മഹിതചൈതന്യത്തിൽ...
Tuesday, April 22, 2025 9:15 AM IST
അസീസിയിലെ തെരുവുകളാണ് വിശുദ്ധ ഫ്രാൻസിസിനെ സമ്മാനിച്ചതെങ്കിൽ അർജന്റൈൻ തലസ്ഥാനം ബുവാനോസ് ആരീസിലെ തെരുവുകളാണ് ഫ്രാൻസിസ് മാർപാപ്പയെ ലോകത്തിനു നൽകിയത്. ഇറ്റലിയിൽനിന്നു ബുവാനോസ് ആരീസിലെ ഫ്ളോറസിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ഹോർഹെ മരിയോ ബെർഗോളിയോയുടെ ജനനം.
ഫുഡ് സയൻസ് ലബോറട്ടറിയിലെ കെമിസ്റ്റിൽനിന്ന് ഈശോസഭാ വൈദികനിലേക്കുള്ള മാറ്റം തികച്ചും യാദൃച്ഛികമായിരുന്നു. പിന്നീട് അർജന്റൈൻ ജെസ്യൂട്ട് സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ, ബുവാനോസ് ആരീസ് ബിഷപ്, ആർച്ച്ബിഷപ്, കർദിനാൾ എന്നീ പദവികളിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു.
ബെനഡിക്ട് 16-ാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് 2013 മാർച്ച് 19 ചൊവ്വാഴ്ച വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ദിനം ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ഉയർത്തപ്പെട്ടു. നിദ്രയിലുള്ള യൗസേപ്പ് പിതാവിനെ എന്നും സ്മരിക്കുന്ന മാർ ബെർഗോളിയോ തന്റെ പേപ്പൽ പദവി ഏറ്റെടുക്കാൻ തെരഞ്ഞെടുത്ത ദിനവും പ്രത്യേകതയുള്ളതായി. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഭൂരിപക്ഷം മാർപാപ്പമാരും സ്ഥാനാരോഹിതരായത് ഞായറാഴ്ചകളിലാണ്.
ബുവാനോസ് ആരീസിലെയും റൊസാരിയോയിലെയും തെരുവുകളിൽ കത്തോലിക്കാ വൈദികർ നടത്തുന്ന സേവനം മഹത്തരമാണ്. പള്ളികൾക്കൊപ്പം സ്കൂളുകളും സമൂഹ അടുക്കളയും ലഹരി മുക്തി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പട്ടാള ഭരണകൂടത്തിനു കീഴിൽ രാജ്യം കടത്തു സാന്പത്തികമാന്ദ്യം നേരിടുന്ന സമയത്താണ് കത്തോലിക്കാ വൈദികർ വില്ലകളി (ചേരി)ലേക്ക് ഇറങ്ങിച്ചെന്നത്.
കമ്യൂണിസ്റ്റ് ആദർശത്തിൽ അധിഷ്ഠിതമായ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളായിരുന്നു ലാറ്റിനമേരിക്കയിലെ കത്തോലിക്കാ പുരോഹിതർ. അതിനാൽ ഇവരുടെ പ്രവർത്തനങ്ങളെ കമ്യൂണിസ്റ്റ് വിരുദ്ധ സർക്കാർ എതിർത്തിരുന്നു. വിമോചന ദൈവശാസ്ത്രത്തെ ബെർഗോളിയോയും ശക്തമായി എതിർത്തു.
1974ൽ ചേരികളിൽ സേവനം ചെയ്യുന്ന ഫാ. കാർലോസ് മുഗിക്ക സൈനികരാൽ കൊല്ലപ്പെട്ടു. 1976ൽ രണ്ട് ഈശോസഭാ വൈദികരെ സൈന്യം തട്ടിക്കൊണ്ടുപോയി. പുരോഹിതരെക്കുറിച്ചുള്ള വിവരം സർക്കാരിനു കൈമാറിയത് ഈശോസഭാധികാരിയായിരുന്ന ബെർഗോളിയോ ആയിരുന്നെന്ന് ആരോപണമുയർന്നു. കർദിനാൾ ബെർഗോളിയോ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ആരോപണമുണ്ടായത്. എന്നാൽ, പിന്നീട് ഇതു സത്യമല്ലെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികർതന്നെ വെളിപ്പെടുത്തി.
അർജന്റീനയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം, ബർഗോളിയോ ആർച്ച്ബിഷപ്പായിരുന്നപ്പോൾ ചേരികളിലെ പുരോഹിതരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. ചേരികളിൽ പ്രവർത്തിച്ചിരുന്ന വൈദികരുടെ എണ്ണത്തിൽ അദ്ദേഹം വൻവർധന വരുത്തി. ചേരികളിൽ സന്ദർശനം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.
