ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലേക്ക് തമിഴ്നാട് കോർപറേഷന്റെ ബസ് പ്രവേശിക്കുമ്പോൾ മനസിൽ ശിവകാശിയായിരുന്നു. ശിവകാശി മാത്രം. തമിഴ്നാട് മുഴുവൻ ദീപാവലിക്ക് പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പും പൂത്തിരിയും കത്തിക്കുമ്പോൾ ഒരു കച്ചവടക്കാലത്തിന്റെ ആഘോഷത്തിമർപ്പിൽ ആർമാദിക്കുന്ന ശിവകാശിയിലേക്കാണ് യാത്ര. ദീപാവലിക്ക് മുമ്പ് ശിവകാശിയിലേക്ക് പോയാലേ കാഴ്ചകൾ കാണാൻ കഴിയൂവെന്ന് പറഞ്ഞത് തമിഴ്നാട്ടിലെ ഒരു സുഹൃത്താണ്. ദീപാവലിക്കുള്ള പടക്കക്കച്ചവടത്തിന്റെ കാഴ്ചകളാണ് കാണേണ്ടതെങ്കിൽ ദീപാവലിക്കു മുന്നേ ശിവകാശിയിലേക്കെത്തണം.

ശിവകാശിയിൽ വണ്ടിയിറങ്ങുമ്പോൾ വെറുതെ മണം പിടിച്ചുനോക്കി.. ഒരുപാട് കേട്ടിട്ടുണ്ട് ശിവകാശിയിലെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധമാണെന്ന്...പതിവ് തമിഴ്നാട് ഗന്ധങ്ങൾക്കിടയിൽ വെടിമരുന്നിന്റെ മണം കനത്തു കെട്ടിക്കിടക്കുന്നതായി അറിഞ്ഞു. ആകാശത്തിനു ചാരനിറം പോലെ തോന്നി. ചൂടു കാറ്റാണ് വീശുന്നത്. ചുറ്റിനും വെടിക്കോപ്പുകൾ. മധ്യേ നിൽക്കുന്ന നേരത്ത് പെട്ടന്ന് പേടി തോന്നി. കൂടെ കൂട്ടിന് വന്ന സുഹൃത്തിനൊപ്പം തെരുവുകളിലൂടെ നടക്കുമ്പോൾ ചുറ്റിനും ചെറിയ ചെറിയ കുടിലുകൾ കണ്ടു.

ഓരോന്നും ഓരോ അഗ്നിപർവതമാണ്. വെടിക്കോപ്പുകൾ ഉള്ളിലൊളിപ്പിച്ച അഗ്നിപർവതങ്ങൾ – സുഹൃത്ത് പാതിയിലേറെ കാര്യമായും ബാക്കി തമാശരൂപേണയും പറഞ്ഞു.

വിദേശികളായ സഞ്ചാരികൾ ശിവകാശിയിലെത്തിയിട്ടുണ്ട്. അവർ ഫ്ളാഷ് ഉപയോഗിക്കാതെ ക്യാമറ പ്രവർത്തിപ്പിക്കുന്നു. വളരെ സൂക്ഷിച്ച്. ഫ്ളാഷ് ഒരുപക്ഷേ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ദ്വിഭാഷി പറഞ്ഞുകൊടുക്കുന്നു. മുറി ഇംഗ്ലീഷിൽ ശിവകാശിക്കാരൻ സായിപ്പിനോട് പറയുന്നത് കേട്ടു – ദി ഈസ് ശിവകാശി..ഫയർവർക്സ് ക്യാപിറ്റൽ ഓഫ് ഇന്ത്യ – അതെ ഇന്ത്യയുടെ പടക്കനിർമാണത്തിന്റെ തലസ്‌ഥാനം. അതാണ് ശിവകാശി.



മലയാളി വിഷുവും തമിഴ്നാട്ടുകാർ ദീപാവലിയും ആഘോഷിക്കുമ്പോൾ കച്ചവടം പൊടിപൊടിക്കുന്ന ശിവകാശി. ചെറുതും വലതുമായി എണ്ണായിരത്തോളം ഫാക്ടറികൾ പ്രവർത്തിക്കുന്ന ശിവകാശി. ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ 90 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്ന് ലാത്തിരിക്ക് വർണക്കടലാസ് പൊതിയുന്നതിനിടെ തങ്കവേലുവെന്നയാൾ പറഞ്ഞു.

