തന്റെ ജീവിതം തന്നെ നടത്തമാക്കിയതിന് കാലം രാജേന്ദ്രന് ബഹുമതി നൽകിയേക്കും. തമിഴ്നാട്–കേരളം അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാൻവിള സ്വദേശി ചെല്ലയ്യൻ മകൻ രാജേന്ദ്രൻ നടന്നാണ് ജീവിതം നീക്കുന്നത്... അതും ശരവേഗത്തിൽ. തിരുവനന്തപുരം –കന്യാകുമാരി ദേശീയ പാതയിലൂടെ പായുന്ന രാജേന്ദ്രൻ നമ്മൾ കാണുന്ന അപൂർവതയിൽ അപൂർവ്വം ചിലരിൽ ഒരാളെന്ന് സാക്ഷ്യപ്പെടുത്തുന്നു.

തളച്ചാൻ വിളയിൽ ചെല്ലയ്യന്റെയും പൊന്നമ്മയുടെയും മകനായ രാജേന്ദ്രൻ ഇന്ന് നാടിന്റെ ഓമനയാണ്. 55 വയസ്സുള്ള രാജേന്ദ്രനെ ( കണ്ടാൽ അത്രയും തോന്നില്ല) പ്രശസ്തനാക്കുന്നത് അയാളുടെ നടത്തമാണ്. ജനിച്ചത് മുതൽ നടക്കുന്നതിനോടാണ് പ്രണയം. നടക്കാൻ കുട്ടിക്കാലത്തേ വലിയ താൽപ്പര്യമായിരുന്നു.എന്നാൽ പഠിക്കാൻ അധികം താൽപ്പര്യം തോന്നാത്തതിനാൽ സ്കൂളിൽ നടന്നുപോകാത്തതിന്റെ കുറ്റബോധം ഇപ്പോൾ രാജേന്ദ്രനുണ്ട്. എന്നാലും നടത്തത്തെ ഇഷ്‌ടപ്പെടുന്നു. അതിനാൽ തന്നെ എവിടെയും പോകുന്നത് നടന്നാണ്; അടുത്തും ദൂരത്തും. കഴിഞ്ഞ 30 വർഷമായി ബസിലും മറ്റ് വാഹനങ്ങളിലും കയറാത്ത, നടപ്പിനെ ഇഷ്‌ടപ്പെടുന്ന രാജേന്ദ്രന് അങ്ങനെയാണ് ആ പേര് വീണത്–നടത്തം രാജേന്ദ്രൻ. അതിനാൽ രാജേന്ദ്രന് ബസ് കൂലി കൂട്ടിയാലും ഇന്ധനവില വർധിപ്പിച്ചാലും ഒരു പ്രശ്നമേയല്ല.

രാജേന്ദ്രന്റെ കാലുകളുടെ വേഗം മണിക്കൂറിൽ 15 കിലോമീറ്റർ. കൂടുതൽ ദൂരം നടക്കണമെങ്കിൽ അതനുസരിച്ച് വേഗവും വർധിക്കും.

കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ നടത്തത്തിൽ സ്വർണം നേടിയ ചൈനയിലെ ചെൻഡിംഗിന്റെ വേഗം 20 കിലോമീറ്റർ നടക്കാൻ ഒരു മണിക്കൂർ 18 മിനിറ്റ് വേണം. അതിന് മുൻപുള്ള ജേതാവ് റഷ്യക്കാരൻ സെർഗി മോറോസോവിന്റെ റിക്കാർഡ് ഒരു മണിക്കൂർ 16 മിനിറ്റാണ്. ഇൻഡ്യയെ പ്രതിനിധീകരിച്ച ഗുർമീത് സിങ്ങിന്റെ വേഗം 20 കിലോമീറ്റർ നടക്കാൻ വേണ്ടത് ഒരു മണിക്കൂർ 22 മിനിറ്റാണ്. ഇവിടെയാണ് രാജേന്ദ്രൻ എന്ന വ്യക്‌തിയുടെ അപൂർവത മനസിലാകുന്നത്. രാജ്യത്തിന് നഷ്‌ടമായ ഒരു കായിക പ്രതിഭയുടെ വില. പാറൾാല നിന്നും തലസ്‌ഥാനത്ത് എത്താൻ രാജേന്ദ്രന് വേണ്ടത് ഒന്നര മണിക്കൂർ. ഗതാഗത തിരക്കേറിയ റോഡിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി വാഹനങ്ങൾ കിതയ്ക്കുമ്പോൾ അതിനേക്കാൾ മുമ്പേ രാജേന്ദ്രൻ എത്തിയതിന് എത്രയോ തെളിവുകൾ.