ഗർഭഛിത്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമജനനനിയന്ത്രണം എന്നീ വിഷയങ്ങളിൽ ആർച്ച്ബിഷപ് ബെർഗോളിയോയ്ക്കു കടുത്ത നിലപാടാണ് ഉണ്ടായിരുന്നത്. സഭയിലെ പരിഷ്കരണവാദികളുടെ വാദങ്ങളെ ശക്തമായി എതിർത്തു.
പാവപ്പെട്ടവരോട് സമൂഹം പ്രതിബദ്ധത പുലർത്തണമെന്ന് വാദിച്ചിരുന്ന അദ്ദേഹം പരിസ്ഥിതിക്കുവേണ്ടി ശക്തമായി നിലകൊണ്ടു. മതാന്തര സംവാദങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കച്ചവടത്തിന്റെയും സമൂഹമാധ്യമങ്ങളുടെയും അതിപ്രസരത്തെ വിമർശിച്ചിരുന്ന ബെർഗോളിയോയെ സാധാരണക്കാരനായ യാഥാസ്ഥിതികൻ എന്നാണ് ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
അർജന്റൈൻ നഗരങ്ങളായ ബുവാനോസ് ആരീസിലും റോസാരിയോയിലും വീശയടിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ ഉയർന്നുകേട്ട ഒരു പേരാണ് ആർച്ച്ബിഷപ് ബെർഗോളിയോ എന്ന്. ഇടതു സർക്കാരിന്റെ കാലത്ത് രാജ്യം കടുത്ത സാന്പത്തികമാന്ദ്യം നേരിട്ടിരുന്നപ്പോൾ, സർക്കാരിനെ അദ്ദേഹം പലവട്ടം വിമർശിച്ചു.
അർജന്റൈൻ പ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റൂവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും സാന്പത്തിക മാന്ദ്യത്തിലും 2001 ഡിസംബറിലെ കലാപത്തിലും സർക്കാരിനെ വിമർശിച്ചു. 1999ൽ അർജന്റൈൻ ദേശീയ ദിനമായ മേയ് 25ന് ബ്യൂണസ് അയേഴ്സിലെ മെട്രോപ്പൊളീറ്റൻ കത്തീഡ്രലിൽ ആർച്ച്ബിഷപ് ബെർഗോളിയോയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർവർഷങ്ങളിലും ഇതു തുടർന്നു. പിന്നീടു വന്ന നെസ്റ്റർ ക്രിച്ച്നർ, ക്രിസ്റ്റീന ഫെർണാണ്ടസ് ഡി ക്രിച്ച്നർ എന്നിവരുമായി ആർച്ച്ബിഷപ് ബെർഗോളിയോയുടെ ബന്ധം ഊഷ്മളമായിരുന്നില്ല. കാഷിക പ്രതിസന്ധിയിലും സ്വവർഗ വിവാഹ നിയമത്തിലും ആർച്ച്ബിഷപ് ബെർഗോളിയോയുടെ നേതൃത്വത്തിൽ സർക്കാരിനെതിരേ ബുവാനോസ് ആരീസിൽ പ്രതിഷേധപ്രകടനം നടത്തി.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് 2013 മാർച്ചിൽ കർദിനാൾ ബെർഗോളിയോയെ മാർപാപ്പയായി തെരഞ്ഞെടുത്തത് അർജന്റൈൻ ജനതയും ലാറ്റിൻ അമേരിക്കയും സഹർഷം സ്വാഗതം ചെയ്തു.
അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയെ 91 ശതമാനം ജനങ്ങൾ സ്വാഗതം ചെയ്തു. ബ്രസീൽ, മെക്സിക്കോ, കൊളംബിയ, ചിലി രാജ്യങ്ങളിൽ എഴുപതു ശതമാനം പേരും ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്തു.
അവഗണിക്കുന്ന പ്രദേശിക സംസ്കാരങ്ങളെ, പ്രത്യേകിച്ച് ആമസോണ് തദ്ദേശീയ സംസ്കാരങ്ങളെ, ഉൾക്കൊള്ളുന്നതിലും സ്വീകരിക്കുന്നതിലും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ശ്രദ്ധിച്ചു. ബ്യൂണസ് അയേഴ്സിലെ അനുഭവങ്ങളിൽനിന്നാണ് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയത്. ആമസോണ് സിനഡ് നടത്തിയും സ്ത്രീകൾക്ക് വിശ്വാസപരിശീലനത്തിൽ കൂടുതൽ ചുമതല നൽകിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് വത്തിക്കാൻ കൂരിയയിൽ സ്ത്രീകൾക്കു സുപ്രധാന ചുമതല നൽകിത്. സർക്കാർ സഹായത്തിന്റെ അഭാവത്തിൽ ബുവാനോസ് ആരീസിലെ ചേരികളിൽ സഭ നടത്തിയ പ്രവർത്തനങ്ങൾ തന്റെ വീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.