ചൈനീസ് പടക്കങ്ങൾ വലിയ പ്രശ്നമാണെന്നും മാർക്കറ്റിൽ അവരെത്തിയതോടെ കടുത്ത മത്സരമാണെന്നും തങ്കവേലു ആശങ്ക പ്രകടിപ്പിച്ചു. തങ്കവേലുവിന്റെ ചുറ്റിനും പച്ചനിറമുള്ള നൂലുകൾ വാരിവിതറിയിട്ട പോലെ കിടന്നിരുന്നു. ചെറിയ ഗുണ്ടുകൾക്ക് മേലെ ചുറ്റാനുള്ളതാണെന്ന് മനസിലായി.

അധികനേരം ആ കൊച്ചുമുറിക്കുള്ളിൽ നിൽക്കാൻ തോന്നിയില്ല. പതുക്കെ പുറത്തിറങ്ങുമ്പോൾ വെയിൽ മൂക്കാൻ തുടങ്ങിയിരുന്നു.

നിഴലിൽ പടക്കങ്ങൾ ഉണക്കുന്നത് കണ്ടു. വെയിലത്തുണക്കാതെ നിഴലിലാണ് പടക്കങ്ങൾ ഉണക്കുന്നത്.

വർണക്കടലാസുകൾ, പല നിറത്തിലുള്ള സ്റ്റിക്കറുകൾ, സുന്ദരികളായ യുവതികളുടെയും കുട്ടികളുടേയും സിനിമാതാരങ്ങളുടെയും വർണചിത്രങ്ങളുള്ള പാക്കിംഗ് കേയ്സുകൾ എന്നിവ മിക്ക വീട്ടിലും അടുക്കിയിട്ടുണ്ട്. ഇവ മിക്കതും പ്രിന്റു ചെയ്യുന്നതും ശിവകാശിയിൽ തന്നെയാണെന്ന് സുഹൃത്ത് പറഞ്ഞുതന്നു. പുതുവർഷമാകുമ്പോൾ ഡയറികളും കലണ്ടറുകളും പ്രിന്റു ചെയ്യുന്നതിനും മറ്റുമായി കേരളത്തിൽ നിന്ന് ഇവിടേക്ക് വണ്ടികയറുന്നവർ ഏറെയാണത്രെ.

കുട്ടികൾക്കാണ് പടക്കങ്ങൾ ഏറെയിഷ്‌ടം. പക്ഷെ ശിവകാശിയിൽ പടക്കങ്ങൾ ഉണ്ടാക്കുന്നതിലധികവും കുട്ടികളായിരുന്നു. അവർ ഹരിശ്രീ കുറിക്കുന്നത് കരിമരുന്നിലാണെന്ന് തോന്നി. പഠിക്കാൻ പോകുന്നവർ വളരെ കുറവ്. പ്രാഥമിക വിദ്യാഭ്യാസം നേടിയവരുമുണ്ട് കൂട്ടത്തിൽ. പെൺകുട്ടികളും പടക്കനിർമാണത്തിലേർപ്പെടുന്നു. ദീപാവലിക്ക് പുത്തൻ ഉടുപ്പുകൾ വാങ്ങാനും മധുരപലഹാരം വാങ്ങാനും സിനിമ കാണാനും വേണ്ടി തിമർത്തുപണിയെടുക്കുന്ന കുട്ടികളേയും കണ്ടു.