കേരളത്തിലെയും തമിഴ്നാട്ടിലെയും മിക്ക സ്‌ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. എല്ലാം കാൽനടയായി. ഒരിടത്ത് വെറുതെയിരിക്കാൻ രാജേന്ദ്രന് ഇഷ്‌ടമില്ല. വെറുതെയിരിക്കുന്ന സമയത്ത് കുറെ നടക്കാം എന്നതാണ് കാഴ്ചപ്പാട്. അതിനാൽ തന്നെ യാത്ര പോകും. ഹർത്താലും ബന്തും വരുമ്പോൾ രാജേന്ദ്രൻ വിജനമായ നിരത്തിലൂടെ ഒരു പിടുത്തമാണ്. വാഹനങ്ങളെ പേടിക്കാതെ പോകാം. ഒന്നുകിൽ കന്യാകുമാരി അല്ലെങ്കിൽ തിരുവനന്തപുരം.

സ്‌ഥിരം നടക്കുന്നതിനാൽ രാജേന്ദ്രന് ഏറെ പരിചയക്കാരുണ്ട.് എത്രയോ പേരെ പരിചയപ്പെട്ട രാജേന്ദ്രന് അതാണ് പ്രിയമായി കാണുന്നതും. നടത്തയെന്ന പേര് നൽകി നാട്ടുകാർ ഏറെക്കാലം മുഖ്യധാരയിൽ നിന്നും അകറ്റിനിറുത്തിയിരുന്നു. മയക്കുമരുന്നിന്റെ അടിമയെന്നും മനശ്ചാഞ്ചല്യം ഉള്ളയാളെന്നും പറഞ്ഞ് മാറ്റി നിറുത്തപ്പെട്ട രാജേന്ദ്രൻ ഇപ്പോൾ നാട്ടാരുടെ പ്രിയപ്പെട്ടവനായി മാറി. നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു നടത്തം രാജേന്ദ്രൻ.


കഴിഞ്ഞ 35 വർഷമായി തുടരുന്ന സപര്യക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത വേദനയിലാണ് ഈ പാവം. നാട്ടിൽ നിരവധി മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കണ്ണൂർ മുനിസിപ്പാലിറ്റി നടത്തിയ കേരളോൽസവത്തിൽ പ്രത്യേക അതിഥിയായി എത്തി സമ്മാനങ്ങൾ നേടി. അന്ന് കണ്ണൂർ വരെ പോയത് നടന്നായിരുന്നു. രാജേന്ദ്രൻ തന്റെ വേറിട്ട സമാധാന യജ്‌ഞം നടത്തിയത് 2009 ൽ. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു നടത്തം നടത്തി. കളിയിക്കാവിള നിന്നും ചെന്നൈ വരെ നടന്നു– 755 കിലോമീറ്റർ ദൂരം. എട്ടു പകലുകൾ കൊണ്ട് നടന്ന് ചെന്നൈയിൽ എത്തുമ്പോൾ വൻ സ്വീകരണമാണ് അവിടെ ലഭിച്ചത്. തിരികെയും നടന്നാണ് വന്നത്. സമ്മാനം വാങ്ങാൻ യോഗ സ്‌ഥലത്തു പോയതും നടന്നാണ്.

