അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്
Thursday, February 16, 2017 2:16 AM IST
2017 ഫെബ്രുവരി 10 നാടെങ്ങും തൈപ്പൂയ ആഘോഷ ലഹരിയിലാണ്. ക്ഷേത്രങ്ങളിലേക്കും തിരിച്ചും ഭക്തരുമായുള്ള വാഹനങ്ങളുടെ തിരക്ക് എല്ലാ റോഡുകളിലുമുണ്ട്. ഹരിപ്പാട് ക്ഷേത്രത്തിലെ കാവടിയാട്ടം ദർശിച്ചശേഷം രണ്ടുബൈക്കുകളിലായി മടങ്ങുകയായിരുന്ന മൂന്നു യുവാക്കൾ കരുവാറ്റ ഉൗട്ടുപറന്പ് ലെവൽ ക്രോസിനു സമീപം വാഹനം നിർത്തി. ഉച്ചസമയമായതിനാൽ വാഹനങ്ങൾ നന്നേ കുറവ്. പെട്ടെന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒന്പത് പേരടങ്ങുന്ന സംഘം വാളുകളും വീശി കൊലവിളിയുമായെത്തിയത്. ബൈക്കിലിരുന്ന യുവാക്കളിലൊരാളെ സംഘം ആക്രമിക്കുന്നത് തടയാൻ കൂടെയുണ്ടായിരുന്ന സഹോദരന്മാർ ശ്രമിച്ചതോടെ അക്രമികൾ ഇവർക്കുനേരെ തിരിഞ്ഞു. പ്രതിരോധത്തിന് ഇടം നൽകാതെ ആയുധമുപയോഗിച്ചുള്ള ആക്രമണം ആയതിനാൽ മൂന്നുപേരും പലവഴി ഓടി.
റെയിൽവേ ക്രോസ് കടന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് വീടിന്റെ സുരക്ഷിതത്വത്തിൽ ഒളിച്ചെങ്കിലും പിന്നാലെയെത്തിയ കൊലയാളി സംഘം വീട്ടുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി പുറത്തിറക്കി അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് ഒളിച്ചിരുന്ന യുവാവിനെ വെട്ടിക്കൊന്നു. മരിച്ചുവെന്നുറപ്പാക്കിയതിനുശേഷമായിരുന്നു അക്രമി സംഘത്തിന്റെ മടക്കം. നാട്ടുകാർ ഈ അക്രമത്തിന് ദൃക്സാക്ഷികളായിരുന്നെങ്കിലും ഒരാൾപോലും ഇവരെ എതിർക്കാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിച്ചില്ല. പോലീസെത്തിയാണ് മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അക്രമി സംഘത്തെ എതിർത്താൽ യുവാവിനുണ്ടായ വിധി അടുത്ത നിമിഷം തങ്ങൾക്കുമുണ്ടാകുമെന്ന ഭയമാണ് നാട്ടുകാരെ പിന്നോട്ടു മാറ്റിയത്. ഡിവൈഎഫ്ഐ കരുവാറ്റ വടക്കമേഖല ജോയിന്റ് സെക്രട്ടറിയായ ജിഷ്ണു ഭവനത്തിൽ ജിഷ്ണുവാണ് കൊലചെയ്യപ്പെട്ടത്.
ചലച്ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള, എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടാ
ംഘങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും വേരിറക്കിയിരിക്കുന്നുവെന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഈ ആക്രമണം. രക്തം മരവിപ്പിക്കുന്ന ക്രൂരതകൾ നടത്താൻ മടിയില്ലാത്തവരാണ് ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ. പോലീസിലും രാഷ്ട്രീയതലത്തിലുമുള്ള ഉന്നത പിടിപാടുകൾ പലപ്പോഴും ഇവരുടെ പ്രവർത്തനത്തിനു വഴികാട്ടികളാകുകയാണ് ചെയ്യുന്നത്.
ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ നേരത്തെ സ്പിരിറ്റ് കടത്തുകാർക്ക് അകന്പടിയായി ആരംഭിച്ച ക്വട്ടേഷൻ പ്രവർത്തനം പിന്നീടു മണൽ കടത്തിലേക്കും കഞ്ചാവ് കടത്തിലേക്കും കൊലപാതകത്തിലേക്കും വളരുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുയുവാക്കളുടെ ജീവനാണെടുത്തത്. അധികൃതർ കണ്ണടയ്ക്കുന്നതാണ് ഇക്കൂട്ടർക്ക് കരുത്തുപകരുന്നത്. ആലപ്പുഴയുടെ തെക്കൻമേഖലയിലെ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടങ്ങളിലേക്ക് രാഷ്്ട്രദീപിക നടത്തിയ അന്വേഷണത്തിലൂടെ....
എന്തും ക്വട്ടേഷനെടുക്കും.
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ഉടന്പടിപ്രകാരം ചെയ്യുന്നതിന്റെ ഇംഗ്ലീഷ് പദപ്രയോഗമാണ് ക്വട്ടേഷൻ. എന്നാൽ ഇന്ന് ഈ പദത്തിന്റെ അർഥം തന്നെ മാറിയിരിക്കുന്നു. പട്ടാപ്പകൽ പോലും ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും ആയുധങ്ങളുമായി പാഞ്ഞെത്തി കൊലപാതകമടക്കമുള്ളവ കയ്യറപ്പില്ലാതെ ചെയ്ത് മടങ്ങുന്ന ഗുണ്ടാസംഘത്തെയാണ് ഇന്ന് ക്വട്ടേഷൻ എന്നതുകൊണ്ട് അർഥമാക്കുന്നത്. നേരത്തെ രാഷ്്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളുമിടപെട്ട് തീർത്തിരുന്ന പല വിഷയങ്ങളും ഇന്ന് ക്വട്ടേഷൻ സംഘമിടപെട്ടാണ് പരിഹരിക്കുന്നത്. സാന്പത്തിക പ്രശ്നം, കുടുംബവഴക്ക്, നിലം നികത്തൽ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്തു തുടങ്ങിയ ക്വട്ടേഷൻ സംഘമിന്ന് സിനിമാ തിറ്ററുകളിലും തിരക്കേറിയ പ്രദേശങ്ങളിലും ജനങ്ങളെ നിയന്ത്രിക്കുന്നതുവരെയെത്തി. പലപ്പോഴും പോലീസിന്റെ കണ്മുന്പിൽ ഇവർ കയ്യൂക്ക് കാണിക്കുന്പോഴും അധികൃതർ ഇടപെടാറില്ല.
മാവേലിക്കര, കായംകുളം, ഹരിപ്പാട് ഭാഗങ്ങളിൽ വിവിധ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. നിലം നികത്തലടക്കമുള്ളവയ്ക്ക് ലക്ഷങ്ങളുടെ ക്വട്ടേഷനെടുത്ത് നികത്തിക്കൊടുക്കുന്നത് പരസ്യമായ രഹസ്യമാണ്. നിലം നികത്തലിനെതിരേ ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാൽ അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. യുവാക്കളുടെ ഇടയിൽ ക്വട്ടേഷൻ പ്രവർത്തനം പുതുതലമുറ ജോലിയായി തന്നെ അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ. വിലകൂടിയ കാറും ബൈക്കും ഫോണും ചുരുങ്ങിയ സമയത്തെ പ്രവർത്തനങ്ങൾ കൊണ്ട് സ്വന്തമാക്കാമെന്നതിനാൽ വെളിച്ചം കണ്ട് പാഞ്ഞെത്തുന്ന ഈയാംപാറ്റകളെപ്പോലെ യുവാക്കൾ ക്വട്ടേഷൻ സംഘങ്ങളിലേക്കെത്തുകയാണ്.
