മാനസാന്തരം എന്ന പുതിയ ജീവിതത്തുടക്കം
തീർഥാടനം–45 / ഫാ. ജേക്കബ് കോയിപ്പള്ളി
അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ അത് ആശ്വാസം തേടി വരണ്ട സ്‌ഥലങ്ങളിലൂടെ അലഞ്ഞു നടക്കുമെന്നും എങ്ങും സ്‌ഥലം ലഭിക്കാതെവരുമ്പോൾ തിരികെ വന്നു താനിറങ്ങിപ്പോന്ന ഭവനം ശ്രദ്ധിക്കുമെന്നും അതു സജ്‌ജീകൃതമായും ആളൊഴിഞ്ഞും കിടക്കുന്നതു കാണുമ്പോൾ പോയി തന്നെക്കാൾ ദുഷ്ടരായ ഏഴുപേരെക്കൂടെ കൊണ്ടുവന്നു താനിറങ്ങിപ്പോന്ന സ്‌ഥലത്തു കയറിപ്പാർത്ത് ആ മനുഷ്യന്റെ സ്‌ഥിതി കൂടുതൽ ദയനീയമാക്കുമെന്നും വിശുദ്ധ ബൈബിളിൽ നാം വായിക്കുന്നുണ്ട്.
അശുദ്ധിയും തിന്മകളുമൊക്കെ തുടച്ചുനീക്കാൻ ഇച്ഛിക്കുന്നവർ ക്രിസ്തുവിന്റെ ഈ പ്രബോധനത്തെ ഗൗരവമായി ധ്യാനിക്കേണ്ടതും സ്വന്തം ജീവിതത്തിന്റെ അവസ്‌ഥകൾ തിരിച്ചറിയേണ്ടതുമാണ്. അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോകുന്നത് എപ്പോഴാണ്? അതിന് അവനിൽ വസിക്കാൻ ഒരു വഴിയും ഇല്ലാതെ വരുമ്പോൾ, എന്നുവച്ചാൽ ഒരുവൻ മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ, പിന്നെ അശുദ്ധാത്മാവിന് അവിടെ സ്‌ഥാനമില്ല. ഒരുവൻ പണക്കാരനോ പാവപ്പെട്ടവനോ ബുദ്ധിയുള്ളവനോ ബുദ്ധി കുറഞ്ഞവനോ ഇതൊന്നും അശുദ്ധാത്മാവിനു വിഷയമല്ല. എന്നാൽ, ഒരുവൻ മാനസാന്തരത്തിലേക്ക് എത്തുന്നത് അശുദ്ധാത്മാവിനു സൃഷ്ടിക്കുന്നതു പ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധിയിലാണ് അശുദ്ധാത്മാവ് ഒരുവനെ വിട്ടു യാത്രയാവുക.
മാനസാന്തരം പുതിയ ജീവിതത്തുടക്കമാണ്. ജീവിച്ചുവന്നതിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു ജീവിത ദിശാഗതികളിൽ മാറ്റം വരുത്തുമ്പോൾ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടാകുന്നു. ഇത്തരം അടുക്കിനെയും ചിട്ടയെയും കുറിച്ചുള്ള പരാമർശമാണ് അടിച്ചുവാരി സജ്‌ജീകൃതമായ വീട് എന്നുള്ളത്. അടിച്ചുവാരി സജ്‌ജമാക്കുക എന്നതിനു വ്യത്യസ്ത ഭാവങ്ങളുണ്ട്. മാറ്റമുണ്ടാകണം എന്ന തോന്നലിൽ രൂപം കൊണ്ട് വളരെ പെട്ടെന്നു മനുഷ്യൻ കുറെ അടുക്കും ചിട്ടയും കൈവരിക്കാൻ ശ്രമിക്കും.
പലപ്പോഴും ഇത്തരം ശ്രമങ്ങൾക്കു വലിയ ആയുസുണ്ടാവില്ല. മാറണം എന്ന ആഗ്രഹം ജനിക്കേണ്ടത് ഒരുവന്റെ ആന്തരികതയിൽ നിന്നാണ്. ബാഹ്യ സാഹചര്യങ്ങൾ ഒരാളിൽ സമ്മർദം ചെലുത്തുമ്പോൾ സമ്മർദങ്ങളിൽ വഴങ്ങിയോ അഥവാ മറ്റുള്ളവർ ചെയ്യുന്നതു കണ്ടോ, മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ, അധികം താമസിയാതെ അതിൽനിന്നു പിന്മാറും. കാരണം, അത് അവരുടെ ഉൾത്തലത്തിൽ നിന്നു രൂപം കൊണ്ടതല്ല. എന്നാൽ, അനുഭവങ്ങളുടെ വെളിച്ചത്തിൽ ബോധ്യങ്ങളിലൂടെ ഉരുത്തിരിയുന്ന മാനസാന്തരങ്ങൾക്കു സ്‌ഥായീഭാവമുണ്ടായിരിക്കും.
