നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്റെ മെയ് വഴക്കത്തോടെ നവവരന്റെ ശരീരത്തിൽ ചവിട്ടിക്കയറുന്ന വധു. പിന്നെ വെള്ളച്ചാട്ടത്തിനു താഴെ പരസ്പരം പൂണർന്നുപൂർണമായും നനഞ്ഞു നിൽക്കുന്ന യുവമിഥുനങ്ങൾ... കള്ളുഷാപ്പിനു മുന്നിലിരുന്നു കള്ളുകുടിച്ച് രസിക്കുന്ന വരൻ, തൊട്ടടുത്ത് അച്ചാർ തൊട്ട് രുചിച്ച് സൂപ്പർ എന്നു പറയുന്ന വധു. ഗോവ കടൽത്തിരകളിൽ പാതിമെയ് മുങ്ങിനിൽക്കുന്ന ദന്പതിമാർ....
ചില പ്രീമാര്യേജ് പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ -വീഡിയോകളിലെ രംഗങ്ങളാണ് പകർത്തിയത്. തീർന്നില്ല - നിലത്ത് കിടക്കുന്ന വരന്റെ ഉയർത്തിവച്ച കാലുകളിൽ ജലകന്യകയെപ്പോലെ കിടക്കുന്ന വധു, സ്കൂട്ടറിനു മേൽ ടൈറ്റാനിക് സിനിമാ മാതൃകയിൽ കൈവീശി അപാരതയിലേക്കു നോക്കിനിൽക്കുന്ന ദന്പതിമാർ, ഓടുന്ന കാറിന്റെ ബോണറ്റിൽ ആലിംഗനബദ്ധരായി ഇരിക്കുന്ന പുതുമണവാളനും മണവാട്ടിയും... ഈ സഹാസികതയും പുതിയ ട്രെൻഡുകളാണ്.
പ്രതിശ്രുത വധു മരംചുറ്റി, പാറിനടക്കുന്ന സീനുകളും, നവവരൻ കൈവീശി ഒറ്റയ്ക്കു നടന്നുവരുന്ന പോസും മാത്രം നിറഞ്ഞുനിന്ന വിവാഹ സ്ക്രീനിൽ അടുത്തകാലത്താണ് ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ കൂടുതൽ പ്രത്യക്ഷമായിത്തുടങ്ങിയത്. സ്നേഹത്തോടെയുള്ള കെട്ടിപ്പുണരലുകൾ ആയിരുന്നു ആദ്യമാദ്യം. പൊടുന്നനെയാണ് കാറ്റ് മാറി വീശിത്തുടങ്ങിയത്. സിനിമകളിലെയും സീരിയലുകളിലെയും തീവ്ര പ്രണയരംഗങ്ങളും കെട്ടിപ്പുണരലുകളും അതുപോലെ അനുകരിക്കുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. സ്നേഹാശ്ലേഷത്തിന്റെ സ്ഥാനത്ത് ശരീരത്തിന്റെ തൃഷ്ണകൾക്കു പ്രാമുഖ്യം നൽകുന്ന സെക്സി പോസുകൾ പലരും അനുകരിച്ചുതുടങ്ങുകയാണ്.
പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ
വിവാഹമണ്ഡപങ്ങളിൽ വിവാഹത്തിനു മുന്പ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ വേണ്ടിക്കൂടി ചിത്രീകരിക്കുന്നതാണ് പ്രീ-മാര്യേജ് ഫോട്ടോകളും വീഡിയോകളും. അച്ഛനുമമ്മയും ബന്ധുക്കളും നാട്ടുകാരും ചേർന്നിരുന്നു കാണേണ്ടത് എന്നർഥം. ഈ വീഡിയോ-ഫോട്ടോ ചിത്രങ്ങളിലാണ് ഹിന്ദി-തമിഴ് സിനിമകളിലെ ഹോട്ട് രംഗങ്ങളെയും ചുംബനസീനുകളെയും അതുപോലെ അനുകരിക്കുന്ന പ്രവണത കടന്നുകൂടുന്നത്.
പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകൾ
വിവാഹശേഷം ദന്പതിമാർ ചേർന്നു ഫേസ്ബുക്കിലും മറ്റും അപ്ലോഡ് ചെയ്യാനും സൂക്ഷിക്കാനുമായി എടുക്കുന്നതാണ് പോസ്റ്റ് വെഡ്ഡിംഗ് വീഡിയോകൾ. പ്രീ-വെഡ്ഡിംഗിനെക്കാൾ അധികം ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ സ്വാഭാവികമായും ഇതിൽ സംഭവിക്കുന്നുണ്ട്. പോസ്റ്റ് വെഡ്ഡിംഗ് ആകുന്പോൾ പലപ്പോഴും ഇവന്റ് മാനേജ്മെന്റുകാരുടെ പാക്കേജിൽ ഏതെങ്കിലും ടൂറിസ്റ്റ് റിസോർട്ടിലെ ഒരു ദിവസത്തെ സ്റ്റേയും കൂടെ ഉൾപ്പെടുത്തും. സ്വിമ്മിംഗ് പൂളിലും കടൽത്തീരങ്ങളിലും ദന്പതിമാർ മധുവിധു ആഘോഷിക്കുന്നതും അതുപടി പകർത്തും. (വിവാഹത്തിനു മുന്പും സ്റ്റേ പാക്കേജ് ഉൾപ്പെടുത്തുന്നുണ്ട്. ഒരേ ഹോട്ടലിൽ രണ്ട് മുറികളിൽ താമസിച്ചായിരിക്കും ഷൂട്ടിംഗ് എന്നു മാത്രം) അടുത്തകാലത്തായി പോസ്റ്റ് വീഡിയോ - ഫോട്ടോ ഷൂട്ടുകളിൽ സിനിമകളെ വെല്ലുന്ന മസാലരംഗങ്ങൾ വർധിച്ചുവരികയാണ്.
