മാറ്റേറും കാരറ്റ് വിശേഷങ്ങൾ
Thursday, June 7, 2018 12:44 PM IST
ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്. 100 ഗ്രാം കാരറ്റിൽ 7.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീൻ, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാൽസ്യം, 0.6 മില്ലിഗ്രാം ഇരുന്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ സി, വിറ്റാമിൻ കെ, ബയോട്ടിൻ, പൊട്ടാസ്യം, തയമിൻ, ഫോളേറ്റ് എന്നിവയുമുണ്ട്.
നാരുകളും ബീറ്റാകരോട്ടിനും
പ്രധാനമായും അതിലെ നാരുകളും ബീറ്റാകരോട്ടിനുമാണ് കാരറ്റിന്റെ ആരോഗ്യസിദ്ധികൾക്ക് അടിസ്ഥാനം. പച്ചയ്ക്കും വേവിച്ചും കഴിക്കാം. സാലഡിൽ ചേർക്കാം. സൂപ്പാക്കിയും കഴിക്കാം.
നാരുകൾ സുഗമമായ ദഹനത്തിനു സഹായകം. വിവിധതരം ദഹനരസങ്ങളുടെ ഉത്പാദനം, പെരിസ്റ്റാൾറ്റിക് മോഷൻ എന്നിവയ്ക്ക് ഉത്തേജനം നല്കുന്നതിനു നാരുകൾ സഹായകം. ആമാശയം, കുടലുകൾ എന്നിവയുടെ ആരോഗ്യത്തിനും ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നു.
ബീറ്റാകരോട്ടിൻ
ആന്റിഓക്സിഡൻറാണ്. കരൾ ഇതിനെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. വിറ്റാമിൻ എ നിശാന്ധത തടയുന്നു. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റാകരോട്ടിന്റെ ഇരിപ്പിടങ്ങളിലൊന്നാണ് കാരറ്റ്. മാകുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, തിമിരം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു ബീറ്റാകരോട്ടിൻ ഗുണപ്രദമെന്നു വിദഗ്ധർ. കാരറ്റിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ സ്ട്രോക് സാധ്യത കുറയ്ക്കുന്നതായി ഹാർവാഡ് സർവകലാശാല നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. കാരറ്റ് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയവരിൽ സ്ട്രോക്സാധ്യത മറ്റുളളവരെ അപേക്ഷിച്ചു കുറഞ്ഞതായി പഠനറിപ്പോർട്ട്.
മാർക്കറ്റിൽ നിന്നു വാങ്ങുന്പോൾ...
കാരറ്റിലെ ആന്റിഓക്സിഡൻറുകൾ കാൻസർ തടയുമെന്നതു വാസ്തവം. ശുദ്ധമായ(ജൈവരീതിയിൽ വിളയിച്ച) കാരറ്റിലെ കരോട്ടിനോയ്ഡ് ആന്റിഓക്സിഡൻറ് കരുത്താണ് കാൻസർസാധ്യത കുറയ്ക്കുന്നത്. പക്ഷേ കീടനാശിനിയിൽ കുളിച്ചതാണെങ്കിൽ ആരോഗ്യജീവിതം അപകടത്തിലാകും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന കാരറ്റ് ഉൾപ്പെടെയുള്ള പച്ചക്കറികൾ പുളിവെളളത്തിൽ ഒരു മണിക്കൂർ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉൾപ്പെടെയുളള വിഷമാലിന്യങ്ങൾ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകമെന്നു വിദഗ്ധർ. കാർഷിക സർവകലാശാലയുടെ ഉത്പന്നം വെജിവാഷും ഉപയോഗിക്കാവുന്നതാണ്.
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനും കാരറ്റ് ഗുണപ്രദം. കാരറ്റിലുളള പോളിഅസറ്റൈലീൻസ് എന്ന ഫൈറ്റോന്യൂട്രിയന്റുകൾ കാൻസർ വളർച്ച തടയുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.പതിവായി കാരറ്റ് ജ്യൂസ് ഏതാനും ആഴ്ചകൾ കഴിക്കുന്നതു പോസിറ്റീവ് ഫലം നല്കുമെന്നും പഠനങ്ങൾ പറയുന്നു. കാരറ്റ് ചേർത്ത വിഭവങ്ങൾ ശീലമാക്കുന്നത് ശ്വാസകോശം, കൊളോറെക്റ്റൽ, പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോർട്ട്.
പ്രായമായവരുടെ ആരോഗ്യജീവിതത്തിന്
രക്തസമ്മർദം, ഹൃദയരോഗങ്ങൾ എന്നിവയുളളവർക്കു കാരറ്റ് വിഭവങ്ങൾ ഗുണപ്രദം. അതിലുളള ബീറ്റ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യുടെയ്ൻ എന്നീ ആന്റിഓക്സിഡൻറുകൾ കൊളസ്ട്രോളിനെതിരേ പോരാടുന്നു. ഹൃദയാഘാതസാധ്യത കുറയ്ക്കുന്നതിനും സഹായകം. ധമനികളിലെ ടെൻഷന് അയവുവരുത്തി രക്തസഞ്ചാരം മെച്ചപ്പെടുത്തി രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു കാരറ്റിലുളള പൊട്ടാസ്യം ഗുണപ്രദം. ചുരുക്കത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതു സഹായകം.
