പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമെന്റാളും ആ നാൽപ്പതുപേരും’ എന്ന് ആരംഭിക്കുന്ന പൂമരം എന്ന സിനിമയിലെ ഗാനം ഇപ്പോൾ മലയാളികൾക്കിടയിൽ ഹിറ്റായി മാറിക്കഴിഞ്ഞു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ എന്ന നിലയിൽ പുറത്തുവന്ന ഈ ഗാനത്തിന് ഈണമിട്ടതും പാടിയതും ഫൈസൽ തന്നെയാണ്. പൂമരത്തിന്റെ വരികൾ മലയാളികൾ ഏറ്റുപാടിയതോടെ പുതിയ ഗായകനെയും സംഗീതസംവിധായകനെയുമാണ് സിനിമാ ലോകത്തിന് ലഭിച്ചത്. പാട്ടു പുറത്തുവന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഫേസ്ബുക്ക് യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു.

ഫൈസൽ സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായല്ല. സംഗീത സംവിധായകനാവണം എന്ന ആഗ്രഹത്തോടെയാണു തൃശൂരിൽ നിന്നു ഫൈസൽ മഹാരാജാസ് കോളജിൽ എത്തിയത്. സംഗീത പഠനത്തോടൊപ്പം കഫേ കവാലി എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡും ഫൈസൽ തുടങ്ങിയിരുന്നു. പാട്ടിലൂടെ മലയാളികളുടെ മനസിലേക്കു കടന്നുവന്ന ഫൈസലിന്റെ വിശേഷങ്ങളിലേക്ക്;

പൂമരത്തിലേക്കുള്ള വഴി

കോളജ് കാമ്പസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന പൂമരം എന്ന ചിത്രത്തിന്റെ ഭാഗമായാണ് സംവിധായകൻ എബ്രിഡ് ഷൈൻ മഹരാജാസ് കോളജിൽ എത്തിയത്. കോളജിൽ നടത്തിയ ഒഡിഷനിടയിലാണ് നന്നായി പാടുകയും ഗിറ്റാർ വായിക്കുകയും ചെയ്യുന്ന ഫൈസലിനെ കണ്ടെത്തിയത്.

ഓഡിഷൻ സമയത്ത് സുഹൃത്തുക്കൾക്കൊപ്പം കോളജിലൂടെ നടന്നുപോവുകയായിരുന്നു ഫൈസൽ. ഈ സമയത്താണ് ഓഡിഷൻ നടക്കുന്നതുകണ്ടത്. സിനിമയോട് താല്പര്യമുണ്ടായിരുന്നതിനാൽ അവിടെ നിന്നു. ഇതിനിടെ സംവിധായകൻ എബ്രിഡ് ഷൈൻ പാട്ടു പാടാൻ അറിയാവുന്നരോടു പാടാൻ ആവശ്യപ്പെട്ടു. പലരും പല പാട്ടുകളും പാടി. ഈ സമയം മഹാരാജാസ് കോളജിന്റേത് എന്ന പേരിൽ അറിയപ്പെടുന്ന ‘ഞാനും ഞാനുമെന്റാളും’ എന്ന കവിത തന്റേതായ ഈണത്തിൽ ഫൈസൽ പാടുകയായിരുന്നു. ഗിറ്റാർ ഉപയോഗിച്ചു ഒരു ഡമ്മി എന്ന രീതിയിലാണ പാട്ടുപാടിയത്.

ഈ പാട്ട് എനിക്കു തന്നുകൂടെ

പാട്ടു കേട്ട് ഇഷ്‌ടപ്പെട്ട എബ്രിഡ് ഷൈൻ ഫൈസലിനോടു ചോദിച്ചു ‘ഈ പാട്ട് എനിക്കു തന്നുകൂടെ’. എന്നാൽ പാട്ട് എഴുതിയത് ആരാണെന്ന് അറിയില്ലെന്നും പുതിയ ഈണമിട്ട് പാടുക മാത്രമാണ് ചെയ്തതെന്നും ഫൈസൽ പറഞ്ഞു. ഒരു ആൽബം തയാറാക്കാനായാണു പാട്ട് പുതിയ ഈണത്തിൽ ആക്കിയതെന്നും പറഞ്ഞപ്പോൾ എന്റെ ചിത്രത്തിനായി ഈ പാട്ടു തരുമോ എന്നായിരുന്നു ചോദ്യം. ഇത്രയും വലിയൊരു സംവിധായകൻ താൻ തയാറാക്കിയ ഈണത്തിലുള്ള പാട്ടു തരുമോ എന്നു ചോദിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, ഫൈസൽ പറഞ്ഞു.