പുത്തൻ കാഴ്ചകൾ
മലയാളത്തിന്റെ ഒരു ഹിറ്റ് സിനിമയിൽ സൂപ്പർ താരത്തിനൊപ്പം നായിക കള്ളിന്റെ ലഹരിയിൽ പാടി ആടുന്ന രംഗത്തിന്റെ ചുവടുപിടിച്ച് ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഒരു വിവാഹ വീഡിയോ ഉണ്ട്. ഈ വിവാഹ വീഡിയോ ക്ലിപ്പിൽ കള്ളുകുടം വായിൽ കമഴ്ത്തി, മദ്യത്തിന്റെ ഉന്മാദലഹരി അഭിനയിക്കുകയാണ് നവവധു. മദ്യത്തുള്ളികൾ തലച്ചോറിൽ അമരുന്പോൾ ഉണ്ടാകുന്ന ചേഷ്ടകൾ സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം അതുപോലെ അനുകരിക്കുന്നത് സ്വന്തം വിവാഹത്തിനു തയാറെടുക്കുന്ന, പുതിയ ജീവിതത്തിലേക്കു കടക്കുന്ന യുവതിയാണെന്നുകൂടി അറിയുക. സഭ്യമല്ലാത്ത രീതിയിൽ ചില രംഗങ്ങളും ഇതിനിടെ ഉണ്ട്. നവദന്പതിമാർ കൈയിൽ മദ്യഗ്ലാസുമായി ഇരിക്കുന്ന വീഡിയോകളും ഫോട്ടോകളും ട്രെൻഡിയായി കണക്കാക്കുന്നവരുടെ കാലംകൂടിയാണിത്.
കൈവിട്ട കളികൾ
സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയുടെ അരികിലേക്കു കരണംമറിഞ്ഞ്, മറിഞ്ഞ് അണയുന്ന മണവാളൻ. ഓടുന്ന ബൈക്കിനു മുകളിൽ കൈവിട്ട് നിൽക്കുന്ന നിലയിൽ നവവരൻ. കടൽക്കരയിൽനിന്നു ഓടിവന്നു വരന്റെ കാലിൽ ചവിട്ടി തോളിലേക്കു കയറുന്ന പുതുമണവാട്ടി. ഇങ്ങനെ അതിസാഹസികമായ ചേരുവകളും ചില വീഡിയോകളിൽ കൂടിച്ചേരുകയാണ്. പരിശീലനം ലഭിച്ച നർത്തകരും കായികാഭ്യാസികളും, ജിംനാസ്റ്റിക് താരങ്ങളും പ്രകടിപ്പിക്കുന്ന സാഹസികമായ ഇനങ്ങൾ കല്യാണവീഡിയോയ്ക്കു വേണ്ടി അനുകരിക്കുന്നത് അപകടങ്ങൾക്കും വഴിതെളിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം ഓർക്കണം,
വിവാഹ കുറിമാനം സേവ് ദി ഡേറ്റ്
വിവാഹത്തീയതി മറ്റുള്ളവരെ അറിയിക്കാനുള്ള കൂറിമാനമായും ഇപ്പോൾ പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ ഉപയോഗിക്കുന്നു. നവവരന്റെയും വധുവിന്റെയും വീഡിയോ - ഫോട്ടോ ദൃശ്യങ്ങൾക്കൊപ്പം വിവാഹ തീയതികൂടി ചേർത്ത് തിയതി സൂക്ഷിക്കൂ എന്നുള്ള തലക്കെട്ടോടെ സുഹൃത്തുക്കൾക്ക് അയയ്ക്കുന്നു. സമൂഹമാധ്യമങ്ങളിൽക്കൂടിയും ഇങ്ങനെ വിവാഹത്തീയതി സുഹൃത്തുക്കളെ അറിയിക്കുന്നുണ്ട്. മാന്യമായ രീതിയിൽ ചിത്രീകരിച്ച വീഡിയോ ചിത്രങ്ങളും ഒപ്പം നാമവസ്ത്ര വേഷം ധരിച്ചുള്ള സെക്സി ചിത്രങ്ങളും സേവ് ദ ഡേറ്റ് കാണാം. 2019 ഡിസംബറിൽ വിവാഹിതരാകുന്ന ദന്പതിമാരുടെ ഫോട്ടോ ഷൂട്ടിൽ വധു ധരിച്ചിരിക്കുന്നത് ഐറ്റം ഡാൻസേഴ്സ് ധരിക്കുന്ന അതേ മാതൃകയിലെ സുതാര്യമായ ഗൗണ് ആണ്. ഐറ്റം നൃത്തച്ചുവടുകളും, പോസുകളും അതുപോലെ അനുകരിച്ചുള്ള ഈ ഫോട്ടോ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
സോഫ്ട് പോണ് വീഡിയോസ്
വിവാഹാഘോഷവുമായി ബന്ധപ്പെട്ട് വൈറലാകുന്ന ചില ചിത്രങ്ങളെ സോഫ്ട് പോണ് വീഡിയോകളായി കണക്കാക്കേണ്ടിവരും എന്നു ചെങ്ങന്നൂരിലെ ഒരു യുവ വനിതാ ഡോക്ടർ ഓർമിപ്പിക്കുന്നു.
