ഈ ഗുരുകുലത്തിന്റെ നേതൃത്വത്തിലാണ് ആശ്രമത്തിലും കടല്‍ തീരത്തുമായി വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ലോക സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കടല്‍തീരത്ത് കെട്ടിയൊരുക്കുന്ന ഓലഷെഡുകളിലായിരുന്നു പുറത്തുനിന്നെത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്നത്.
സംസ്കാരങ്ങളെ നാടിന് പരിചയപ്പെടുത്തിയ സമ്മേളനങ്ങള്ജസ്റ്റീസ് കൃഷ്ണയ്യര്‍, ഗുരു നിത്യചൈതന്യയതി, ആ സമയത്തുള്ള ഇന്ത്യന്‍ കരസേനമേധാവി ജനറല്‍ കരിയപ്പ, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും അംബാസഡറും ഗവര്‍ണറുമായും പ്രവര്‍ത്തിച്ച ഡോക്ടര്‍ അലക്സാണ്ടര്‍, പ്രശസ്ത ചിത്രകാരന് എം.എഫ്. ഹുസൈന്, അന്നത്തെ ജില്ലാ കളക്ടര്‍ യേശുദാസ്, കവയത്രി ബാലാമണിയമ്മ, മഹാകവി അക്കിത്തം മതപണ്ഡിതര്‍ തുടങ്ങിയ പ്രമുഖര്‍ പതിവായി ഈ സമ്മേളനങ്ങളിലെ സാന്നിധ്യമായിരുന്നു.
രാമന്തളിയിലെ പരേതനായ പരങ്ങന്‍ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായിരുന്നു പത്തുദിവസം നീണ്ടുനിന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. കടപ്പുറത്തെ പൂഴിമണ്ണിലിരുന്നാണ് സമാധാനപൂര്‍ണമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനങ്ങളും പ്രഭാഷണങ്ങളും കലാപരിപാടികളും ആസ്വദിച്ചിരുന്നത്.
വിദേശീയവും തദ്ദേശീയവുമായ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ നാട്ടുകാര്‍ക്ക് ലഭിച്ചത്. പകല്‍സമയത്ത് ആശ്രമപരിസരത്തും രാത്രിയിലെ പ്രഭാഷണങ്ങളും കലാപരിപാടികളും കടലോരത്തുമാണ് നടത്തിയിരുന്നതെന്നത് പഴമക്കാരുടെ ഓര്‍മകളിലുണ്ട്.
വര്‍ക്കലയിലെ ലോകമഹാ സമ്മേളനങ്ങളുടെ ചുവടുപിടിച്ചാണ് 1969 മുതല്‍ 73വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ലോക സമാധാന മഹാസമ്മേളനം നടന്നത്. വിദേശ മാധ്യമങ്ങളുള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കൊടുത്തിരുന്നതിനാല്‍ ഇന്ത്യയ്ക്കുപുറമെ വിദേശങ്ങളിലും ഈ സമ്മേളനത്തിന്റെ അലയൊലികള്‍ ഉയര്‍ന്നിരുന്നു. വിദേശത്തുനിന്നുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
അഖില കേരള സമാധാന സമ്മേളനമായിട്ടായിരുന്നു ആദ്യവര്‍ഷത്തെ തുടക്കം. കടലോരത്ത് ഓലപ്പന്തല്കെട്ടി സംഗീത പരിപാടികള്‍, നൃത്ത പരിപാടികള്‍, നാടകം, കഥകളി, കവിയരങ്ങുകള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടത്തിയിരുന്നു.
നടരാജ ഗുരുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വര്‍ക്കല സ്വദേശി കുമാരസ്വാമിക്കായിരുന്നു ഈ ലോക സമാധാന സമ്മേളനങ്ങളുടെ നടത്തിപ്പ് ചുമതല. 1973ല്‍ നടരാജഗുരുവിന്റെ വിയോഗത്തോടെയാണ് സമ്മേളനങ്ങള്‍ക്കു തിരശീല വീണത്. 1980കളിൽ ഈ പ്രദേശം ഏഴിമല നാവിക അക്കാദമിക്കായി ഏറ്റെടുത്തു.