ആദ്യ പാട്ട് ഹിറ്റായതിന്റെ ’ഷോക്കിൽ‘

ആദ്യ പാട്ടുതന്നെ വമ്പൻ ഹിറ്റായതിന്റെ ഷോക്കിലാണ് ൈഫെസൽ. ഗിറ്റാറുമായി കോളജ് കാമ്പസിലൂടെ വെറുതെ നടന്ന പയ്യനെ വിളിച്ച് പാട്ടു പാടിച്ച എബ്രിഡ് ഷൈനാണ് തന്നെ ഇന്ന് മലയാളികളറിയുന്ന ആളാക്കി മാറ്റിയതെന്നാണു ഫൈസൽ പറയുന്നത്. തന്നെ പൂർണമായി വിശ്വസിച്ച് ഈ പാട്ടു പാടിക്കുകയും സംഗീത സംവിധാനം ചെയ്യിക്കുകയും ചെയ്ത സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ഫൈസൽ പറയുന്നു.

പാട്ടു പുറത്തിറങ്ങിയ ശേഷം കോളജിൽ എത്തിയപ്പോൾ എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. അധ്യാപകരും സുഹൃത്തുക്കളുമെല്ലാം പാട്ട് നന്നായെന്നു പറഞ്ഞു. പാട്ടു പുറത്തിറങ്ങിയ ശേഷം നാട്ടിൽ എത്തിയപ്പോൾ എല്ലാവരും അഭിനന്ദനവുമായി എത്തി. ചിത്രത്തിൽ ഒരു പാട്ടുകൂടി ഫൈസൽ ചെയ്യുന്നുണ്ട്. അതിനുള്ള ഒരുക്കത്തിലാണിപ്പോൾ.

പൂമരപ്പാട്ടിൽ സുഹൃത്തുക്കളും

‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ടിന്റെ കോറസ് പാടിയത് മഹാരാജാസിലെ വിദ്യാർഥികളും പിന്നണി ഗായകരും ചേർന്നാണ്. വൈശാഖ്, ഹൃത്വിക്, ജവഹർ പങ്കജ്, അനൂജ്, പ്രതീഷ്, ഋഷികേശ്, അക്ഷയ്, കിഷൻ, ടോജൻ, അരുൺ അശോക്, പി. എൻ. നൗഫൽ, ഷാൻ രൂപ്, പി.എസ് സച്ചിൻ, കൃഷ്ണദാസ്, ശിഖാ പ്രഭാകരൻ, പി.ഐ. ഇസ്മത്ത് എന്നിവർ ചേർന്നാണു പാട്ടിന്റെ കോറസ് പാടിയിരിക്കുന്നത്.


ട്രോളന്മാർ പൂമരത്തിനു ചുവട്ടിൽ

റിലീസ് ആയതുമുതൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് പാട്ടിനെ. പാട്ടിൽ പറയുന്ന നാൽപ്പതുപേരെക്കുറിച്ചും കപ്പലിൽ എത്തിപ്പെട്ട കുപ്പായക്കരിയെക്കുറിച്ചുമെല്ലാം ചർച്ചകളായി. എത്ര പേരാണ് കപ്പലിലുള്ളതെന്നും ചർച്ചകൾ തുടങ്ങി. അങ്ങനെ ഒരു സിനിമയ്ക്കുപോലും കിട്ടാത്ത അത്ര ട്രോളുകളായി ഒരു പാട്ടിനുമാത്രം.

താൻ സംഗീതം ചെയ്ത പാട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഫൈസൽ. ട്രോളുകൾ കാണുമ്പോൾ സന്തോഷമുണ്ട്. കാണുന്ന നല്ല ട്രോളുകളെല്ലാം ഷെയർ ചെയ്യാറുണ്ട്. ആദ്യമായാണ് ഒരു പാട്ടിന് ഇത്രത്തോളം ട്രോളുകൾ ഇറങ്ങുന്നതെന്നു കരുതുന്നു. പ്രേക്ഷകരുടെ അടുത്തേക്ക് പാട്ടിനെ എത്തിക്കാൻ ട്രോളുകൾ ഏറെ സഹായിച്ചു. പാട്ടിനെക്കുറിച്ച് എല്ലാവരും നല്ലതു പറയുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. പാട്ടിനെക്കുറിച്ചു പറയുന്നതിനായി ഏറെപ്പേർ വിളിക്കാറുണ്ടെന്നും ഫൈസൽ പറയുന്നു.