അശ്ലീല സൈറ്റുകളുടെ (പോണ് സൈറ്റ്) അടുത്തെത്തുന്ന രീതിയിൽ ചില വീഡിയോകൾ എങ്കിലും ചിത്രീകരിക്കുന്നതും ഒട്ടും ആശാസ്യകരമല്ല എന്നും ഈ വനിതാ ഡോക്ടർ പറയുന്നു. സോഫ്ട് പോണ് സൈറ്റുകൾ ആയി ഒരിക്കലും വിവാഹവീഡിയോകൾ അധഃപതിക്കരുതെന്നു പറയുന്ന ധാരാളം യുവതികളും യുവാക്കളുമുണ്ട്.
ഞങ്ങൾക്കു താരങ്ങളാകണം
സിനിമകളിലും നൃത്ത, റിയാലിറ്റി ഷോകളിലും യുവതലമുറ കാണുന്ന വിഭ്രമിപ്പിക്കുന്ന ഒരു ലോകം ഉണ്ട്. ജീവിതത്തിൽ നടക്കാതെ പോകുന്ന അത്തരം അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമായും പലരും ഒൗട്ട്ഡോർ കപ്പിൾ ഷൂട്ടിനെ കാണുന്നു. തങ്ങളും സെലിബ്രിറ്റികൾ ആകുന്ന ഒരു അനുഭൂതിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നു പല ന്യൂജെൻ ദന്പതിമാരും തുറന്നു സമ്മതിക്കുന്നു. സൂപ്പർ താരങ്ങൾ അണിയുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, ഷൂസ്, യുവതികളാണെങ്കിൽ ആഭരണങ്ങൾ, ലേറ്റസ്റ്റ് ഹെയർസ്റ്റൈൽ അങ്ങനെ എല്ലാം അനുകരിക്കാനുള്ള പ്രവണത ഉണ്ട്. ഹിന്ദി-തമിഴ് സിനിമകളിലെ ഗ്ലാമർ താരങ്ങളുടെ വസ്ത്രധാരണം അനുകരിക്കുന്പോഴാണ് വീഡിയോകളുടെ നിറം മാറുനനത്.
ക്യൂട്ട്, ക്രെയ്സി, ക്ലാസി, ഫണ്ണി എന്നിങ്ങനെ പലതരം വീഡിയോ തീമുകൾ നിലവിലുണ്ട്. ദന്പതിമാരുടെ കഴിവുകൾക്കു മുൻതൂക്കം നൽകുന്നവയും തെരഞ്ഞെടുക്കാം. അതായത് വരൻ ബൈക്ക് റേസർ ആണെങ്കിൽ വധുവിനെ ബൈക്കിന്റെ പിന്നിലോ മുന്നിലോ ഇരുത്തി റേസ് ചെയ്യാം.
ഭംഗിയാർന്ന ക്യൂട്ട് കപ്പിൾ ഷൂട്ടിനെക്കാൾ അല്പം ത്രില്ലടിപ്പിക്കുന്നതും തമാശ ചേർന്നതും കൈവിട്ട ക്രെയ്സി വീഡിയോസും ഇഷ്ടപ്പെടുകയാണ് ഇന്നത്തെ തലമുറയിൽ പലരും. നർമം ചാലിക്കുന്ന ഫണ് വീഡിയോകൾക്കും നല്ല ഡിമാൻഡാണ്.
ഫേസ്ബുക്കിലും മറ്റും ഷെയർ ചെയ്ത് നൂറുകണക്കിനു ലൈക്ക് കിട്ടി, പ്രശസ്തരാകാൻ വേണ്ടി കൂടിയാണ് ഇത്തരം വെറൈറ്റി വീഡിയോകൾ യുവമിഥുനങ്ങൾ ചിത്രീകരിക്കുന്നതെന്നു യുവ അനിമേഷൻ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.
(തുടരും)
എസ്. മഞ്ജുളാദേവി