തെരുവു നായ്ക്കൾക്ക് ഒരു സ്വർഗരാജ്യം
യാതൊരു ആകുലതകളുമില്ലാതെ അടിച്ചുപൊളിച്ചുകഴിയാൻ ഒരിടമുണ്ടെങ്കിൽ അതിനെ സ്വർഗം എന്നു വിളിച്ചാൽ തെറ്റാകുമെന്ന് ആരും പറയില്ല. സ്വർഗം കിട്ടിയാൽ പിന്നെ മറ്റെന്തുവേണം.
സെൻട്രൽ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയിലുണ്ട് ഇത്തരത്തിൽ ഒന്ന്. അലഞ്ഞുതിരിയുന്ന നായ്ക്കൾക്കുവേണ്ടിയുള്ളതാണ് ഇത്. ഈ സ്വർഗരാജ്യത്തിന്റെ ശരിക്കുമുള്ള പേര് ടെറിട്ടോറിയോ ദെ സാഗുവേറ്റ്സ് എന്നാണ്. സ്പാനീഷ് ഭാഷയിൽ തെരുവുനായ്ക്കളുടെ ദേശം എന്നാണ് അർഥമെങ്കിലും ഇവിടത്തെ നാലുകാലുകാരായ അന്തേവാസികൾക്ക് ഇത് ശരിക്കും ഒരു സ്വർഗരാജ്യമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന ഈ സ്‌ഥാപനം നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് എൽസിയാലോ ഡെസ് പാരോസ് (നായ്ക്കളുടെ സ്വർഗം) എന്നാണ്. നായ്ക്കളുടെ സ്വർഗരാജ്യം എന്ന തലക്കെട്ടിൽ വിദേശ മാധ്യമങ്ങൾ ഈ സ്‌ഥാപനത്തെ സംബന്ധിച്ച് നൽകിയിട്ടുള്ള വാർത്തകൾക്കും ഫീച്ചറുകൾക്കും കണക്കില്ല.

വെറുതെ പറയുന്നതല്ല, ശരിക്കും സ്വർഗമാണ് ഇവിടം. അനാഥരായി അലഞ്ഞുതിരിയുന്ന നായ്ക്കളെല്ലാം ഇവിടെ എത്തിയാൽ സനാഥരാണ്. ഭക്ഷണത്തെക്കുറിച്ചോ സുരക്ഷയെ ക്കുറിച്ചോ ആകുലപ്പടേണ്ട. ഇഷ്‌ടംപോലെ തിന്നുകുടിച്ച് കളിച്ചുമദിച്ച് നടക്കാം. കിടക്കകൾ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവർക്കുണ്ടിവിടെ.

കോസ്റ്റാറിക്കയുടെ തലസ്‌ഥാനമായ സാൻഹൊസേയിൽനിന്ന് ഒരുമണിക്കൂർ യാത്രചെയ്താൽ ഇവിടത്തെ കാഴ്ചകൾ നേരിൽ കാണാം. ഹെറേദിയ പ്രവിശ്യയിലെ സാന്താമരിയ മലനിരയിലാണ് ഈ സർവസ്വതന്ത്രരാജ്യം.

സാധാരണ നായ്ക്കൾക്ക് ഇവിടെ പ്രവേശനമില്ല. സർവരാലും ഉപേക്ഷിക്കപ്പെട്ട് അനാഥരായി തെരുവിൽ അടഞ്ഞുതിരിയുന്ന നായ്ക്കൾ മാത്രമാണ് ഇവിടെ ഉള്ളത്. സന്നദ്ധസേവകരും തെരുവിലെ നായ്ക്കളിൽ അനുകമ്പതോന്നുന്നവരും ഇവിടെ എത്തിക്കുന്ന നായ്ക്കൾക്ക് രാജകീയ വരവേൽപ്പാണ് ഇവിടെ ലഭിക്കുക.പുതുമുഖങ്ങൾ ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന ഉടനേ ശരീരത്തലെ അണുക്കളേയും ചെറുപ്രാണികളേയും ഇല്ലാതാക്കാൻ ചില മരുന്നു പ്രയോഗങ്ങളാണ് ആദ്യം നടക്കുക. തുടർന്ന് രാജകീയമായ കുളിയും ഭക്ഷണവും. തെരുവിലെ അലച്ചിലും രോഗവുംകൊണ്ട് അവശരാണ് അതിഥിയെങ്കിൽ ചികിത്സയും പ്രത്യേക പരിചരണവും തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കും. അതിനുശേഷം പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവും നടത്തും. പിന്നെ തുറസായ മലമ്പ്രദേശത്ത് ആയിരത്തോളം വരുന്ന സുഹൃത്തുക്കൾക്കൊപ്പും എത്ര വേണമെങ്കിലും കളിച്ചു നടക്കാം.

