കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
Tuesday, February 21, 2017 6:33 AM IST
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
എതിരാളികളെ ഒരു ദയയുമില്ലാതെ കൊന്നൊടുക്കിയിട്ടുള്ളയാളാണ് ഉൻ. ഉന്നിൻറെ ഏകാധിപത്യഭരണത്തോട് നാമിനു യോജിപ്പില്ലായിരുന്നു. ഉത്തരകൊറിയയിൽ ജനാധിപത്യം പുലരണമെന്നതായിരുന്നു നാമിൻറെ ആവശ്യം.
കിം ജോംഗ് ഉന്നിൻറെ ഭീകരഭരണത്തിൽ മനംമടുത്തവർ നാമിനു ഭരണത്തിലെത്താൻ അവസരം നൽകിയേക്കുമെന്നും ഇതിന് ഉന്നിനെ എതിർക്കുന്ന മറ്റു രാജ്യങ്ങൾ പിന്തുണ നൽകിയേക്കുമെന്നും അടുത്തകാലത്ത് ആശങ്ക പരന്നു. ഇതാണ് നാമിനെ വകവരുത്താൻ കാരണമെന്നു പറയപ്പെടുന്നു.
നാമിനെ വകവരുത്താനായി ആറംഗ കൊലയാളി സംഘത്തെ ഉത്തരകൊറിയൻ ഭരണകൂടം മലേഷ്യയിലേക്ക് അയച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
നാമിൻറെയും ഉന്നിൻറെയും പിതാവായ കിംഗ് ജോംഗ് ഇല്ലിൻറെ മരണശേഷം ശരിക്കും ഭരണത്തിൽ വരേണ്ടിയിരുന്നത് നാം ആയിരുന്നു. പക്ഷേ എത്തിയതോ തന്ത്രശാലിയായ ഉന്നും. ഉന്നിനെ അധികാരത്തിലെത്താൻ സഹായിച്ച അമ്മാവൻ ജാംഗ് സോംഗ് തെക്കിനെ പിന്നീട് ഉൻ രാജ്യദ്രോഹകുറ്റം ചുമത്തി വെടിവച്ചു കൊന്നുവെന്നത് മറ്റൊരു ചരിത്രം.
ചൈന, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലൊക്കെയാ യിരുന്നു നാമിൻറെ പ്രവാസ ജീവിതം. ചൈനയിലെ മക്കാവു ദ്വീപിൽ കുടുംബത്തോടൊപ്പം നാം കഴിയുന്പോൾ ചൈനീസ് സുരക്ഷാ ഏജൻസികൾ സുരക്ഷ നൽകിയിരുന്നു. എന്നാൽ സുരക്ഷയിലൊന്നും വലിയ താല്പര്യം പ്രകടിപ്പിക്കാത്ത നാം ഒടുവിൽ കൊലയാളികളുടെ മുന്നിലേക്ക് എത്തപ്പെടുകയും ചെയ്തു.
കേസിൽ പ്രതികളെന്നു സംശയിക്കുന്നവരിൽ മിക്കവരും ഉത്തരകൊറിയൻ പൗരൻമാരാണ്. നാലു ഉത്തരകൊറിയക്കാ രെ അന്വേഷണ ഉദ്യോഗസ്‌ഥർ തെരയുന്നുണ്ട്.
നാമിൻറെ മൃതദേഹം മലേഷ്യൻ അധികൃതർ ഇതിനോടകം രണ്ടു തവണ പോസ്റ്റ്മോർട്ടം ചെയ്തു. മരണകാരണം സംബന്ധിച്ച് ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ വ്യക്‌തമായ തെളിവു കിട്ടാത്തതിനെത്തുടർന്നാണിത്. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനെ ഉത്തരകൊറിയ എതിർത്തിരുന്നു. മലേഷ്യ എന്തോ ഒളിക്കാൻ ശ്രമിക്കുകയാണെന്നും അവർ നടത്തിയ പോസ്റ്റ്മോർട്ടത്തിൻറെ റിപ്പോർട്ട് സ്വീകരിക്കില്ലെന്നും ഉത്തരകൊറിയൻ ഭരണകൂടം വ്യക്‌തമാക്കി.
