പുലിവട്ടം
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോടെയാണ് തൃശൂരിന്റെ നഗരവഴികളിൽ പുലികൾ സ്വൈരവിഹാരം നടത്തുക. തൃശൂർ പൂരത്തിന് ആനച്ചന്തം നിറയുന്ന ശക്‌തന്റെ തട്ടകത്തെ രാജവീഥികൾ ഓണത്തിന്റെ നാലാം സായാഹ്നം പുലികളുടെ രൗദ്രഭാവത്തിന് വിട്ടുകൊടുക്കും. പിന്നെ പുലിക്കാഴ്ചകൾ മാത്രം....

കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം ഓണാഘോഷം കൊടിയിറങ്ങുമ്പോൾ തൃശൂരിന്റെ ഓണാഘോഷം നാലോണനാളിലാണ് ക്ലൈമാക്സിലെത്തുക. അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാലോണനാളിലാണ് തൃശൂരിന്റെ പുലികൾ നഗരത്തിലെത്തി അലറിയാർത്ത് തൃശൂർക്കാർക്ക് ഓണാശംസ നേരുക. അതു കേട്ട് പുലിക്കളിയുടെ രൗദ്രതയും വന്യതയും കൺകളിലേക്ക് പകർത്തി അരമണിയുടെയും കാൽചിലമ്പിന്റെയും താളം ഹൃത്തടത്തിലേറ്റുവാങ്ങിയാണ് തൃശൂർക്കാരും തൃശൂരിലെത്തുന്നവരും നാലോണ രാത്രിയിൽ വീട്ടിലേക്കു മടങ്ങുക. പിന്നെ ഒരു വർഷത്തെ കാത്തിരിപ്പാണ്, അടുത്ത പുലിക്കളിക്കു വേണ്ടി. അതുവരെ കാതിൽ ആ അലർച്ചയും ഗർജനവും മുഴങ്ങും, കണ്ണിൽ വർണങ്ങൾ പുലിക്കടലായി അലയടിക്കും, ഹൃത്തടത്തിൽ അരമണികിലുക്കവും ചിലമ്പൊലിയും കിടന്നു കലമ്പും....

<യ>പുലിമുരുകൻ എത്താൻ വൈകിയേക്കാം, പക്ഷേ പുലികൾ നാലോണത്തിന് എത്തും

തൃശൂരിന്റെ പുലിക്കളിക്ക് കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ള പുലിക്കളിയേക്കാൾ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടു തന്നെ തൃശൂരിന്റെ പുലിക്കളി കാണാൻ ദേശദേശാന്തരങ്ങളിൽ നിന്നും കടൽതാണ്ടിയും കാടുകടന്നും ആൾക്കൂട്ടമെത്തും. മഴയായാലും വെയിലായാലും പുലിമടകൾ വിട്ട് നാലോണനാളിൽ പുലികൾ തൃശൂർ റൗണ്ടിലേക്ക് അലറിപ്പായുന്ന ആ കാഴ്ചയ്ക്കിന് മണിക്കൂറുകൾ മാത്രം.. പുലിമുരുകൻ എത്താൻ വൈകിയാലും ഈ പുലികൾ കൃത്യസമയത്ത് തൃശൂരിലിറങ്ങും...

ഇത്തവണ പത്തും തികച്ചാണ് പുലിക്കളി സംഘങ്ങൾ തൃശൂരിനെ വിറപ്പിക്കാനിറങ്ങുന്നത്. മുൻകാലങ്ങളിൽ ടീമുകളുടെ എണ്ണം കുറഞ്ഞുവെന്നും പുലിക്കളി ശുഷ്ക്കിച്ചെന്നും തൃശൂരിന്റെ എന്നു പറയാവുന്ന ഈ കലാരൂപം ഇല്ലാതാകുന്നുവെന്നും വിലപിച്ചവർക്കുളള മറുപടിയാണ് ഇത്തവണത്തെ 10 പുലിക്കളി സംഘങ്ങൾ. നാൽപ്പത് പുലികൾ ഒരു ടീമിലുണ്ടെങ്കിൽ ആകെ നാനൂറ് പുലികൾ... പൂരനഗരി അക്ഷരാർത്ഥത്തിൽ പുലിനഗരിയാകുന്ന ആ കാഴ്ച കാണാൻ നേരത്തെ എത്തണേ...

