പുകയുന്ന യുവത്വം
Monday, February 26, 2018 12:23 PM IST
കഞ്ചാവു മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ ആലപ്പുഴ. ലഹരി ഉപയോഗിക്കുന്നവരിൽ മദ്യത്തെക്കാൾ കൂടുതൽ കഞ്ചാവിനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനം തോറും വർധിക്കുന്നതായാണ് പോലീസ്, എക്സൈസ് വകുപ്പുകളുടെ രേഖകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ കഞ്ചാവിന് അടിമപ്പെടുന്നവരുടെ എണ്ണം ഭീതിദമാം വിധത്തിലാണ് ഉയർന്നിരിക്കുന്നത്.
2015ൽ ജില്ലാ നാർക്കോട്ടിക് വിഭാഗം 19.89 കിലോ കഞ്ചാവാണ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പിടികൂടിയത്. 506പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2016ൽ പിടികൂടിയ കഞ്ചാവിന്റഎ അളവ് 28.58 കിലോയായി വർധിച്ചപ്പോൾ 540 പേരാണ് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടു പിടിയിലായത്. എന്നാൽ 2017 ആയപ്പോഴേക്കും നാർക്കോട്ടിക് വിഭാഗം പിടികൂടിയ കഞ്ചാവിന്റെ അളവ് മുൻ വർഷം പിടികൂടിയതിന്റെ ഇരട്ടിയോളമാണ് വർധിച്ചത്. 55.80 കിലോ കഞ്ചാവാണ് കഴിഞ്ഞ വർഷം 380 കേസുകളിലായി പിടികൂടിയത്. 468 പേർ അറസ്റ്റിലാകുകയും ചെയ്തു. ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന വിതരണക്കാരനും താഴേത്തട്ടിലെ കഞ്ചാവ് വിൽപ്പനക്കാരുമടക്കം നൂറുകണക്കിനാളുകളാണ് പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകളിൽ പിടിയിലായത്. പ്രഫഷണൽ വിദ്യാഭ്യാസം നേടിയവർ മുതൽ സാധാരണക്കാരൻ വരെയുള്ളവരാണ് ജില്ലയിലെ കഞ്ചാവ് വിപണന ശൃംഖലയിലുള്ളത്.
പരിശോധനകളിൽ പിടിയിലാകുന്നത് പലപ്പോഴും വിതരണ ശൃംഖലയിലെ അവസാന കണ്ണിയാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ കുറിച്ചുള്ള അന്വേഷണം പലപ്പോഴും ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചു നൽകുന്നവരിലെത്തി അവസാനിക്കുകയാണ് പതിവ്. ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന വൻസംഘങ്ങളെ പിടികൂടാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണം ലഭിക്കാത്തതും സംസ്ഥാന തലത്തിൽ ഇത്തരത്തിലൊരു അന്വേഷണത്തിനുവേണ്ട നടപടികൾ സ്വീകരിക്കാത്തതുമാണ് കഞ്ചാവ് മാഫിയായുടെ പ്രവർത്തനം അനുദിനം ശക്തിപ്പെടാൻ കാരണം. ജില്ലയിലെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രദീപിക നടത്തിയ അന്വേഷണാത്മക പരന്പരയിൽ ലഹരി കടത്തിന്റെ വിവിധ വശങ്ങൾ അനാവൃതമാക്കുന്നു.
ആന്ധ്രയിൽ കിലോയ്ക്ക് 1000, കേരളത്തിലെത്തിയാൽ ഒരു ലക്ഷം
ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്ന ദുർഘടമായ മലന്പ്രദേശങ്ങളിൽ വിളഞ്ഞിരുന്ന നീലച്ചടയൻ കഞ്ചാവ് എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസിലും മലഞ്ചരക്കു കയറ്റിവന്നിരുന്ന വാഹനങ്ങളിലുമായി മധ്യതിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും കടത്തിയിരുന്നത് ഓർമ മാത്രമായപ്പോൾ മറ്റ് മേഖലകളിലെന്നപോലെ ഇതര സംസ്ഥാന ലോബി കഞ്ചാവ് ലഹരിയുമായി അതിർത്തി കടന്നു കേരളത്തിലെത്തി. ആന്ധ്ര- ഒഡീഷ അതിർത്തി പ്രദേശത്തെ മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലയിൽ നിന്നാണ് ഇന്നു കഞ്ചാവ് സംസ്ഥാനത്തേക്കെത്തുന്നത്.
ഭരണകൂടം കാര്യക്ഷമമല്ലാത്ത പ്രദേശത്ത് വീടുകളോടു ചേർന്നുള്ള കൃഷിയിടങ്ങളിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്. ഇവിടെ നിന്നും കിലോയ്ക്ക് ആയിരം രൂപ നൽകി വാങ്ങുന്ന കഞ്ചാവ് കേരള അതിർത്തിയിൽ എത്തിച്ചു നൽകുന്പോൾ 20,000 രൂപയാണ് നൽകേണ്ടത്. രണ്ടു സംസ്ഥാനങ്ങളിലൂടെ കടന്നാണ് വൻതോതിൽ കഞ്ചാവ് കേരള അതിർത്തിയിലെത്തുന്നതെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയിലും പേരിനുപോലും കഞ്ചാവ് പിടികൂടാത്തത് ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ്. കേരള അതിർത്തിയിലെ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് അഞ്ച് കിലോ വരെ തൂക്കം വരുന്ന പായ്ക്കറ്റുകളിലാക്കിയാണ് തെക്കൻ കേരളത്തിലേക്ക് എത്തിക്കുന്നത്.
