മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാരുടെ സംഭാവനകൾ കുന്നോളമുണ്ടായിരുന്നു. അടുത്തിടെയിറങ്ങിയ ന്യൂജനറേഷൻ സിനിമകളിലും മലപ്പുറത്തിൻറെ പരിസരങ്ങളും സംസ്കാരവും വിജയകഥകളായി കുടിയേറിക്കഴിഞ്ഞു. പൊന്നാനിയിലെ കഥ പറഞ്ഞ കിസ്മത്തും മലപ്പുറത്തുകാരുടെ ഫുട്ബോൾ പ്രണയത്തെക്കുറിച്ചു വരച്ചിട്ട കെഎൽ പത്തും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. കിസ്മത്തിൻറെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയുടെയും കെഎൽ പത്തിൻറെ സംവിധായകൻ മുഹ്സിൻ പെരാരിയുടെയും കന്നിചിത്രങ്ങൾ സ്വന്തം നാടിൻറെ കഥയാണ് പറഞ്ഞത്. ഫുട്ബോൾ കഥ പറയുന്ന ബ്യൂട്ടിഫുൾ ഗെയിം, നിലന്പൂർ മേഖലയിലെ മൈസൂർ കല്യാണത്തിൻറെ ദുരിതകഥ പറയുന്ന മൈസൂർ 150 കിലോമീറ്റർ എന്നീ അണിയറയിലുള്ള സിനിമകളും മലപ്പുറത്തെ അടയാളപ്പെടുത്തുന്നു. പൊന്നാനിയുടെ ലാൻഡ്സ്കേപിൽ അണിയിച്ചൊരുക്കിയ പ്രണയകഥയായ കിസ്മത്ത് അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലാണ് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി കിസ്മത്ത് ആവിഷ്കരിച്ചത്. 2011ൽ പൊന്നാനി പോലീസ് സ്റ്റേഷന് അകത്ത് യഥാർഥമായി നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. 28 കാരിയായ ദളിത് യുവതിയും 23 കാരനായ മുസ്ലിം യുവാവും തങ്ങളുടെ പ്രണയം സഫലീകരിക്കാൻ സഹായമഭ്യർഥിച്ച് സ്റ്റേഷനിലെത്തുന്ന കഥ.

മലപ്പുറത്തിന്റെ പ്രാദേശിക സംസ്കാരത്തിൽ മുഹ്സിൻ പെരാരിയൊരുക്കിയ വ്യത്യസ്തതയുള്ള ചലച്ചിത്ര ആഖ്യാന ശ്രമമായിരുന്നു കെഎൽപത്ത്. ഫുട്ബോൾ ഭ്രമവും നാടിൻറെ നന്മയും രുചിയുള്ള ഭക്ഷണവും നിഷ്കളങ്കരായ മനുഷ്യരെയുവുമെല്ലാം കൃത്യമായി ഒപ്പിയെടുത്തു. മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിലെ കഥ, മലപ്പുറത്തുകാരുടെ ഭാഷയിൽ, മാപ്പിളപ്പാട്ടിൻറെ അകമ്പടിയോടെ പറയുന്ന ഫുട്ബോൾപ്രണയസൗഹൃദ ചിത്രമായിരുന്നു കഐൽ പത്ത്. മലപ്പുറത്തുകാരുടെ ചോരയിലും മജ്‌ജയിലും അലിഞ്ഞു നിൽക്കുന്ന ഫുട്ബോൾ കളിയെ അടിസ്‌ഥാനമാക്കിയാണ് ഫാൻറസി ലവ് സ്റ്റോറിയായ സിനിമ മുഹ്സിൻ പെരാരി ഒരുക്കിയത്.

അണിയറയിലുള്ള ബ്യൂട്ടിഫുൾ ഗെയിമിലും മലപ്പുറത്തെ ഫുട്ബോൾ ആരവങ്ങൾ നിറഞ്ഞുനിൽക്കുന്നു. പ്രശസ്തഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥാകൃത്ത് മലപ്പുറത്തെ ഫിലിം സൊസൈറ്റികളിൽ സജീവപ്രവർത്തകനായ വണ്ടൂർ സ്വദേശി അജയകുമാറാണ്. മലപ്പുറം ജില്ലയിലെ അരീക്കോട് ചിത്രീകരണം തുടങ്ങിയ സിനിമയിലെ രണ്ട് യൂത്ത് ഫുട്ബോൾ ടീമുകളെ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ ഓഡീഷനിലൂടെയാണ് കണ്ടെത്തിയത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം പല വെറ്ററൻ താരങ്ങളും ചില ആഫ്രിക്കൻ കളിക്കാരും വേഷമിടുന്നുണ്ട്. ഐ.എം.വിജയന് പുറമേ ജോപോൾ അഞ്ചേരിയും യു. ഷറഫലിയും സിനിമയിൽ പൃഥ്വിക്കൊപ്പം കളിക്കാനിറങ്ങുന്നു.

അനുമോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈസൂർ 150 കിലോമീറ്റർ മലപ്പുറം എടക്കരയിലായിരുന്നു ഷൂട്ടിംഗ്്. നവാഗതഗനായ തൂഫൈയിൽ സംവിധാനം ചെയ്യുന്ന ചിത്രം മലപ്പുറത്തെ നിർധന യുവതികളെ ഇരകളാക്കുന്ന മൈസൂർകല്യാണങ്ങളെക്കുറിച്ചു പ്രമേയമാകുന്നു. അടുത്തകാലത്തിറങ്ങിയ കുട്ടികളുടെ സിനിമയായ മഡ്മസ എടപ്പാളിലായിരുന്നു ഷൂട്ടിംഗ്. പൊന്നാനി സ്വദേശിയായ ജയൻരാജ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒപ്പം നിർമാണവും നിർവഹിച്ച സിനിമ കളിസ്‌ഥലങ്ങൾ നഷ്‌ടപ്പെട്ടവരുടെ വീണ്ടെടുപ്പിൻറെ കഥയാണ്. കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമയായി പേരെടുത്ത ലസാഗുവിൻറെ സംവിധായകർ പാണ്ടിക്കാട് സ്വദേശികളായ സുമോദ്–ഗോപുവാണ്.

ഷൊർണൂർ–നിലന്പൂർ റെയിൽ പാത മലയാള സിനിമയുടെ പ്രധാന ഷൂട്ടിംഗ്് ലൊക്കേഷനായിരുന്നു. ഈ റൂട്ടിൽ തിരക്ക് കുറവായിരുന്നതിനാൽ ട്രെയിൻരംഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരുന്നത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത,് നാദിയ കൊല്ലപ്പെട്ട രാത്രി, നന്പർ ട്വൻറി മദ്രാസ് മെയിൽ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ഈ പാതയിലായിരുന്നു. എഴുപതുകളിലെയും എൺപതുകളിലെയും ചില സിനിമകൾക്കും ഈ പാത ലൊക്കേഷനായിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയ്ക്കായി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻറെ മുഖഛായ തന്നെ കലാസംവിധായകൻ ബാവ മാറ്റിയിരുന്നു. കാണാക്കിനാവ്, സ്നേഹദൂത്, ഭാർഗവീനിലയം, എന്നെന്നും കണ്ണേട്ടൻറെ, കരിപുരണ്ട ജീവിതങ്ങൾ, അനുഭവങ്ങളെ നന്ദി, കുട്ടിക്കുപ്പായം തുടങ്ങിയ സിനിമകൾ നിലന്പൂരും ലൊക്കേഷനായിട്ടുണ്ട്. ചങ്ങരംകുളം മുക്കുതല ഗ്രാമത്തിലാണ് നിർമാല്യം ഷൂട്ട് ചെയ്തത്. പെരിന്തൽമണ്ണയിൽ ഷൂട്ട് ചെയ്ത അത്തം ചിത്തിര ചോതി, മാറാത്ത നാട്, 1921, മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കുറച്ചുഭാഗം ഷൂട്ട് ചെയ്ത പാലേരിമാണിക്യം, ഗസൽ, സർഗം കൂടാതെ ഈ സ്നേഹതീരത്ത്, അമൃതംഗമയ, ഊതിക്കാച്ചിയ പൊന്ന്, ഋതുഭേദം എന്നിവയും മലപ്പുറത്തിൻറെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങളാണ്.