അഭിനയത്തിലും ഒരു കൈ

പൂമരപ്പാട്ടിൽ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് ഫൈസൽ. പാട്ടിന്റെ ദൃശ്യങ്ങൾ എടുത്തപ്പോൾ അഭിനേതാക്കളോടൊപ്പം ഇരിക്കാൻ സംവിധായകൻ പറയുകയായിരുന്നു. പാട്ടിന്റെ ദൃശ്യങ്ങൾ കണ്ട് പലരും പാട്ടു പാടിയിരിക്കുന്നത് കാളിദാസാണോ എന്ന സംശയം പറഞ്ഞു. അത്ര കൃത്യതയോടെയായിരുന്നു കാളിദാസ് ആ പാട്ടിനുവേണ്ടി അഭിനയിച്ചതെന്നും ഫൈസൽ പറയുന്നു. കഫേ ഖവാലിയുടെ ആൽബത്തിലും പാടി അഭിനയിച്ചിട്ടുണ്ടെങ്കിലും അറിയാവുന്ന പണിക്കു പോകുന്നതല്ലേ നല്ലതെന്ന് ഫൈസൽ ചോദിക്കുന്നു. വിവിധ കോളജുകളിൽ നിന്നായി ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പൂമരത്തിൽ അഭിനയിക്കുന്നത്.

ചെറുവള്ളൂരിൽ നിന്നു മഹാരാജസിലേക്ക്

തൃശൂർ ജില്ലയിലെ ചെറുവള്ളൂർ എന്ന ഗ്രാമവാസിയാണ് ഫൈസൽ. ചെറുപ്പം മുതൽ സംഗീതം ഇഷ്‌ടമായിരുന്ന ഫൈസലിന് ഒരു വലിയ സംഗീത സംവിധായകനും പാട്ടുകാരനും ആകണമെന്നായിരുന്നു ആഗ്രഹം. അതിനാലാണ് മഹാരാജാസ് കോളജിൽ ബിഎ മ്യൂസിക് വിദ്യാർഥിയായി എത്തിയതും.

പഠനം കഴിഞ്ഞു പാട്ട് എന്നു പറഞ്ഞു നടന്നപ്പോൾ പലരും കളിയാക്കിയിരുന്നു. ഈ നല്ല പ്രായത്തിൽ സിനിമ എന്നു പറഞ്ഞു നടക്കാതെ ജോലിക്കു പോകണമെന്ന് ഉപദേശിച്ചിരുന്നു. എന്നാൽ അപ്പോഴും പൂർണ പിന്തുണ നൽകിയത് ബാപ്പ അലിയും ഉമ്മ ഷാഹിദയുമായിരുന്നെന്നു ഫൈസൽ പറയുന്നു. താൻ എന്നെങ്കിലും ഒരു നല്ല പാട്ടുകാരൻ ആകുമെന്നു വിശ്വസിച്ച് പൂർണ പിന്തുണ നൽകി അനിയത്തി ആമിനയും ഉണ്ടായിരുന്നു. പലരും ഉമ്മയോട് അവനോട് ജോലിക്കു പോകാൻ പറ എന്നു പറയുമ്പോൾ അവന്റെ ആഗ്രഹം പോലെ അവൻ എന്നെങ്കിലും ആകുമെന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നതെന്ന് ഫൈസൽ ഓർക്കുന്നു.

കഫേ ഖവാലി

കഫേ ഖവാലി എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് ഫൈസലിന്റേതായുണ്ട്. എ.ആർ. റഹ്മാനോടുള്ള ആദരമെന്ന നിലയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ കോർത്തിണക്കി ഒരു ആൽബം ജനുവരി നാലിന് കഫേ ഖവാലി റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു ഈ ആൽബം. ആൽബത്തിന്റെ കോപ്പി എ.ആർ. റഹ്മാന് അയച്ചുകൊടുത്തിരുന്നു. പാട്ടുകൾ നന്നായിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ കത്ത് ലഭിച്ചത് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണെന്നു ഫൈസൽ പറയുന്നു. മഹാരാജാസിലെ സുഹൃത്തുക്കൾ തന്നെയായിരുന്നു ബാൻഡിനു പിന്നിലും.

യുട്യൂബിലും ഫേസ്ബുക്കിലും ട്രെൻഡിംഗ്

യുട്യൂബിലും ഫേസ്ബുക്കിലും ട്രെൻഡിംഗ് ലിസ്റ്റിലാണ് ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചു മില്യണിലധികം ആളുകളാണ് പാട്ട് യു’ട്യൂബിൽ കണ്ടത്. കാളിദാസ് ജയറാം നായകനായി എത്തുന്ന കാമ്പസ് ചിത്രമാണ് പൂമരം. ആക്ഷൻ ഹീറോ ബിജുവിനുശേഷം എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. 2017 ലാണ് ചിത്രം റിലീസ് ചെയ്യുക.

–സ്വന്തം ലേഖകൻ