അങ്ങനെ ജോയി തന്റെ മുടിവെട്ട് കടയ്ക്ക് പേരിട്ടു "കദളി ചെങ്കദളി'
Wednesday, August 3, 2022 2:55 PM IST
വൈപ്പിൻ സംസ്ഥാനപാതയിലൂടെ യാത്ര ചെയ്യുന്പോൾ ചെറായി ബീച്ചിലേക്ക് തിരിയുന്ന വഴിയിലുള്ള കെട്ടിടത്തിനു മുന്നിൽ ഒരു മുടിവെട്ട് കടയുടെ ബോർഡ് കാണാം. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് "കദളി ചെങ്കദളി ജെന്റ്സ് ബ്യൂട്ടി പാർലർ'.
കൗതുകത്തോടെയല്ലാതെ ആരും ഈ ബോർഡ് വായിക്കാൻ സാധ്യതയില്ല. കാരണം നാട്ടിലൊരിടത്തും ഒരു മുടിവെട്ടുകടയ്ക്കും ഇത്തരത്തിലൊരു പേര് കേട്ടിട്ടുണ്ടാവില്ല. പേരിലെ ഈ കൗതുകം ചെന്നെത്തുന്നത് ഇന്ത്യയുടെ വാനന്പാടിയായിരുന്ന ഗായിക ലതാ മങ്കേഷ്ക്കറിന്റെ ഒരു കടുത്ത ആരാധകനിലേക്കാണ്.
ആകാംക്ഷയിൽ ആരെങ്കിലും ഈ ബ്യൂട്ടി പാർലറിലേക്ക് കയറി നോക്കിയാൽ അവിടെ ഭിത്തിയിലും കാണാം ലതാമങ്കേഷ്കറിന്റെ ചിത്രവും മറ്റ് സംഗീത സംബന്ധമായ ആർട്ടുകളും. കാര്യമറിയാൻ അവിടത്തെ ബ്യൂട്ടീഷ്യനായ യുവാവിനോട് ഇതേപറ്റി ചോദിച്ചപ്പോൾ പശ്ചിമബംഗാളുകാരനായ അയാൾ പറഞ്ഞു, മുജെ മാലും നഹി...മാലിക് സേ പൂച്ചോ. ഇത്രയും പറഞ്ഞ് അയാൾ മാലിക്കിന്റെ ഫോണ് നന്പർ നൽകി.
ആ നന്പറിൽ വിളിച്ചപ്പോൾ മുടി അൽപ്പം നീട്ടി വളർത്തിയ സാക്ഷാൽ മാലിക്, അതായത് മുതലാളി, അറയ്ക്കൽ ജോയി പ്രത്യക്ഷപ്പെട്ടു. ചെറുപ്പം മുതൽ ഹിന്ദിയെ പ്രണയിച്ച ജോയി ലതാമങ്കേഷ്കറിന്റെ കട്ട ഫാനാണ്. ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ മാത്രമെ കാണാറുള്ളു. ലതാമങ്കേഷ്കർ പാടിയ വരികളുടെ മൂളിപ്പാട്ടുകളായിരിക്കും ജോയിയുടെ ചുണ്ടുകളിൽ എപ്പോഴും. അത്രക്ക് ആരാധനയാണ് ജോയിക്ക് ലതാ മങ്കേഷ്കറോട്.
താൻ ആദ്യം നടത്തിയിരുന്ന വെജിറ്റബിൾ ഷോപ്പ് നിർത്തി മൂന്ന് മാസങ്ങൾക്ക് മുന്പാണ് ജോയി ജെന്റ്സ് ബ്യൂട്ടിപാർലർ തുടങ്ങിയത്. സംഗീത ആരാധനപോലെ സാഹസികപ്രിയനും സാഹസിക ആരാധകനും കൂടി ആയിരുന്ന ജോയി പായ് വഞ്ചിയിൽ ലോകം ചുറ്റിയ മലയാളി നേവി ഓഫീസർ അഭിലാഷ് ടോമിയുടെ പേരാണ് ആദ്യം ബ്യൂട്ടിപാർലറിനു നൽകാൻ തീരുമാനിച്ചത്.
എന്നാൽ 2022 ഫെബ്രുവരി ആറിന് തന്റെ പ്രിയ ഗായിക ലതാമങ്കേഷ്കറുടെ വിയോഗത്തോടെ സ്മരണക്കായി തന്റെ പുതിയ സംരംഭത്തിനു ലതാ മങ്കേഷ്കർ ബ്യൂട്ടിപാർലർ എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു.
എങ്കിലും ജെന്റ്സ് ബ്യൂട്ടിപാർലറിനു ലതാ മങ്കേഷ്കർ എന്ന് പേരിട്ടാൽ ആളുകൾ ലേഡീസ് ബ്യൂട്ടിപാർലറാണോ എന്നു തെറ്റിദ്ധരിച്ചാലോ എന്നായി പിന്നീടുള്ള ചിന്ത. അങ്ങനെ ലതാമങ്കേഷ്കർ ആലപിച്ച് മലയാളത്തിൽ സൂപ്പർ ഹിറ്റാക്കി മാറ്റിയ "കദളി ചെങ്കദളി' എന്ന ഗാനത്തിന്റെ ആദ്യവരി ബ്യൂട്ടി പാർലറിന്റെ പേരിനായി അന്തിമമായി നിശ്ചയിച്ചത്.
