കരവിരുതിന്റെ കളിത്തോഴന്
Tuesday, October 31, 2017 2:15 AM IST
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊബൈൽ ഫോണിൽ ഗെയിം കളിക്കും മറ്റുചിലരാകട്ടെ സാമൂഹ്യ മാധ്യമങ്ങളിലും ഇന്റർനെറ്റിലും മുഴുകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഒഴിവു വേളകളിൽ പേപ്പറിലും കാർഡ് ബോർഡിലും വാഹനങ്ങളുടെ വിവിധ മോഡലുകളും, കൗതുക വസ്തുക്കളും നിർമിച്ച് ശ്രദ്ധേയനാകുകയാണ് അഖിലേഷ് കുമാർഎന്ന വിദ്യാർഥി.
ആലപ്പുഴ ജില്ലയിൽ ചാരുംമൂട് ചുനക്കര നടുവിൽ അയിനുവേലിൽ വീട്ടിൽ മുരളീധരൻ നായരുടെയും അർച്ചനയുടെയും മകനായ അഖിലേഷ് കുമാർ (18)ആണ് പേപ്പറിലും കാർഡ്ബോർഡിലും കൗതുക വസ്തുക്കളും,വാഹനങ്ങളും ഒക്കെ നിർമിച്ച് വിസ്മയം തീർക്കുന്നത്. കപ്പൽ, ലോറി, ക്രയിൻ,ഓട്ടോ, ഹിറ്റാച്ചി, കെ എസ് ആർ ടി സി ബസ് തുടങ്ങി നിരവധി വാഹനങ്ങളുടെ മാതൃകകൾ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി കെട്ടുകാഴ്ചയുടെ മാതൃക എന്നിവയെല്ലാം അഖിലേഷ് ഇതിനോടകം നിർമിച്ചിട്ടുണ്ട്.
അഖിലേഷിൻറ്റെ വീട്ടിലെത്തിയാൽ വാഹനങ്ങൾ പേപ്പറിലും കാർഡ് ബോർഡിലും നിർമിച്ചു വച്ചിരിക്കുന്നത് കണ്ടാൽ അത് വിസ്മയ കാഴ്ചയായിമാറും. മാവേലിക്കര പുതിയകാവിലെ എൻഐ എഫ്ഐ എന്ന സ്ഥാപനത്തിൽ ഫയർ ആന്റ് സേഫ്റ്റിക്ക് പഠിക്കുകയാണ് ഈ കൊച്ചു കലാകാരൻ.സ്കൂളിൽ പഠിക്കുന്പോൾ തന്നെ അഖിലേഷ് നന്നായി ചിത്രങ്ങൾ വരക്കുമായിരുന്നു.അന്ന് മുതൽ തന്നെ വാഹനങ്ങളോട് വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് പേപ്പറും കാർഡ് ബോർഡും ഉപയോഗിച്ച് ചെറിയ ചെറിയ മോഡലുകളും കൗതുക വസ്തുക്കളും നിർമിച്ചു തുടങ്ങിയത്.
പിന്നീട് പ്ലസ്ടുവിനു ശേഷം കൊല്ലം അഞ്ചലിലുള്ള ശ്രീകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റിംഗ് കോഴ്സിന് പഠിക്കുന്പോൾ തൃശൂർ സ്വദേശിയായ മനു എന്ന സുഹൃത്തിനെ പരിചയപ്പെട്ടു.മനു വഴി ഫേസ്ബുക്കിലെ മിനിയേച്ചർ ക്രാഫ്റ്റേഴ്സ് എന്ന ഗ്രൂപ്പിനെകുറിച്ചറിയുകയും ആ ഗ്രൂപ്പിൽ അംഗമായി അഖിലേഷ് കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും അതിൽ നിന്ന് ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് പിന്നീട് വലിയ വാഹനങ്ങളുടെ മോഡലുകൾ നിർമിക്കാൻ തുടങ്ങിയത്. പഠിച്ചു മിടുക്കനായി ഒരു സേഫ്റ്റി ഓഫീസർ ആവാനാണ് ആഗ്രഹമെങ്കിലും കലാപരമായ കഴിവുകളെകൂടി അതിനൊപ്പം കൂട്ടാനാണ് അഖിലേഷ് ഇഷ്ടപ്പെടുന്നത്.
പഠനം കഴിഞ്ഞ് കിട്ടുന്ന ഒഴിവുവേളകളിലും അവധി ദിനങ്ങളിലും ഇപ്പോൾ പുതിയ പുതിയ മോഡലുകൾ നിർമിച്ച് വ്യത്യസ്തനാകാൻ ശ്രമിക്കുകയാണ് അഖിലേഷ് . വെൽഡറായ അച്ഛനും അമ്മ അർച്ചനയും മകൻറ്റെ കരവിരുതുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട്.കൂടാതെ കൂട്ടുകാരായ സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. കൂടാതെ ചിത്ര രചനയിലും, മനോഹരമായ കാർട്ടൂണുകൾ വരയ്ക്കാനും അഖിലേഷിന് കലാപരമായ കഴിവുണ്ട്. ചുനക്കര ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി അമൽകുമാറാണ് സഹോദരൻ.
നൗഷാദ് മാങ്കാംകുഴി