പോലീസ് കണ്ണടച്ചു
നാട്ടിൻപുറങ്ങളിൽ യുവാക്കളുടെ സംഘം അടിപിടിയും കൂലിത്തല്ലുമായി സജീവമായത് പോലീസ് കണ്ടില്ലെന്ന് നടിച്ചതാണ് ഇപ്പോൾ നിയന്ത്രിക്കാൻ കഴിയാത്തവിധം ക്വട്ടേഷൻ പ്രവർത്തനങ്ങൾ വർധിക്കാൻ കാരണം. രാഷ്ട്രീയ പാർട്ടികളുടെ പിൻതുണ പലപ്പോഴും ക്വട്ടേഷൻ സംഘത്തിന് രഹസ്യമായുള്ളതിനാൽ ആദ്യം കണ്ണടച്ച പോലീസ് ഇപ്പോൾ കുപ്പിയിൽ നിന്നും തുറന്നുവിട്ട ഭൂതത്തെ എങ്ങനെ പിടിക്കണമെന്നറിയാത്ത അവസ്ഥയിലാണ്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയുധങ്ങളുമായി പലപ്പോഴും ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലാകാറുണ്ടെങ്കിലും ഇവർക്ക് പിന്നിലുള്ളവരെ കുറിച്ച് അന്വേഷിക്കുക പതിവില്ല. പിടിയിലായവർ ആഴ്ചകൾക്ക് ശേഷം ജാമ്യത്തിലിറങ്ങി ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് പതിവ്. സമീപകാലത്ത് കൃത്യമായി ആസൂത്രണം ചെയ്തു ക്വട്ടേഷൻ സംഘാംഗങ്ങൾ ആക്രമണങ്ങൾ നടത്തിയപ്പോൾ കാഴ്ചക്കാരുടെ റോളിലായിരുന്നു പോലീസ്. പലപ്പോഴും ക്വട്ടേഷൻ ആക്രമണങ്ങളെപ്പറ്റി സ്റ്റേഷനിൽ പരാതി നൽകിയാൽ ഗുരുതര വകുപ്പുകൾ ചുമത്താതെ സാധാരണ അടിപിടിയെന്ന നിലയിലാണ് പോലീസ് കേസെടുക്കുന്നത്. പലപ്പോഴും ഒത്തുതീർപ്പിന് വേണ്ട സൗകര്യമൊരുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരിലെ പുഴുക്കുത്തേറ്റ ചിലരാണെന്നത് പരസ്യമായ രഹസ്യമാണ്.
ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനങ്ങളെച്ചൊല്ലി പരാതി നൽകി വീട്ടിലെത്തിയയുടൻ മൊബൈലിൽ ക്വട്ടേഷൻ സംഘം പരാതിയുടെ പേരിൽ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. പോലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായവും രാഷ്്ട്്രടീയ സഹായവും കൂടിയായതോടെ പോലീസ് സംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ക്വട്ടേഷൻ സംഘാംഗങ്ങൾ വളർന്നുകഴിഞ്ഞു. പേരിനോടുപോലും നീതി പുലർത്താത്ത രഹസ്യാന്വേഷണ വിഭാഗം സംഘർഷങ്ങളോ നിരീക്ഷിക്കേണ്ട തരത്തിലുള്ള സംഘം ചേരലോ ഉണ്ടാകുന്നത് മുൻകൂട്ടിഅറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും പോലീസിന് പ്രത്യേക സംവിധാനമുണ്ടെങ്കിലും ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലായെന്നതാണ് കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായുണ്ടായ കൊലപാതകങ്ങളിലൂടെ വ്യക്തമാകുന്നത്. പോലീസ് സ്റ്റേഷന് കീഴിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്പോൾ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മേഖലാടിസ്ഥാനത്തിലുള്ള ഡിവൈഎസ്പിക്കാണ് വിവരങ്ങൾ നൽകുന്നത്. പലപ്പോഴും സംഭവങ്ങളുണ്ടായതിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പല കാര്യങ്ങളും അറിയുന്നതെന്നത് സേനയ്ക്കുള്ളിലും പുറത്തും പരസ്യമായ രഹസ്യമാണ്. (തുടരും)
-വി.എസ്. രതീഷ്