വിശപ്പിന് കൃത്യസമയത്ത് പ്രധാന ഓഫീസിൽ പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ളിടത്ത് ഭക്ഷണം കിട്ടും. പുറത്തുകറങ്ങി നടക്കുന്നവർക്ക് മലനിരയിലെ ചിലയിടങ്ങളിലും ആഹാരം എത്തിക്കും. വയറുനിറഞ്ഞാൽ ഒരുറക്കമാവാം.മരത്തണലിലോ പ്രത്യേകം ഒരുക്കിയിട്ടുള്ള കിടക്കകളിലോ തുറസ്സായി കിടക്കുന്ന എവിടെ വേണമെങ്കിലുമോ ആവാം ഈ ഉറക്കം. ഇടയ്ക്ക് ദാഹിക്കുന്നുണ്ടെങ്കിൽ അതകറ്റാൻ പ്രധാന ഓഫീസിലടക്കം നിരവധി സ്‌ഥലങ്ങളിൽ ശുദ്ധജലം ക്രമീകരിച്ചിട്ടുണ്ട്.

കുളി മലനിരയിലൂടെ ഒഴുകുന്ന അരുവികളിലാകാം. അത് ഇഷ്‌ടമില്ലാത്തവർക്കായി കൃത്രിമ അരുവികൾ ഉണ്ടാക്കിയിട്ടുണ്ട്.

സ്നേഹത്തിന്റെ കുറവുകൊണ്ട് ഇവിടത്തെ സ്വർഗ അന്തരീക്ഷത്തിന് കോട്ടമുണ്ടാകരുത് എന്ന നിഷ്കർഷ എട്ടുവർഷംമുമ്പ് ഈ സ്‌ഥാപനം ആരംഭിച്ച ലിയ ബാറ്റിൽ എന്ന വനിതയ്ക്കുണ്ട്. അതുകൊണ്ടുതന്നെ നായ്ക്കളെ മക്കളെപ്പോലെ നോക്കുന്നവരാണ് എന്നുറപ്പുവരുത്തിയേ ഇവിടെ സന്നദ്ധസേവനം നടത്താനുള്ളവരെ തെരഞ്ഞെടുക്കാറുള്ളൂ. ലിയയുടെ ഭർത്താവും നടത്തിപ്പിൽ സഹായിയുമായ അൽവരോ സാമുവലും നായ്ക്കളുടെ ക്ഷേമം ഉറപ്പുവരുത്തി എപ്പോഴും ഇവയോടൊപ്പമുണ്ട്. ഇവിടത്തെ ജീവനക്കാരും അകമഴിഞ്ഞ നായ്സ്നേഹകളാണ്. അങ്ങനെയുള്ളവർക്കേ ഇവിടെ ജോലി നൽകാറുള്ളൂ.
ഇവിടെ എത്തുന്നവർ നൽകുന്ന പണവും സുമനസുകളുടെ സംഭവനയും കൊണ്ടാണ് സ്വർഗത്തിന്റെ നടത്തിപ്പ്. പത്തുവർഷം മുമ്പ് ഈ സ്‌ഥാപനം ആരംഭിക്കുമ്പോൾ സാമ്പത്തിക ക്ലശം ചില്ലറയായിരുന്നില്ല. എന്നാൽ ഇന്ന് ഏറെപ്പേരുടെ സ്‌ഥിരമായ സഹായമുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്താൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഏറെ നായ്ക്കളെ സനാഥരാക്കൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ലിയ. നായ്ക്കളുടെ സ്നേഹത്തിന് നടുവിൽ കഴിയുക എന്നത് വിവരിക്കാൻ കഴിയാത്ത സന്തോഷമാണ് നൽകുന്നത് എന്നും അവർ പറയുന്നു.