അങ്ങനെയുള്ള മാനസാന്തരങ്ങൾ ജീവിതത്തിന് ഒരു ക്രമമുണ്ടാക്കുക മാത്രമല്ല ആത്മാവിനെ ദൈവകൂടാരമാക്കുകയും ചെയ്യും. അതിലെപ്പോഴും ദൈവസാന്നിധ്യം ജ്വലിച്ചുകൊണ്ടേയിരിക്കും. ആവേശങ്ങൾ പകരുന്ന മാനസാന്തരത്തിൽ സമയത്തിന് എണ്ണയൊഴിക്കാനോ ദീപം തെളിക്കാനോ കൃത്യമായി എല്ലാം അടുക്കും ചിട്ടയുമായി വയ്ക്കാനോ കഴിഞ്ഞെന്നു വരില്ല. ആവേശങ്ങൾ തീരുമ്പോൾ മാനസാന്തരങ്ങൾ കഴിയും. തത്ഫലമായി ആത്മാവ് ആളൊഴിഞ്ഞ കൂടാരമായി മാറും. ആളൊഴിഞ്ഞ കൂടാരങ്ങളിലേക്കാണ് അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി എത്തുക. ആത്മാവ് എന്ന കൂടാരം ദൈവം തന്നെയാണു മനുഷ്യനു സമ്മാനിച്ചത്. എന്നാൽ, അതിൽ വസിക്കാൻ മനുഷ്യൻ തന്നെ ക്ഷണിക്കുമ്പോഴാണു ദൈവം അതിൽ വസിക്കുക.
പക്ഷേ പ്രസക്‌തമായ ഒരു ചോദ്യമുണ്ട്. ഒരിക്കൽ ദൈവത്തെ ആത്മാവിൽ കുടിയിരുത്തിയാൽ പിന്നെ ദൈവം നഷ്ടപ്പെടുന്ന അവസ്‌ഥയുണ്ടാവുന്നത് എങ്ങനെ? ദൈവത്തെ ആത്മാവിൽ കുടിയിരുത്തുന്നത് ഒരു കോൺട്രാക്ട് ഏതാനും കാലയളവിലേക്കു നൽകുന്നതു പോലെയല്ല. മറിച്ച് അത് എല്ലാ ദിവസവും ദൈവമുമ്പിൽ നമ്മൾ നടത്തുന്ന ഒരു സമർപ്പണത്തിന്റെ ഭാഗമാണ്. എല്ലാ നിമിഷങ്ങളിലും നാം ദൈവമനസിനു കീഴ്വഴങ്ങുന്നതിന്റെ ഭാഗമാണ്.
ദൈവം രാജാവായി ആത്മാവിൽ വാഴുമ്പോൾ, സംസാരിക്കുമ്പോൾ, ഇടപെടുമ്പോൾ ഒരിക്കൽ ഇറക്കിവിട്ട പിശാചിന് തിരികെ വന്നുകയറാനുള്ള എല്ലാ പഴുതുകളും അടഞ്ഞുപോകും. പിശാച് കടന്നുവരുന്ന പഴുതുകൾ അടയ്ക്കുകയായിരുന്നു ഈ ദിവസങ്ങളിൽ നാം ചെയ്ത മനോഹര കാര്യം. തപസിന്റെ കാലം കഴിയരുതെന്നു ചിലരെങ്കിലും പ്രത്യേകിച്ചു ചില അമ്മമാർ ആഗ്രഹിച്ചിട്ടുണ്ടാവും. കാരണം തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്ന് ഇത്രയും ദിവസങ്ങൾ സ്വസ്‌ഥതയുണ്ടായിരുന്നു. നോമ്പ് നീണ്ടിരുന്നെങ്കിൽ അതു കുറച്ചുകാലം കൂടി നീളുമായിരുന്നല്ലോ എന്ന ചിന്തയുടെ ഭാഗമാണത്.
അമ്പത്തൊന്നാം ദിവസത്തിൽ പഴയ തിന്മകളിലേക്കു മടങ്ങാൻ കാത്തുകെട്ടിയിരിക്കുന്നവർ ഒരു കാര്യം ഓർമിക്കുന്നതു നല്ലതാണ്. അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി നിങ്ങളുടെ പടിവാതിലുകൾ പരിശോധിക്കാൻ വരും. നിങ്ങളുടെ ഭവനം അതിനു യോജിച്ചതാണെന്ന് അതു കണ്ടെത്തിയാൽ തന്നെക്കാൾ ദുഷ്ടരായ ഏഴുപേരെക്കൂടി കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞ ആത്മാവിലേക്കു പ്രവേശിക്കും. നിങ്ങളുടെ സ്‌ഥിതി ആദ്യത്തേതിലും പരമ ദയനീയമാകും. നോമ്പുകാലം ഫലദായകമാവുക എന്നുദ്ദേശിക്കുന്നതു മറ്റൊന്നുമല്ല, ഇറങ്ങിപ്പോയ ദുഷ്ടാരൂപിക്ക് ഇടംകൊടുക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക എന്നതുതന്നെ.