<യ>തൃശൂർ റൗണ്ടിൽ ശനിയാഴ്ച പുലികള് ഇറങ്ങുംട്ടാ....

ഇത്തവണ ശനിയാഴ്ച നാലോണ നാളിൽ തൃശൂർ റൗണ്ടിൽ പുലികള് ഇറങ്ങുംട്ടാ, നല്ല കിടിലൻ പുലികള്... മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുലിക്കളി ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് തൃശൂരിലെ പുലിക്കളി ടീമുകൾ. നല്ല സ്പോൺസർമാരെ കിട്ടിയതോടെ സാമ്പത്തികപ്രശ്നം കുറെയൊക്കെ പരിഹരിക്കാനായിട്ടുണ്ട്്. അതുകൊണ്ടു തന്നെ ഇത്തവണ ടൂറിസം മന്ത്രിയുടെ ജില്ലയായ തൃശൂരിൽ പുലിക്കളി പൊരിക്കുമെന്നാണ് കണക്കൂകൂട്ടൽ. പുലിക്കളിക്ക് കൊടിയേറിയതോടെ പുലികളിറങ്ങുന്ന തട്ടകങ്ങളിലെ മടകളിൽ ആവേശം കൊട്ടിക്കയറുകയാണ്.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ലെുേ17മെ2.ഷുഴ മഹശഴി=ഹലളേ>

<യ>പുലിമുഖം കണ്ട് പുലിവാൽ തൊട്ട് പുലിച്ചമയത്തിലലിഞ്ഞ് നഗരം

ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങൾ തൃശൂർ പൂരത്തിന്റെ തലേദിവസം തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളിൽ കണ്ട് കണ്ണും മനവും നിറച്ചവർ ഇക്കുറി പുലിക്കളിക്ക് പുലിച്ചൂടു തട്ടാത്ത പുലിച്ചമയങ്ങൾ കണ്ട് മനം നിറച്ചു.

പുലിമുഖങ്ങളുടെ ചമയം ഒരു കുടക്കീഴിലാക്കിയുള്ള ’പുലിപ്പൂരം’ ചമയപ്രദർശനമാണ് ഇത്തവണ പുലിക്കളിയുടെ ഏറ്റവും വലിയ പ്രത്യേകത. തൃശൂർ പൂരത്തിന്റെ ചമയപ്രദർശനം പോലെ പുലിക്കളി ചമയങ്ങളും പുലിപ്രേമികൾക്കു നടന്നുകാണാനായി ഒരുക്കിയ പുലിച്ചമയ പ്രദർശനം പുലിക്കളി പ്രേമികളെ ഇത്തവണ നേരത്തെ നഗരത്തിലെത്തിച്ചു.

പത്ത് പുലിക്കളി ടീമുകളെയും ഉൾപ്പെടുത്തിയുള്ള പ്രദർശനം തൃശൂർ നഗരഹൃദയത്തിൽ ഒരുപാട് പുലിക്കളിക്ക് സാക്ഷ്യം വഹിച്ച ബാനർജി ഹാളിലാണ് നടത്തിയത്.

പുലിവാൽ എഴുന്നള്ളിപ്പും ചമയപ്രദർശനങ്ങളും ഒറ്റയ്ക്കൊറ്റക്ക് നടത്താറുണ്ടെങ്കിലും ഒരുമിച്ചുള്ള പുലിമുഖ ചമയപ്രദർശനം ഇതാദ്യമായിരുന്നു.

<യ> പുലികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്...