കോസ്റ്റാറിക്കയിലെ ഒരു പ്രധാനപ്പെട്ട ആകർഷണകേന്ദ്രമാണ് ഈ സ്വർഗരാജ്യം. ഈ രാജ്യത്തെത്തുന്നവരിൽ വളരെ ഏറെപ്പേർ ഇവിടത്തെ നായ്ക്കളെ കാണാനും അവയോടൊപ്പം സമയം ചെവവഴിക്കാനും ആഗ്രഹിക്കുന്നരാണ്. ഓരോ വർഷവും ലക്ഷങ്ങളാണ് ഇവിടം സന്ദർശിക്കുന്നത്. വിനോദസഞ്ചാരികൾക്ക് നായ്ക്കളോടൊപ്പം കളിക്കാനും അവയെ താലോലിക്കാനും ഒപ്പം ഫോട്ടോ എടുക്കാനുമൊക്കെ അവസരമുണ്ട്. കൂടാതെ അവയ്ക്കൊപ്പം മലഞ്ചെരുവിലൂടെ ഒരു യാത്രയുമാകാം.

സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത് എന്നാൽ പ്രധാനമായും ഇക്കാര്യങ്ങളൊന്നുമല്ല. ഇവിടെനിന്ന് തങ്ങൾക്ക്് ഇഷ്‌ടമുള്ള നായയെ ദത്തെടുക്കാനും അവസരമുണ്ട്. ഈ ആവശ്യവുമായി എത്തുന്നവർക്ക് മുമ്പിൽ സന്നദ്ധസംഘാംഗങ്ങൾ ഓരോരുത്തരേയും പേരുചൊല്ലിയാകും പരിചയപ്പെടുത്തുക. കൂടാതെ ഏത് ഇനത്തിൽ പെട്ടതാണെന്നും അറിയിക്കും. ഇനം ഏതെന്ന് അറിയാത്തവയ്ക്ക് അവ ഈ സങ്കേതത്തിൽ എത്തുന്ന ഉടനെതന്നെ പ്രത്യേക ഇനപ്പേര് ഉണ്ടാക്കി നൽകാറാണ് പതിവ്. കാരണം അലഞ്ഞുതിരിയുന്നവയായതിനാൽ പല ഇനങ്ങൾ കൂടിച്ചേർന്നതായിരിക്കും ഇവയിൽ മിക്കവയും. അതുകൊണ്ടുതന്നെ ഇവിടെനിന്ന് ദത്തെടുക്കുന്നവർക്ക് ലോകത്തെങ്ങുമില്ലാത്ത ഇനത്തെ ദത്തെടുക്കാം എന്നാണ് ഇവിടത്തെ മുദ്രാവാക്യം.

ഇവിടെ എത്തുന്നവയിൽ ഭൂരിഭാഗവും ദത്തെടുക്കപ്പെട്ട് നല്ല ജീവിത സാഹചര്യങ്ങളിലേക്കാണ് പോയിട്ടുള്ളത്. പൊതുവേ കോസ്റ്റാറിക്ക, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവയെ ദത്തെടുത്തു കൊണ്ടുപോകാറുള്ളത്. ശാരീരിക ന്യൂനതകൾകൊണ്ടോ മറ്റോ അവഗണിക്കപ്പെട്ടുകഴിയുന്നവർ പക്ഷെ നിരാശരാകേണ്ട. കാരണം ഇത്തരക്കാർക്ക് അവസാനം വരെ ഈ സ്വർഗത്തിൽ അല്ലലില്ലാതെ കഴിയാം.

–ജോസി