നമ്മുടെ വിഷുവും ഇവരുടെ ദീപാവലിയും ഇല്ലെങ്കിൽ ഇവരുടെ കാര്യം പ്രശ്നത്തിലാകുമെന്ന് ഒപ്പം വന്ന സുഹൃത്ത് പറഞ്ഞു. വിഷുവിന് കേരളത്തിലേക്കും ദീപാവലിക്ക് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലേക്കും കോടിക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ശിവകാശിയിൽ നിന്നും പോകുന്നത്. ചൈനീസ് പടക്കങ്ങൾ വിപണിയിൽ പുതിയ ഭീഷണിയായി മാറുന്നുണ്ടെങ്കിലും ശിവകാശിയുടെ പടക്കങ്ങൾക്ക് ഡിമാന്റേറെയാണ്. അപകടങ്ങളും ദുരന്തങ്ങളുമൊക്കെ ഏറെയുണ്ടായിട്ടും, പ്രിയപ്പെട്ടവർ ഒരൊറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് ഇല്ലാതാകുന്നത് കൺമുന്നിൽ കണ്ടിട്ടും, കത്തിക്കരിഞ്ഞ പ്രിയപ്പെട്ടവരെ മറക്കാൻ സാധിക്കാതെ വന്നിട്ടും ഇന്നും ശിവകാശിക്കാർ കരിമരുന്നിൽ കവിതകളെഴുതുന്നു. ലാത്തിരിയായും പൂത്തിരിയായും അവ വിരിയുന്നു...

ഇപ്പോൾ വളരെയധികം സുരക്ഷ ക്രമീകരണങ്ങളുടെ നടുവിലാണ് പടക്കനിർമാണം നടക്കുന്നതെന്ന് പോലീസും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്‌ഥരും പറയുന്നുണ്ടെങ്കിലും അപകടം എവിടെയൊക്കെയൊ ഒളിച്ചിരിക്കുന്നതായി തോന്നാം. പക്ഷേ ശിവകാശിക്കാർക്ക് ആ ചിന്തയില്ല. അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വേവലാതിപ്പെട്ടാൽ അവർക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഓരോരുത്തർക്കുമറിയാം. പടക്കനിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരു കൈ നഷ്‌ടപ്പെട്ട പഴനിസ്വാമിയേയും കാൽവിരലുകൾ കരിഞ്ഞുപോയ വേലായുധനേയും ശിവകാശിയിൽ കണ്ടു. ജീവിതം തിരിച്ചുകിട്ടിയതിൽ സന്തോഷിച്ച് അവർ അവരാൽ കഴിയുന്ന പടക്കനിർമാണങ്ങളുമായി കഴിയുന്നു.




അപകടം ഈ തൊഴിലിന്റെ ഭാഗമാണ്. നിങ്ങളുടെ നാട്ടിൽ ആനപാപ്പാൻമാരുടെ ജീവിതം അപകടം പിടിച്ചതല്ലേ, വെടിക്കെട്ടുകാരുടെ ജീവിതം അപകടം പിടിച്ചതല്ലേ, എന്തിന് ബസോടിക്കുന്ന ഡ്രൈവറുടെ ജീവിതം അപകടം പിടിച്ചതല്ലേ...ഏതാണ് സാർ അപകടമില്ലാത്ത ജീവിതം...? പഴനിസ്വാമി ചെറുചിരിയോടെ ചോദിച്ചു.

ലൈസൻസില്ലാത്ത അനധികൃത പടക്കനിർമാണ ശാലകൾ ഏറെയുണ്ടായിരുന്നു ശിവകാശിയിൽ. ഇപ്പോഴതിന് കുറച്ചൊക്കെ നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും പൂർണമായും അതൊന്നും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. അനുവദിച്ചതിലുമധികം വെടിമരുന്ന് സ്റ്റോക്ക് ചെയ്യുന്നവരും ലൈസൻസില്ലാതെ പടക്കനിർമാണം നടത്തുന്നവരും ശിവകാശിയിലുണ്ട്.

പടക്കനിർമാണത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളും ഏറെയുണ്ടായിരുന്നു. ഓരോരുത്തരും ഓരോ പണികൾ ചെയ്യുന്നു. കറന്റ് കണക്ഷൻ ഇല്ലാത്ത പണിശാലകളാണിവിടെ. കറന്റുണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കറന്റ് കണക്ഷനില്ലാത്ത പണിശാലകളിൽ ഉഷ്ണച്ചൂടിൽ ഉരുകിയൊലിച്ച് അവർ പണിയെടുക്കുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന ഒരു കോൾ പോലും ഒരുപക്ഷെ അപകടത്തിലേക്കുള്ള കോൾ ആയി മാറാമെന്ന് ചെറിയ മുറിയിലേക്ക് കടക്കും മുമ്പ് രാമണ്ണയെന്നയാൾ പറഞ്ഞപ്പോൾ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു ടൈംബോംബ് പോലെ തോന്നി.