നാമിൻറെ ബന്ധുക്കളുടെ ഡിഎൻഎ ലഭ്യമാക്കാൻ ഉത്തരകൊറിയയോട് മലേഷ്യ ആവശ്യപ്പെട്ടു. മൃതദേഹം നാമിൻറേതുതന്നെയാണെന്നു സ്‌ഥിരീകരിക്കാൻ ഇത് ആവശ്യമാണ്. ചൈനയിലെ മക്കാവുവിൽ പ്രവാസജീവിതം നയിക്കുന്ന നാമിൻറെ സ്വന്തക്കാർ ആവശ്യപ്പെട്ടാൽ അവർക്കു മൃതദേഹം കൈമാറും. അല്ലാത്തപക്ഷം ഉത്തരകൊറിയൻ ഭരണകൂടത്തിനു കൈമാറും.
കൊല നടത്തിയത് ഇങ്ങനെ
മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കായി കഴിഞ്ഞ 13ന് ക്വാലാലന്പൂർ വിമാനത്താവളത്തിലെത്തിയ നാമിനെ രണ്ടു വനിതകളാണ് കൊലപ്പെടുത്തിയത്. ആൾക്കൂട്ടത്തിനു നടുവിലാണ് കൊല നടന്നതെന്നതാണ് ശ്രദ്ധേയം.
ആദ്യം ഒരു യുവതി വിഷം പുരട്ടിയ തുണി നാമിൻറെ മുഖത്തേക്ക് ഇടുകയും മറ്റൊരു യുവതി സൂചി കൊണ്ട് കുത്തുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം ഇരു വനിതകളും വാഹനത്തിൽ രക്ഷപ്പെട്ടു. കുത്തേറ്റ കിമ്മിനെ എയർപോർട്ട് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാമിന്റെ നേർക്ക് ഇതിനുമുമ്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയിൽ വച്ചു കാറിടിപ്പിച്ച് നാമിനെ കൊല്ലാൻ ശ്രമം നടന്നിരുന്നു. നാമിൻറെ പുത്രൻ ഹാൻ സോളിന്റെ ജീവനും അപകടത്തിലാ ണെന്ന് റിപ്പോർട്ടുകളുണ്ട്.
തങ്ങളെ കരുവാക്കിയെന്ന് യുവതി
നാമിനെ കൊലപ്പെടുത്തിയ യുവതികളിൽ പിടിയിലായ ഇന്തോനേഷ്യൻ വനിത പോലീസിനോട് പറഞ്ഞത് തങ്ങളെ ടെലിവിഷൻ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലപാത കത്തിന് കരുവാക്ക ുകയായിരുന്നുവെന്നാണ്.
വിഷമെന്ന് അറിയാതെയാണ് യുവതി നാമിനെ കുത്തിയ തെന്ന് പോലീസ് വ്യക്‌തമാക്കുന്നു. ടിവി പരിപാടിയുടെ ഭാഗ മെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിക്ക് പണം നൽകിയശേഷം കൃത്യം ചെയ്യിക്കുകയായിരുന്നുവെന്നാണ് സൂചന. ആദ്യം മറ്റ് രണ്ട് പേർക്കുനേരേ പ്രയോഗിക്കാൻ വെള്ളം നൽകിയശേഷം നാമിന് നേരേ വിഷം കൊടുത്തുവിടുകയായിരുന്നുവത്രേ. നാമിന് നേരേ പ്രയോഗിച്ചത് വളരെ വീര്യം കൂടിയ വിഷവസ്തു വാണ്.
കൃത്യം നടത്തിയത് രണ്ടു യുവതികളും ഒരു പുരുഷനും ചേർന്നാണെന്ന് വ്യക്‌തമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
കേസിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
ബന്ധം വഷളാകുന്നു
ഈ സംഭവത്തോടെ ഉത്തരകൊറിയയും മലേഷ്യയും തമ്മി ലുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുകൾ വീണു. മലേഷ്യ ഉത്തരകൊറിയയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും മലേഷ്യയിലെ ഉത്തരകൊറിയയുടെ അംബാ സഡറെ വിളിച്ചുവരുത്തി തങ്ങൾക്ക് ഉത്തരകൊറിയയുടെ നടപടിയിലുള്ള അതൃപ്തി രേഖപ്പെടുത്തു കയും ചെയ്തു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വിദേശ ചാനലുകൾ പുറത്തുവിട്ടിരുന്നു.
നിയാസ് മുസ്തഫ