മലപ്പുറം ജില്ലയിലെ ആദ്യ സിനിമാ സംവിധായകനാണ് മേലാറ്റൂർ രവിവർമ. നടൻ ജയൻറെ കോളിളക്കം സിനിമയുടെ സംഭാഷണ രചന നിർവഹിച്ചതും രവിവർമയാണ്. സംവിധാനം ചെയ്ത ആദ്യചിത്രം അനുഗ്രഹം രവിവർമയെ ശ്രദ്ധേയനാക്കി. സിനിമയിൽ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, നാലു പ്രഫഷനൽ നാടകങ്ങൾ. 60 നാടകഗാനങ്ങൾ 15 റേഡിയോ നാടകങ്ങൾ അടക്കം ചെയ്തു ശ്രദ്ധേയനായ പരത്തുള്ളി രവീന്ദ്രൻ എടപ്പാൾ സ്വദേശിയാണ്. പ്രശസ്ത സൗണ്ട് എൻജിനിയർ വി.ബി.സി.മേനോൻറെ സ്വദേശം മഞ്ചേരി പന്തല്ലൂരാണ്. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ ശബ്ദലേഖകനായി മേനോൻ ജോലി ചെയ്തു.

പതിനാലാം രാവ് എന്ന സിനിമയിലെ നിലന്പൂർ ഷാജി പാടിയ അഹദോൻറെ തിരുനാമം എന്ന ഗാനം ഇന്നും ഹിറ്റാണ്. പതിനാലാം രാവിനു പുറമെ സീതാലക്ഷ്മി, അനന്തപുരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. ദുബായ് കത്തുപാട്ടുകളിലൂടെ പ്രസിദ്ധനായ പരേതനായ എസ്.എ.ജമീലിൻറെ സഹോദരനാണ് അദ്ദേഹം. പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ദൈവത്തിൻറെ നാമത്തിൽ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത്, റഹ്മാൻ, നിലന്പൂർ ബാലൻ, നിലന്പൂർ ആയിഷ, നിലന്പൂർ സീനത്ത്, അത്ഭുത ദ്വീപ് മുതൽ സിനിമയിൽ സജീവമായ പൂക്കോട്ടുംപാടം സ്വദേശി വിജയകൃഷ്ണൻ, തിരക്കഥാകൃത്തുക്കളും കൊണ്ടോട്ടി സ്വദേശികളുമായ സഹോദരങ്ങൾ ടി.എ.റസാഖ്, ടി.എ.ഷാഹിദ്, മോഹൻലാലിൻറെ ശിക്കാറിൽ വില്ലനായ പോത്തുകൽ സ്വദേശി ജയിൻ സിറിയക് ബാബു, മഞ്ചേരി ചന്ദ്രൻ, വളാഞ്ചേരിയിൽ വേരുകളുള്ള നടി ശ്വേതാ മേനോൻ, ഫാസിൽ ചിത്രത്തിലൂടെ രംഗത്തുവന്ന തിരൂർകാരനായ ഹേമന്ത് മേനോൻ, ഇലപൊഴിയും ശിശിരത്തിൽ എന്ന സൂപ്പർഹിറ്റ് ഗാനമെഴുതിയ കോട്ടക്കൽ സ്വദേശിയായ കുഞ്ഞിമൊയ്തീൻ, പ്രമുഖനിർമാതാവായ മണ്ണിൽ മുഹമ്മദ്, മഞ്ചേരിക്കാരനായ ചലച്ചിത്രനിരൂപകൻ അശ്വതി, കൊണ്ടോട്ടിക്കാരനായ സിനിമാസംവിധായകൻ സിദ്ദീഖ് താമരശേരി, വസ്ത്രാലങ്കാരകനായി തിളങ്ങിയ കുമാർ എടപ്പാൾ, കുറ്റിപ്പുറം സ്വദേശിയായ കാമറാമാൻ റഷീദ് മൂപ്പൻ, മഞ്ചേരിക്കാരനായ താന്തോന്നി സിനിമയുടെ സംവിധായകൻ ജോർജ് വർഗീസ്, പെരിന്തൽമണ്ണ സ്വദേശിയായ നടി രസ്ന, നിവേദ്യത്തിലൂടെ രംഗത്തുവന്ന തേഞ്ഞിപ്പലം സ്വദേശി അപർണ നായർ, പൊന്നാനിക്കാരനായ സംവിധായകൻ സലാം ബാപ്പു, പ്രശസ്തകാമറാമൻ മങ്കട രവി വർമ, സാഹിത്യകാരനും സിനിമാകഥാകൃത്തുമായ ആലങ്കോട് ലീലാകൃഷ്ണൻ, നോവലിസ്റ്റും ചലച്ചിത്രകാരനുമായ ചമ്രവട്ടം സ്വദേശി സി.രാധാകൃഷ്ണൻ, അടുത്തകാലത്തിറങ്ങിയ ആനന്ദം എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ചേരിക്കാരിയായ അനു ആൻറണി, എടപ്പാൾ സ്വദേശിയായ നടൻ സുകുമാരൻ, നടൻ രവി വള്ളത്തോൾ, മഞ്ചേരിക്കാരനായ നടൻ ടോണി, രുദ്രൻ, സുരേഷ് തിരുവാലി, ദേശീയഅവാർഡ് നേടിയ ഐനിലൂടെ ശ്രദ്ധേയനായ തേഞ്ഞിപ്പലം സ്വദേശിയായ മുസ്തഫ, ഗായകൻ കൃഷ്്ണചന്ദ്രൻ, സംവിധായകൻ എ.ടി.അബു, നിർമാതാവും സംവിധായകനുമായ സമദ് മങ്കട, പാട്ടെഴുത്തുകാരി ആശാ രമേശ്, പട്ടാളത്തിൻറെ തിരക്കഥാകൃത്ത് റെജി നായർ, സംഗീതസംവിധായകൻ ഷഹബാസ് അമൻ, മേക്കപ്പ്മാനായ വണ്ടൂർ ഹസൻ, പെരിന്തൽമണ്ണ സ്വദേശിയായ വസ്ത്രലങ്കാരവിദഗ്ധ സബിതാ ജയരാജ്, നിരവധി ഹിറ്റ് സിനിമകൾ നൽകിയ തിരക്കഥാകൃത്ത് കുറ്റിപ്പുറംകാരൻ ഡോ.ഇക്ബാൽ തുടങ്ങി സിനിമാലോകത്തുള്ള മലപ്പുറം കലാകാരൻമാരുടെ ലിസ്റ്റ് നീണ്ടതാണ്. എം.നിഷാദ് സംവിധാനം ചെയ്തു പശുപതി അഭിനയിച്ച വൈരം എന്ന സിനിമയിൽ പീഡനത്തിനിരയായി മരിച്ച മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ കഥയാണ് പ്രമേയമായത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പ്രതിയെ കൊലപെടുത്തിയെന്നായിരുന്നു കേസ്. തെളിവില്ലെന്ന കാരണത്താൽ പെൺകുട്ടിയുടെ പിതാവിനെ വിട്ടയയ്ക്കുകയായിരുന്നു. സൗമ്യകൊലക്കേസിലെ വിധിയെത്തുടർന്നു ഈ സംഭവം അടുത്തകാലത്തു വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഹോംസിനിമകൾ, ആൽബങ്ങൾ എന്നിവയുടെ പറുദീസയാണ് മലപ്പുറം.