ഓരോ മുറിയുടെ വാതിലിലും അവിടെ പണിയെടുക്കാവുന്ന തൊഴിലാളികളുടെ എണ്ണവും സൂക്ഷിക്കാവുന്ന രാസവസ്തുക്കളുടെ അളവും രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള നിർദ്ദേശങ്ങൾ വേറെയുമുണ്ട്. പണിശാലയിൽ ഇരുമ്പിന്റെ ഒരായുധവും പാടില്ല, ആയുധങ്ങൾ അലുമിനിയത്തിൽ വേണം. നിലത്ത് റബർ ഷീറ്റ് നിർബന്ധമാണ്. ഘർഷണം മൂലമുള്ള തീപ്പൊരി ഒഴിവാക്കാനാണിതെന്ന് രാമണ്ണ വിശദീകരിച്ചു.

പണിയെടുക്കുന്നവരുടെ കൂട്ടത്തിൽ അപകടവും മരണവും ദുരന്തങ്ങളുമുണ്ട്..വളരെയടുത്ത്.. പണിക്കാരുടെ കൂലിയെപറ്റി ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. കോടികളുടെ ബിസിനസ് ശിവകാശിയിൽ നടക്കുന്നുണ്ടെങ്കിലും സാധാരണ തൊഴിലാളികളുടെ ജീവിതം കഷ്‌ടത്തിലാണെന്ന് തെരുവുകളിലൂടെ നടന്നപ്പോൾ ബോധ്യപ്പെട്ടു. മിക്കവരും നിരക്ഷരരാണ്. ബാലവേല വ്യാപകം. അവർക്ക് അധികമൊന്നും കൂലി കൊടുക്കേണ്ട.

ബനാന അലവൻസ് എന്നൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അതെക്കുറിച്ച് ചോദിച്ചപ്പോൾ രാമണ്ണനെന്ന പടക്കനിർമാണ തൊഴിലാളി ആദ്യം ചിരിച്ചു. പിന്നെ ബനാന അലവൻസിനെക്കുറിച്ച് പറഞ്ഞു തന്നു –

കൂലി കൂടാതെ ആഴ്ചയിൽ ഓരോ തൊഴിലാളിക്കും ലഭിക്കുന്ന രൂപയാണ് ബനാന അലവൻസ്. പഴം വാങ്ങാനുള്ള തുകയാണിത്. പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന അലുമിനിയം പോലുള്ള വസ്തുക്കൾ തൊഴിലാളികളുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം നേരിടാനും പ്രതിരോധിക്കാനും പഴം കഴിക്കുന്നത് നല്ലതാണത്രെ. ആ പഴം വാങ്ങാനുള്ള തുകയാണ് ബനാന അലവൻസ്. 35–50 രൂപ വരെ ബനാന അലവൻസുണ്ട്.

പടക്കം പെട്ടന്ന് കത്തിത്തീരും പോലെ ഞങ്ങളും പെട്ടന്ന് കത്തിത്തീരുമെന്ന് കറുപ്പയ്യ എന്ന തൊഴിലാളി പറഞ്ഞത്് രണ്ടു കൈകളിലേയും മഞ്ഞനിറം കാണിച്ചുകൊണ്ടാണ്. പടക്കനിർമാണത്തിലെ രാസവസ്തുക്കളാണിത്. ശ്വസിക്കുന്നതും കഴിക്കുന്നതും കുടിക്കുന്നതുമൊക്കെ ഈ രാസവസ്തുക്കൾ കലർന്നതാകുമ്പോൾ ആയുസും ആരോഗ്യവുമൊക്കെ ഒരു പൂത്തിരിയുടെ ആയുസിലേക്ക് ഒതുങ്ങിപ്പോകുന്നു.