ശരീരത്തിലുളള സോഡിയം മൂത്രത്തിലൂടെ പുറന്തളളപ്പെടുന്ന പ്രവർത്തനത്തിനു പൊട്ടാസ്യം സഹായകം. പക്ഷേ, പാകം ചെയ്യുന്പോൾ 30 ശതമാനം വരെ നഷ്ടമാകാറുണ്ട്. അതിനാൽ വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികൾ പച്ചയ്ക്കുതന്നെ കഴിക്കുന്നതാണ് ഉത്തമം. തിളപ്പിക്കുന്പോഴാണ് പോഷകങ്ങൾ ഏറെ നഷ്ടമാകുന്നത്. ആവിയിൽ വേവിക്കുന്നതു പോഷകനഷ്ടം താരതമ്യേന കുറയ്ക്കും.
ചർമാരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ എ, വിറ്റാമിൻ സി ഉൾപ്പെടെയുളള ആന്റിഓക്സിഡന്റുകളാണ് കാരറ്റിനെ ചർമത്തിനു പ്രിയമുളളതാക്കുന്നത്. സൂര്യനിൽ നിന്നുളള ഉപദ്രവകാരികളായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കുന്നു. ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽ നിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു.
കാരറ്റ് ജ്യൂസ്
വേനൽക്കാലത്തു കാരറ്റ് ജ്യൂസ് കഴിക്കാം. ചർമത്തി ന്റെ ഈർപ്പം നിലനിർത്തുന്നതിനു സഹായകം. ചർമത്തിന്റെ നിറഭേദം, കുരുക്കൾ എന്നിവയെ തടയുന്നു.ചർമാരോഗ്യവും തിളക്കവും ഉൗർജ്വസ്വലതയും നിലനിർത്തുന്നതിനു കാരറ്റ് സഹായകം. കാരറ്റ് നന്നായരച്ചതു(രണ്ടു ടേബിൾ സ്പൂണ് അളവിൽ) തേനുമായി ചേർത്തു മുഖത്തു പുരട്ടാം. ഉണങ്ങുന്പോൾ ചെറുചൂടുവെളളത്തിൽ മുഖം കഴുകാം. നാടൻ ഫേസ്മാസ്കായി മാറുകയാണ് ഇവിടെ കാരറ്റ്. ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്ന കൊളാജന്റെ നിർമാണത്തിനു കാരറ്റ് ഗുണപ്രദം. അതു ചർമത്തിൽ ചുളിവുകൾ ഉണ്ടാകുന്നതു തടയുന്നു. ചുരുക്കത്തിൽ യുവത്വം നിലനിർത്തുന്നതിനു കാരറ്റ് സഹായകം.
കരളിന്റെ കരുത്തിന്
കാരറ്റ് പച്ചയ്ക്കു കടിച്ചു ചവച്ചരച്ചുതിന്നണം. പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു സഹായകം. ഉമിനീരിന്റെ ഉത്പാദനം ത്വരിതപ്പെടുത്തി അസിഡിറ്റി, വായിലെ ബാക്ടീരിയകളുടെ തോത് എന്നിവ സംതുലനം ചെയ്യുന്നതിനും കാരറ്റ് ഗുണപ്രദം. കാരറ്റിൽ ധാരാളമുളള വിറ്റാമിൻ എയും ജലത്തിൽ ലയിക്കുന്നതരം നാരുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനു തുണയാകുന്നു. കരളിൽ ബൈൽ സ്രവം, ഫാറ്റ് എന്നിവ അടിയുന്നതു കുറയ്ക്കുന്നു. കരൾരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽക്രമപ്പെടുത്തുന്നതിനു കാരറ്റിലുളള കരോട്ടിനോയ്ഡുകൾ സഹായിക്കുന്നു. വേവിച്ച കാരറ്റിനെക്കാൾ പച്ചയ്ക്കുളള കാരറ്റാണ് ഗുണപ്രദം.
കാരറ്റ് - ഉപ്പുമാവ്, ദോശ, പുട്ട്
ഉപ്പുമാവു തയാറാക്കുന്പോൾ കാരറ്റ് കൂടി ചേർത്താൽ അതു കാരറ്റ് ഉപ്പുമാവ്. ദോശമാവിൽ കാരറ്റ് പൊടിപൊടിയായി അരിഞ്ഞതു കൂടി ചേർത്തു കലക്കി ചുട്ടെടുത്താൽ അതു കാരറ്റ്ദോശ. പുട്ടുപൊടിയിൽ കാരറ്റ് നുറുക്കിയതു ചേർത്താൽ അതു കാരറ്റ് പുട്ട്.
തയാറാക്കിയത് -ടിജിബി