ജീപ്പിൽ കയറിയത്.
കയറ്റവും ഇറക്കവുമുള്ള റോഡിൽ പലകുറി ജീപ്പ് വഴുതി പിന്നോട്ട് പോയപ്പോൾ നാട്ടുകാർ ചേർന്ന് തള്ളി കയറ്റിയ കാര്യം അന്ന് വി.എസിനു വഴികാട്ടിയായ സിപിഎം പ്രവർത്തകൻ നാരായണൻ ഓർക്കുന്നു.
വൃക്ക തട്ടിപ്പിനിരയായവരുടെ വീടുകൾ സന്ദർശിച്ച ശേഷം സ്വാമിക്കവലയിൽ യോഗവും നടത്തിയാണ് വി.എസ് മടങ്ങിയത്.