ചുവപ്പു നിറമുള്ള ഒറ്റക്കൊറ്റക്കുള്ള പടക്കങ്ങൾ മാലപ്പടക്കമാക്കി മാറ്റുന്ന സ്ത്രീകളെ കണ്ടു. മുല്ലപ്പൂ കോർക്കുന്ന വൈഭവത്തോടെ ട്വൈൻ നൂലിൽ അവർ ഒറ്റപ്പടക്കങ്ങൾ കോർത്തെടുക്കുന്നു. ഇവിടെ മിക്ക ദിവസവും പണിയുണ്ട്. ദീപാവലിയും വിഷുവും അടുക്കുമ്പോൾ മൂന്നുമാസങ്ങൾക്ക് മുമ്പേ പണി തുടങ്ങും. തെരഞ്ഞെടുപ്പ് കാലവും ഇവർക്ക് നല്ല സീസണാണ്. പടക്കനിർമാതാക്കൾക്കും ഇടത്തട്ടുകാർക്കും കിട്ടുന്ന ലാഭത്തിന്റെ നേട്ടം അവർക്ക് മാത്രമാണെന്ന് മനസിലായി. എന്നാലും പണിയും കുറവാണെങ്കിലും കൂലിയും കിട്ടുന്നുണ്ടല്ലോ അതുമതിയെന്നാണ് ഇവിടത്തെ പണിക്കാരുടെ ആശ്വാസം. നിയമങ്ങളും നിയന്ത്രണങ്ങളും വരുമ്പോൾ ഇവരുടെ ചങ്കിടിക്കും. പണിയില്ലാത്ത നാളുകളെക്കുറിച്ച് ഇവർക്ക്് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

ശിവകാശി പടക്കങ്ങൾ ഇപ്പോൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാൻ പറ്റുമെന്നും ഇത് കച്ചവടം കൂട്ടിയിട്ടുണ്ടെന്നും മുരുകേശൻ എന്ന കച്ചവടക്കാരൻ പറഞ്ഞു. ദീപാവലിയായതോടെ പല ഓൺലൈൻ സൈറ്റുകളും പടക്കവിൽപ്പനയിൽ മത്സരിക്കുകയാണത്രെ. പടക്കം പൊട്ടുന്നതിന്റെ വിഷ്വലുകളും വിലയും പടക്കത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും സൈറ്റുകളിലുണ്ട്.

ദീപാവലിക്കുള്ള പടക്കങ്ങൾ കെട്ടുകെട്ടായി ലോറികളിലും മറ്റു വാഹനങ്ങളിലും നിറയ്ക്കുന്നു. ഏജന്റുമാർ പണം നിറച്ച ബാഗുകളും കണക്കുകളുമായി ഓടിനടക്കുന്നു. തലച്ചുമടായും കൈവണ്ടികളിലും പടക്കങ്ങൾ എത്തുന്നു. ശിവകാശിയിലാകെ തിരക്കാണ്. മറ്റുള്ളവരെ ദീപാവലി ആഘോഷിപ്പിക്കാനുള്ള തിരക്ക്.

ശിവകാശിയിൽ നിന്ന് മടങ്ങുമ്പോൾ പണിപ്പുരകളിൽ നിന്ന് വീടുകളിലേക്ക് പോകുന്ന സ്ത്രീകളേയും കുട്ടികളേയും കണ്ടു. പടക്കങ്ങൾ കയറ്റിയ ലോറികൾ അവർക്കരികിലൂടെ കടന്നുപോയി. വിരുദജില്ലയുടെ അതിർത്തി കടക്കുമ്പോൾ വെറുതെ തിരിഞ്ഞുനോക്കി..പിന്നിൽ കരിമരുന്നിൽ ഇന്ദ്രജാലങ്ങൾ ഒളിപ്പിച്ചുവെച്ച ശിവകാശിയെ..കാറ്റിൽ കരിമരുന്നിന്റെ ഗന്ധം പടർത്തുന്ന ശിവകാശിയെ...മരണം ഒളിച്ചുകളിക്കുന്ന ശിവകാശിയെ...നമുക്ക് സന്തോഷിക്കാനായി സ്വയം ഉഷ്ണിച്ചുരുകിത്തീരുന്ന ശിവകാശിയെ....

–ഋഷി