ഇത്തവണ പുലിക്കളി ടീമുകളുടെ എണ്ണം കൂടിയതുകൊണ്ടു തന്നെ മാർക്കിടുന്നതിലും കർശന സ്വഭാവം കൊണ്ടുവരുന്നുണ്ട്. സമയം തെറ്റിച്ചാൽ മാർക്കു കുറയുമെന്നതാണ് ഇത്തവണ ഓർക്കേണ്ട കാര്യം.


ഓരോ ടീമിനും അനുവദിച്ചിരിക്കുന്ന സമയം തെറ്റിച്ച് സ്വരാജ് റൗണ്ടിലെത്തിയാൽ ചിലപ്പോൾ സമ്മാനം കിട്ടിയെന്നുവരില്ലെന്ന് സംഘാടകരായ കോർപറേഷൻ വ്യക്‌തമാക്കിയിട്ടുണ്ട്്. പുലിക്കളി കൂടുതൽ കൃത്യനിഷ്ഠയോടെയാക്കാൻ വേണ്ടി ഇത്തവണ എല്ലാ ടീമുകൾക്കും കോർപറേഷൻ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്.

<യ>10 ദേശത്തെ പുലികൾ എത്തുന്നത് ആറുവഴിക്ക്

മൈലിപ്പാടം ദേശത്തിന്റെ പുലികളാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തുക. കൃത്യം നാലിനു തന്നെ മൈലിപ്പാടം ദേശം പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്തെ വിധികർത്താക്കളുടെ പവലിയന് സമീപത്തെത്തണം. തൊട്ടുപുറകേ 4.15ന് വിയൂർ ദേശവും 4.30ന് കുട്ടൻകുളങ്ങര ദേശവും പാറമേക്കാവിന് മുന്നിലെത്തും. 6.30ന് എത്തുന്ന പാട്ടുരായ്ക്കൽ വാരിയം ലെയിൻ ടീമാണ് ഏറ്റവുമൊടുവിൽ നഗരത്തിലെത്തുക.

ആറു വഴികളിലൂടെയാണ് പുലികൾ ഇത്തവണ സ്വരാജ് റൗണ്ടിലെത്തുക. പാലസ് റോഡ്, ബിനി ജംഗ്ഷൻ, ഷൊർണൂർ റോഡ്, കുറുപ്പം റോഡ്, എ.ആർ. മേനോൻ റോഡ്, നായ്ക്കനാൽ എന്നിവയാണ് പുലിവഴികൾ.

<യ>പുലിയാകാൻ പെയിന്റ് മനുഷ്യനാകാൻ മണ്ണെണ്ണ

നരൻ നരിയായി മാറുന്ന നരിനരായനം എന്ന് പുലിക്കളിയെ പറയാറുണ്ട്. പുലിയായി മാറാൻ ചായക്കൂട്ടുകൾ മതി. എന്നാൽ പുലിയിൽ നിന്നും മനുഷ്യനാകാൻ ചായങ്ങൾ ഇളക്കിക്കളയാൻ മണ്ണെണ്ണ തന്നെ വേണം.

പുലിനിറം ഇളക്കാൻ ഓരോ ടീമിനും ഇത്തവണ 200 ലിറ്റർ മണ്ണെണ്ണയാണ് നൽകുക. പുലിക്കളി ടീമുകൾക്ക് കോർപറേഷൻ നൽകിവരാറുള്ള മണ്ണെണ്ണ വിഹിതം ഇത്തവണ അമ്പതു ലിറ്റർ വർധിപ്പിച്ച് 200 ആക്കിയതായി തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ അറിയിച്ചു. പുലികൾക്കു കുടിക്കാൻ ആവശ്യമായ വെള്ളവും കോർപറേഷൻ നൽകും. ടീമുകൾക്കുള്ള 1.25 ലക്ഷം രൂപയുടെ ധനസഹായത്തിൽ 75,000 രൂപ മൂൻകൂറായി നൽകിയതായും മേയർ അറിയിച്ചു.