തന്റെ നടത്തത്തിലൂടെ മാനവികതയുടെ സന്ദേശം എത്തിക്കണമെന്നാണ് രാജേന്ദ്രന്റെ മോഹം. അതിനാൽ ഒരു വൻനടത്തത്തിന്റെ ആലോചനയിലാണ് ഇദ്ദേഹം. കന്യാകുമാരിയിൽ നിന്നും കാഷ്മീർ വരെ സമാധാനത്തിന്റെ സന്ദേശവുമായി ഒരു യാത്ര. എന്നാൽ അതിനുള്ള സാമ്പത്തികശേഷി രാജേന്ദ്രന് ഇല്ല. ആരെങ്കിലും സഹായിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് നടത്തം രാജേന്ദ്രൻ.

ജീവിതത്തിൽ ദൗർബല്യങ്ങൾ ഉള്ളവരായി ആരാണ് ഇല്ലാത്തത്. പാവം രാജേന്ദ്രനും അതുണ്ട്. ചെരുപ്പുകൾ. അതാണ് ദൗർബല്യം. നടത്തത്തിന് തടസ്സം കേടാവുന്ന ചെരുപ്പുകൾ. ഏതു തരം ചെരുപ്പുകൾ വാങ്ങിയാലും അത് രണ്ടാഴ്ചയ്ക്കുള്ളിൽ തേഞ്ഞു തീരും. പുതിയവ വാങ്ങാനുള്ള പണം സ്വരൂപിക്കുക അതാണ് അടുത്ത ശ്രമം. ചായ അതൊരു ഹരമാണ്. ദിവസവും 25 ചായയെങ്കിലും അകത്താക്കും. ദൂരത്തിന് അനുസരിച്ച് ചായയുടെ എണ്ണവും കൂടും. മൽസ്യവും ഇറച്ചിയും അധികം കഴിക്കാറില്ല. പച്ചക്കറികളോടാണ് അധിക താൽപ്പര്യം. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുന്നതാണ് പതിവ്. ആഹാരം എത്ര കുറച്ച് കഴിക്കുന്നവോ അത്രയ്ക്കും നടത്തത്തിൽ വേഗം കിട്ടുമെന്നാണ് രാജേന്ദ്രന്റെ പക്ഷം. മാത്രമല്ല തന്റെ നടത്തം തന്നെയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഇയാൾ പറയുന്നത് സത്യമാണ്.

ജീവിക്കാൻ കൂലിവേല തന്നെ ശരണം. രണ്ടാഴ്ച കൂലിപ്പണിയെടുക്കും. അപ്പോൾ കിട്ടുന്ന തുകയിൽ ഒരംശം നിത്യവൃത്തിക്ക്. കൂടുതൽതു

ക വിനിയോഗിക്കുന്നത് ചെരിപ്പുകൾ വാങ്ങാൻ. പഞ്ചായത്ത് നൽകിയ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നടത്തത്തിനിടയിൽ ദാമ്പത്യം നഷ്‌ടമായതിന്റെ വേദനയുമില്ല.

നടത്തത്തിലൂടെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പരത്തുന്ന രാജേന്ദ്രൻ തന്റെ മോഹങ്ങൾ പൂർത്തീകരിക്കാൻ ആരു സഹായിക്കുമെന്ന ചോദ്യമാണ് ഉയർത്തുന്നത്. ചെരുപ്പുകൾ, അതാണ് അത്യാവശ്യം. നടത്തം ആരോഗ്യത്തിന് സഹായിക്കുമെന്ന സത്യം നിലനിൽക്കെ അത് പ്രാവർത്തികമാക്കുകയും അതിലൂടെ ചില സന്ദേശങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഈ കൂലിപ്പണിക്കാരനെ സഹായിക്കാൻ കരങ്ങൾ ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൂലിപ്പണിക്കിടെ തന്റെ മോഹങ്ങൾ പങ്കു വയ്ക്കുന്ന രാജേന്ദ്രൻ.

– കോട്ടൂർ സുനിൽ