നെഹ്റുട്രോഫി ജലമേളയ്ക്ക് ചരിത്രസാക്ഷ്യം
സ്‌ഥലം – അതിവിശാലമായ മീനപ്പള്ളി കായൽപരപ്പ്. തെളിഞ്ഞ പകൽ. നോക്കെത്താദൂരത്തോളം കായലിന്റെ കനവോളങ്ങൾ കനത്ത കാറ്റിൽ ഇളംതിരകൾ തീർക്കുന്നു. അകലെനിന്ന് ഓടിവന്ന ബോട്ടിന്റെ ഡക്കിൽ കാമറാസംഘം. മറുഭാഗത്ത് വന്ദ്യവയോധികരായ രണ്ടുപേർ കായൽത്തീരത്തേക്ക് ചൂണ്ടി ഉറക്കെ നിർദേശിക്കുന്നു. ‘ദാ, അവിടേക്ക് അടുപ്പിക്ക്. പണ്ഡിറ്റ്ജിയെ സ്വീകരിച്ചത് ആ ഭാഗത്തുവച്ചാണ്. ഞങ്ങൾ കയറിയ ബോട്ട് കഴുക്കോൽ നാട്ടിയതും ആ തിട്ടയിൽതന്നെ.’

കാമറകൾ മിഴിതുറന്നു. സൗണ്ട് റെക്കോർഡറും സജ്‌ജമായി. സംവിധായകൻ നിർദേശങ്ങൾ നൽകിത്തുടങ്ങി.1952 ഡിസംബർ മാസത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ വരവേറ്റ ചരിത്രം തൽസ്‌ഥാനത്തുതന്നെ ചിത്രീകരിക്കുന്ന ഘട്ടമാണ് സൂചിപ്പിച്ചത്. അന്ന് റിപ്പോർട്ടിംഗിനു പോയവരിൽ ഇന്നു ജീവിച്ചിരിക്കുന്ന പത്രക്കാരൻ ദീനബന്ധി പ്രതിനിധി ആർ.നാരായണപിള്ളയും സ്വീകരിക്കാനെത്തിയ പാർഥസാരഥി ചുണ്ടൻവള്ളത്തിലെ തുഴച്ചിൽക്കാരൻ മുളമറ്റം രഘുവും ഒരിക്കൽക്കൂടി സ്മൃതിപഥങ്ങളിൽ സഞ്ചരിച്ചു. തിളക്കമേറെയുള്ള ഓർമകൾ പങ്കിട്ടു.നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിക്കുവേണ്ടി ജലോത്സവത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനായിരുന്നു ചിത്രീകരണം. ആറു പതിറ്റാണ്ടു മുൻപ് ചടങ്ങിനു നേതൃത്വം നൽകിയവരുടെ അപൂർവചിത്രങ്ങളും അവരെക്കുറിച്ചുള്ള ഓർമകളും അനുഭവസാക്ഷ്യമായി സംയോജിപ്പിച്ചു.

‘നെഹ്റുട്രോഫി ജലമേള ചരിത്രവും വർത്തമാനവും’ എന്ന ഡോക്യുമെന്ററിയിൽ അന്നും ഇന്നും തമ്മിലുള്ള ഒരു പകർന്നാട്ടം മിഴിവോടെ സമന്വയിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വള്ളംകളിയുടെ വളർച്ചയും പ്രസക്‌തിയും വർധിപ്പിച്ചവരുടെ ചരിത്രത്തിലേക്കും ലഭ്യമായ വിവരങ്ങൾ നൽകുന്നു.
ഇന്നുള്ള ഖ്യാതി ലഭ്യമാകാൻ റേഡിയോ കമന്ററികൾ നടത്തിയ എൻ.പി.ചെല്ലപ്പൻ നായർ, നാഗവള്ളി ആർ.എസ്.കുറുപ്പ്, പി.ഡി.ലൂക്ക്, കെ.പി.എം.ഷെരീഫ് തുടങ്ങിയവരുടെ അപൂർവ നിമിഷങ്ങൾ ചിത്രത്തിലുണ്ട്.

ഒരു ചുണ്ടൻവള്ളത്തിന്റെ പിറവിഘട്ടങ്ങളിലായി ചിത്രീകരിച്ച് നീറ്റിലിറക്കൽ ചടങ്ങുവരെ രേഖപ്പെടുത്തിയത് വിജ്‌ഞാനപ്രദമാണ്.