മലപ്പുറമെന്ന പേരു ടൈറ്റിലിൽ എത്തിയ സിനിമയാണ് മലപ്പുറം ഹാജി മഹാനായ ജോജി. സിനിമകളിലെ സംഭാഷണപ്രയോഗങ്ങളിൽ മലപ്പുറം കത്തിയും കടന്നുവരുന്നു. മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന മമ്മൂട്ടി, നിലന്പൂരിലെ ഫിലിം സൊസൈറ്റിയുടെ സിനിമകൾ കാണാൻ മമ്മൂട്ടി എത്തിയിരുന്നതായും പഴയ സിനിമാപ്രവർത്തകർ ഓർക്കുന്നു. നിലന്പൂരിൽ രണ്ടുതവണ നടന്ന ഐഎഫ്കെ അന്തർദേശീയ ചലച്ചിത്രോത്സവം വിജയമായിരുന്നു.

മലപ്പുറത്തെ ചലച്ചിത്രആസ്വാദകവളർച്ചയ്ക്ക് വിവിധ കാലഘട്ടങ്ങളിൽ സംഭാവന നൽകിയ രശ്മി, മോണ്ടാഷ്, വള്ളുവനാട്, മലബാർ, കാണി, ഫ്രെയിം, നിലന്പൂർ, സംസ്കാര തുടങ്ങിയ ഫിലിം സൊസൈറ്റികളെയും പറയാതെ പോകാനാവില്ല.

–രഞ്ജിത് ജോൺ