മൊത്തക്കച്ചവടക്കാരിൽ നിന്നു വിതരണക്കാരൻ വഴി സാധാരണ കച്ചവടക്കാരനിലെത്തുന്പോൾ കഞ്ചാവിന്റെ മൂല്യത്തിലുണ്ടാകുന്നത് സങ്കല്പിക്കാനാകാത്ത വർധനവാണ്. ഏകദേശം അഞ്ചുഗ്രാം വരുന്ന കഞ്ചാവ് പൊതി ഒന്നിന് 500 രൂപയാണ് താഴെത്തട്ടിലെ വില്പന വില. ഇത്തരത്തിൽ ഒരു കിലോ കഞ്ചാവ് വിൽക്കുന്പോൾ ലഭിക്കുന്നത് ഒരുലക്ഷം രൂപയാണ്. കുറഞ്ഞ മുതൽമുടക്കിൽ ലഭിക്കുന്ന ഈ അമിത ലാഭം തന്നെയാണ് ഒരു തവണ വിൽപ്പനയിൽ ഏർപ്പെടുന്നവരെ പിന്നീട് ഈ രംഗത്ത് പിടിച്ചു നിർത്തുന്നത്.
ട്രെയിനിലും വിനോദസഞ്ചാരികളുടെ വാഹനങ്ങളിലും
വർഷങ്ങൾക്കു മുന്പ് ഇടുക്കി ജില്ലയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കെഎസ്ആർടിസി ബസുകളും എക്സൈസ്, പോലീസ് സംഘം ജില്ലാ അതിർത്തികളിലും മറ്റും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇടുക്കിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായിരുന്നു ഈ നടപടി. എന്നാൽ ഇന്ന് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത് ട്രെയിൻ മാർഗവും തീർത്ഥാടന വിനോദസഞ്ചാര വാഹനങ്ങളിലുമായാണ്. രാത്രിയെത്തുന്ന ട്രെയിനുകളാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കാനായി വിതരണക്കാർ തെരഞ്ഞെടുക്കുന്നത്.
മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ട്രെയിനിൽ നിന്നും കഞ്ചാവ് പൊതികൾ എറിഞ്ഞ് നൽകുകയാണ് പതിവ്. അതിനാൽ തന്നെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്ന പരിശോധനകളിൽ പെടാറുമില്ല.
ട്രെയിൻ കടന്നുപോയി മിനിട്ടുകൾക്കുള്ളിൽ തന്നെ വിതരണക്കാരിൽ ഉൾപ്പെട്ട സംഘം വാഹനങ്ങളിൽ ട്രാക്കിന്റെ ഓരങ്ങളിൽ നിന്നും കഞ്ചാവ് പൊതികൾ കടത്തിക്കൊണ്ട് പോകുകയും ചെയ്യും. റെയിൽവേ ഗ്യാങ്മാന്മാർ ഡ്യൂട്ടി നോക്കുന്നതിനിടയിൽ പലയിടങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് പൊതികൾ കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങുന്ന വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായാണ് അധികൃതർക്ക് വിവരം ലഭിച്ചിരിക്കുന്നത്. ട്രെയിനിലെ കഞ്ചാവ് കടത്തിന് റെയിൽവേ പോലീസിന്റെയും പ്രൊട്ടക്ഷൻ പോലീസിന്റെയും ശക്തമായ പരിശോധനകൾ വിലങ്ങുതടിയായതോടെ കഞ്ചാവ് മാഫിയ മറ്റ് മാർഗങ്ങൾ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന യുവാക്കളായ വിനോദസഞ്ചാരികളെ ചുറ്റിപ്പറ്റുന്ന ഏജന്റുമാരാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്.
നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിൽ ഒന്നു വിലയ്ക്ക് സാധനം കിട്ടുമെന്നതിനാൽ വിനോദസഞ്ചാരത്തിന്റെ മറവിൽ കഞ്ചാവ് വാങ്ങുന്നതിനായി ഇത്തരം കേന്ദ്രങ്ങളിലേക്ക് സവാരി നടത്തുന്നവരുമുണ്ട്. തീർത്ഥാടക വാഹനങ്ങളിൽ സഞ്ചാരികളറിയാതെയാണ് പലപ്പോഴും ഇവ കടത്തുന്നത്. വാഹന പരിശോധനകളിൽ തീർഥാടക വാഹനങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യം പ്രയോജനപ്പെടുത്തിയാണ് കഞ്ചാവ് ഇത്തരത്തിൽ കടത്തുന്നത്.
(തുടരും)
വി. എസ്. രതീഷ്