ജലമേളക്കാലം വിദേശ വിനോദസഞ്ചാരികളുടെ സന്ദർശനവേളയാണ്. വിനോദസഞ്ചാര വ്യവസായത്തിന്റെ വിളനിലമായ ആലപ്പുഴയുടെ കൗതുകക്കാഴ്ചകളിലേക്കും കാമറ കണ്ണുതുറന്നിട്ടുണ്ട്. ആലപ്പുഴയുടെ ഗതകാല പ്രൗഢിയുടെ ശേഷിപ്പും ചരിത്രം നമിക്കുന്ന ഇടങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ബുദ്ധമത ബന്ധിതമായ കരുമാടിക്കുടൻ മണ്ഡപവും തകഴി സ്മൃതി കേന്ദ്രവും അമ്പലപ്പുഴ ക്ഷേത്രത്തിലെ കൗതുകക്കാഴ്ചകളും മിഴിവേറിയ ദൃശ്യാനുഭവമാണ്. ചരിത്രസാക്ഷിയായ നടുഭാഗം ചുണ്ടൻ സൂക്ഷിക്കുന്ന വള്ളപ്പുരയും ഉൾപ്പെടുത്തിയിരിക്കുന്നു. ആലപ്പുഴ നഗരസ്‌ഥാപകന്റെ വെങ്കലപ്രതിമ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചയോടെ തുടങ്ങുന്ന പട്ടണപ്രവേശം അതിമനോഹരമായ കടൽപ്പുറ ദൃശ്യങ്ങൾ ആവോളം പകരുന്നുണ്ട്. ദക്ഷിണേന്ത്യയുടെ രണ്ടാമത് വിളക്കുമരം, ബ്രിട്ടീഷ് ഭരണാധികാരിയായ കല്ലൻ സായിപ്പിന്റെ ശവകുടീരം, വണികശ്രേഷ്ഠന്മാരായ ഗുജറാത്തികളുടെ വാസകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, മുല്ലയ്ക്കൽ തെരുവ് എന്നിങ്ങനെ നഗരക്കാഴ്ചകളിലേക്കും കാമറ വെട്ടം പകർന്നിട്ടുണ്ട്.
കുട്ടനാടിന്റെ ഇതിഹാസകവി പദ്മഭൂഷൺ കാവാലം നാരായണപ്പണിക്കർ മുഖവാക്യം പറഞ്ഞ് അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയിൽ കാർഷികസംസ്കൃതിയുടെ മനോഹാരിത വെളിവാക്കുന്ന ദൃശ്യങ്ങൾ ഏറെയുണ്ട്. നെല്ലറയുടെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം ചിലയിടങ്ങളിൽ ചാരുതയോടെ കാണാം.എഴുത്തുകാരനും പ്രക്ഷേപകനുമായ ഹരികുമാർ വാലേത്ത് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. നിർമാണച്ചുമതല ദേവദത്ത് പുറക്കാടിനാണ്. രാജേഷ് കളത്തിൽപടിയും ആഷ്ബിൻ അയ്മനവും ചിത്രീകരണം പൂർത്തീകരിച്ചു. സമന്വയം– എ.ആർ.ഷിജിൽ, സംഗീതം–അമൃത സോഹൻ, സാങ്കേതിക സഹായങ്ങൾ–എസ്.ശരത്ചന്ദ്രൻ, എം.മനോജ് എന്നിവർ നിർവഹിച്ചു.

–വിഷ്ണുനന്ദൻ

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016മൗഴ12ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> നെഹ്റു ട്രോഫി ജലമേള ശനിയാഴ്ച

തുഴത്താളത്തിനും വഞ്ചിപ്പാട്ടിന്റെ ഈണത്തിനും കാതോർത്തിരിപ്പാണ് പുന്നമട. ദിവസം ഒന്നു കഴിയുമ്പോൾ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ഈ കായലോരത്തേക്കും ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള കപ്പിലേക്കുമായി ചുരുങ്ങും. കരിനാഗങ്ങളെ പോലെ ആടിയുലഞ്ഞെത്തുന്ന ചുണ്ടനുകളെയും ചുരുളനുകളെയും ഇരുട്ടുകുത്തി വള്ളങ്ങളേയും വെപ്പ് വള്ളങ്ങളേയും തെക്കനോടി വള്ളങ്ങളേയും സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങൾ. ചെറുതനയും സെന്റ് ജോർജും ശ്രീവിനായകനും വെള്ളംകുളങ്ങരയും മഹാദേവനും ജവഹർ തായങ്കരിയും ശ്രീഗണേശനും ദേവസും ചമ്പക്കുളവും സെന്റ് പയസ് ടെൻതും കാരിച്ചാലും നടുഭാഗവും മഹാദേവികാട് കാട്ടിൽ തെക്കേതിലും പുളിങ്കുന്നും പായിപ്പാടനും ഗബ്രിയേലും കരുവാറ്റ പുത്തൻചുണ്ടനും ആനാരിയും ആയാപറമ്പ് പാണ്ടിയും ആയാപറമ്പ് വലിയ ദിവാൻജിയും അടക്കം 20 ചുണ്ടനുകളാണ് മത്സരത്തിൽ അണിനിരക്കുന്നത്. ആലപ്പാടും മഹാദേവികാട് ചുണ്ടനും ശ്രീകാർത്തികേയനും വടക്കേ ആറ്റുപുറവും സെന്റ് ജോസഫും ചുണ്ടൻ പ്രദർശനമത്സരത്തിലും അണിനിരക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലായതായി ജില്ലാ കളക്ടർ ആർ. ഗിരിജയും ജില്ലാ പോലീസ് മേധാവി എ. അക്ബറും ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫും പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി. ഗവർണർ ജസ്റ്റിസ് സദാശിവമായിരിക്കും മുഖ്യാതിഥി.


പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, സംസ്‌ഥാന മന്ത്രിമാരായ പി. തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി. തോമസ്, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. മുഖ്യാതിഥിയായി ചലച്ചിത്രതാരം ജയറാം എത്തിയേക്കും. കേന്ദ്രമന്ത്രി അനന്ദ്കുമാറും മത്സരം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.

സമയമടിസ്‌ഥാനമാക്കിയുള്ള മത്സരം ഇതാദ്യമാണെന്നതിനാൽ കൂടുതൽ കുറ്റമറ്റതാക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. സംസ്‌ഥാന സർക്കാരിന്റെ ഒരുകോടിരൂപയുടെ ധനസഹായവും കേന്ദ്രസർക്കാരിന്റെ 25 ലക്ഷവും നഗരസഭയുടെ വകയായി പത്തുലക്ഷവും ഇക്കുറി വള്ളംകളിക്കു ലഭിക്കും. 65ലക്ഷത്തോളം രൂപ ടിക്കറ്റ് വില്പനയിലൂടെയും പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ ടൈറ്റിൽ സ്പോണർസറായി വന്നിട്ടുള്ള ഹോണ്ടയുടേതായി 40 ലക്ഷവുമുണ്ട്. 2.15 കോടി രൂപയോളം വരവു പ്രതീക്ഷിക്കുമ്പോൾ ഒന്നരക്കോടിയോളം രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടിംഗ് കുറ്റമറ്റതാക്കാൻ വേണ്ട നടപടികളെടുത്തിട്ടുണ്ട്.

നാലുട്രാക്കുകളുള്ളതിൽ ആഴക്കുറവുള്ളിടത്ത് ആഴം കൂട്ടുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. സമയ കൃത്യത ഉറപ്പാക്കാൻ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ഡിജിറ്റൽ സ്റ്റാർട്ടറും ക്ലോക്കുമാണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെയും സമയം രേഖപ്പെടുത്തും. മത്സരം ആരംഭിക്കുമ്പോൾ തന്നെ ഫിനിഷിംഗ് പോയിന്റിലും അറിയാനാകുന്ന തരത്തിലാണ് സംവിധാനം. സ്റ്റാർട്ടിംഗ് പോയിന്റിൽ സോൺ തീരുമാനിച്ചിട്ടുണ്ട്. അതു തെറ്റിക്കുന്നവർക്കെതിരെ ശിക്ഷാനടപടിയുമുണ്ടാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സടക്കമുള്ള രാവിലെ തന്നെ ആരംഭിക്കും.

കർശന സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. അക്ബറും വിശദീകരിച്ചു. 1700 പോലീസ് ഉദ്യോഗസ്‌ഥരേയാണ് ഇക്കുറി വിന്യസിക്കുന്നത്. 18 ഡിവൈഎസ്പിമാർ, 32 സിഐമാർ, 290 എസ്ഐമാർ, ആയിരത്തോളം പോലീസ് ഉദ്യോഗസ്‌ഥർ എന്നിവർ ഇക്കുറി സുരക്ഷയ്ക്കായുണ്ടാകും. ആലപ്പുഴ കൂടാതെ കോട്ടയം, എറണാകുളം, ഇടുക്കി എ്ന്നിവിടങ്ങളിൽ നിന്നും പോലീസ് എത്തും. വള്ളംകളി ദിനത്തിൽ രാവിലെ എട്ടിന് ബ്രീഫിംഗിനു ശേഷം ആരംഭിക്കുന്ന ഡ്യൂട്ടി മത്സരം അവസാനിച്ച് ട്രാഫിക് സാധാരണ ഗതിയിലാകുന്നവരെ ഉണ്ടാകും. നഗരത്തിന്റെ മിക്കയിടങ്ങളും കാമറാ നിരീക്ഷണത്തിലുമായിരിക്കുമെന്ന് എസ്പി അറിയിച്ചു. സ്റ്റാർട്ടിംഗ് പോയിന്റിൽ മൂന്നു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് ഉണ്ടാകും. ഡോക്ക്ചിറ, പോഞ്ഞിക്കര എന്നിവിടങ്ങളിലും പോലീസിനെ വിന്യസിക്കും. പട്രോളിംഗ് ബോട്ടുകളുമുണ്ടാകും.

പട്ടാളക്കാരുടെ മത്സരിക്കുന്നതിനെതിരെ ചിലർ രംഗത്തുവന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരാതിയിൽ ഇനി ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിൽ പരിഗണിക്കാൻ സാധിച്ചിരുന്നേനെയെന്നും കളക്ടർ വിശദീകരിച്ചു. ബൈലോയിൽ ആരു തുഴയണമെന്നു പറഞ്ഞിട്ടില്ല. വയസിനെ കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. വേദിക്ക് ഇൻഷ്വറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുള്ളതായും അറിയിച്ചു. പത്രസമ്മേളനത്തിൽ ആർഡിഒ മുരളീധരൻപിള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രേഖ തുടങ്ങിയവരും സംബന്ധിച്ചു.