<യ>പത്തു ടീമുകൾ, കുട്ടിപ്പുലികളടക്കം നാനൂറിലേറെ പുലികൾ

10 ടീമുകളാണ് ഇത്തവണ പുലിക്കളിക്ക് എത്തുന്നത്. അയ്യന്തോൾ, വിയൂർ, നായ്ക്കനാൽ, തൃക്കുമാരംകുടും ശ്രീഭദ്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കുട്ടൻകുളങ്ങര, മൈലിപ്പാടം, വടക്കേ അങ്ങാടി, പാട്ടുരായ്ക്കൽ വാരിയം ലെയിൻ, കൊക്കാല സാന്റോസ് ക്ലബ്, വിവേകാനന്ദ സേവാസമിതി പൂങ്കുന്നം ദേശങ്ങളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. വൈകിട്ട് നാലു മുതൽ എട്ടുവരെയാണ് സ്വരാജ് റൗണ്ടിലെ പുലിക്കളി. ഇതിൽ കുട്ടിപ്പുലികളും കരിമ്പുലികളും പുള്ളിപ്പുലികളുമുണ്ടാകും. സീനിയർ പുലിക്കളിക്കാരും കുടവയറൻപുലികളും പുലിയാകും.

സ്റ്റാർട്ട് ആക്ഷൻ പറഞ്ഞാൽ അഭിനയം തുടങ്ങി സംവിധായകൻ കട്ട് പറയുമ്പോൾ അഭിനയം നിർത്തുന്ന കലയല്ല പുലിക്കളി. പുലർച്ചെ തുടങ്ങുന്ന മേയ്ക്കപ്പും പിന്നെ മണിക്കൂറുകൾ നീളുന്ന തുടർച്ചയായ നൃത്തച്ചുവടുകളുമായി പുലികൾ നഗരം നിറഞ്ഞാടുമ്പോൾ സമയം ഏറെ പിന്നിട്ടിരിക്കും. അതുകൊണ്ടു തന്നെ പുലിക്കളി കലാകാരൻമാരെ നമിക്കാതെ നിവൃത്തിയില്ല.

മികച്ച പുലിക്കളി ടീമിന് 35,000 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 30,000, 20,000 രൂപ വീതം നൽകും. നിശ്ചലദൃശ്യങ്ങൾക്ക് യഥാക്രമം 30,000, 25,000, 20,000 രൂപയും ട്രോഫിയും ലഭിക്കും. മികച്ച അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയുടേയും മികച്ച പുലിക്കൊട്ട്, പുലിവേഷം എന്നിവയ്ക്ക് 5000 രൂപയുടെയും സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു. രാത്രി 8.30നാണ് സമ്മാനദാന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിക്കും. 700 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഓരോ ടീമിനുമൊപ്പം ഒരു എസ്ഐയുടെ നേതൃത്വത്തിൽ പത്ത് പോലീസുകാർ ഉണ്ടായിരിക്കും.

പുലിക്കളി കഴിഞ്ഞാൽ പിന്നെ തേക്കിൻകാടിന്റെ മാനത്ത് വർണമഴ പെയ്യിച്ച് ഡിജിറ്റൽ വെടിക്കെട്ട് പൂത്തുലയും. അതോടെ തൃശൂർക്കാരുടെ ഓണാഘോഷവും പെയ്തൊഴിയും.

പുലികൾ മടവിട്ടിറങ്ങുന്ന തട്ടകങ്ങളിൽ പുലിക്കൊട്ട് ഉയർന്നു കേട്ടുതുടങ്ങി.. പുലിമടകളിൽ അനക്കങ്ങളായി.. ഇനി തൃശൂർ പുലികളുടെ നഗരമാണ്..പുലികൾ വാഴുന്ന പുലികളുടെ നഗരം.....

<യ> –അജിൽ നാരായണൻ