സ്ഥാപനം തുടങ്ങിയതോടെ ആദ്യമാദ്യം നാട്ടുകാർ പലരും അന്പരപ്പോടെയാണ് പാർലർ നോക്കിക്കണ്ടതും കയറിയതും. എന്നാൽ മുടിവെട്ടുകലയിൽ മിടുക്കനായ അതിഥിത്തൊഴിലാളിയായ വസീമിന്റെ കരവിരുത് നാട്ടുകാർക്കിടയിൽ വാമൊഴിയായി പരന്നതോടെ "കദളി ചെങ്കദളി' ഇപ്പോൾ പെരുമയുടെ കൊടുമുടിയിലേക്കുള്ള പ്രയാണത്തിലാണ്.

സാഹസികതയെ താലോലിക്കുന്ന ജോയി
ജോയിയെ അടുത്തറിഞ്ഞവർ പറയും അദ്ദേഹത്തിൽ ഒരു സാഹസികൻ കുടിയിരിപ്പുണ്ടെന്ന്. വേൾഡ് വോൾവോ റെയ്സ് കാലത്ത് വലിയൊരു പായ്വഞ്ചിയുണ്ടാക്കി കൊച്ചി കായലിൽ സാഹസികമായ ഒരു യാത്രക്കിറങ്ങിയ കഥ പലർക്കുമറിയാം. അന്ന് കാറ്റ് മാറി വീശി അപകടകരമാം വിധം അഴിമുഖത്തേക്ക് പോയി മരണത്തെ വരെ നേർക്ക് നേർ കണ്ടതാണ് ജോയി.
പിന്നീട് ഒരിക്കൽ ചങ്ങാടമുണ്ടാക്കി അതിൽനിന്ന് കടലിലും കായലിലും സാഹസികമായി യോഗ അഭ്യാസം നടത്തിയതും ചെറായിക്കാർ കണ്ടിട്ടുണ്ട്. കൂടാതെ കുട്ടികളിലെ മൊബൈൽ ഫോണ് ദുരുപയോഗത്തിനെതിരേയും മയക്കുമരുന്നു ഉപയോഗത്തിനെതിരേയും ബോധവത്കരണ സന്ദേശവുമായി ഒറ്റയാൾ സൈക്കിൾ യാത്രയുൾപ്പെടെ പലവിധ പ്രവർത്തനങ്ങളിലും ജോയിയുടെ സാന്നിധ്യം നാട്ടുകാർ കണ്ടിട്ടുണ്ട്.
ജോയിയെ ചെറായിക്കാർ കാണുന്നത് രണ്ട് പതിറ്റാണ്ട് മുന്നേ
ഒട്ടേറെ പ്രത്യേകതകൾ ഉള്ള എറണാകുളം കലൂർ കതൃക്കടവുകാരനായ ജോയിയെ ചെറായിക്കാർ ആദ്യം കാണുന്നത് രണ്ട് പതിറ്റാണ്ട് മുന്നേ ചെറായി ബീച്ചിലാണ്. അവിടെ ഡിടിപിസിയുടെ കിയോസ്ക് ഏറ്റെടുത്തു നടത്തുകയായിരുന്നു. എന്നാൽ 2004ൽ നിനച്ചിരിക്കാതെ ഉയർന്ന് പൊങ്ങിയ സുനാമി തിരമാലകൾ പലതും കശക്കിയെറിഞ്ഞ കൂട്ടത്തിൽ ജോയിക്കും നഷ്ടങ്ങൾ സംഭിച്ചു.
85,000 രൂപ നഷ്ടപരിഹാരം കണക്കാക്കിയെങ്കിലും വില്ലേജാഫീസും കളക്ടറേറ്റും കയറി ഇറങ്ങി ജോയിയുടെ ചെരിപ്പു തേഞ്ഞതല്ലാതെ സഹായമൊന്നും ലഭിച്ചില്ല. എന്നാൽ തോൽക്കാൻ ജോയി തയാറായില്ല. ബീച്ചിൽ തന്നെ മറ്റൊരു ഷോപ്പ് തുടങ്ങി. അവിടെയും ജോയിയെ ദുർവിധി പിന്തുടർന്നു.
2018ൽ ഉണ്ടായ പ്രളയത്തിൽ കടയിലുണ്ടായിരുന്നതെല്ലാം കവർച്ച ചെയ്യപ്പെട്ടു. ഇതിനിടയിൽ ബീച്ചിലെ പാർക്കിംഗ് ഏരിയയിൽ ടോൾ പിരിക്കാൻ കരാറെടുത്തു. അതും തകർന്നതോടെയാണ് ചെറായി കരുത്തലയിൽ പച്ചക്കറി കട തുടങ്ങിയത്.
ഇതും മുന്നോട്ടു പോകാൻ വിഷമിച്ച അവസ്ഥയിലാണ് തന്റെ സ്വപ്ന പദ്ധതിയായ ജെന്റ്സ് ബ്യൂട്ടി പാർലറിനു ജോയി രൂപം നൽകിയിട്ടുള്ളത്. ഭാര്യ ലിസിക്കും മക്കളായ ജോയൽ ബക്കാം, ജോണ് കോൾ എന്നിവരുമായി ചെറായിയിലാണ് ജോയിയുടെ താമസം.
ഹരുണി സുരേഷ്