എഴുതാപ്പുറങ്ങൾ വായിക്കാതിരിക്കുക
Sunday, March 29, 2015 10:51 PM IST
തീർഥാടനം – 43 / ഫാ. ജേക്കബ് കോയിപ്പള്ളി
ക്രൈസ്തവലോകം ഇന്നലെ ഓശാനഞായർ ആചരിച്ചു. ഇസ്രയേലിന്റെ ചരിത്രം മുഴുവൻ തിരുത്തിക്കുറിച്ച ദിവസത്തിന്റെ അനുസ്മരണമാണ് ഓശാനഞായർ. അതൊരു വ്യത്യസ്തമായ രാജകീയ പ്രവേശനമായിരുന്നു. ക്രിസ്തുവെന്ന രാജാവ് കീഴടക്കിയതു ഹൃദയങ്ങളെയാണ്. അവൻ തോല്പിച്ചതു തിന്മയുടെ രാജ്യത്തെയാണ്. അവൻ നല്കിയതു ദൈവമക്കളുടെ സ്വാതന്ത്ര്യമാണ്.
ഇസ്രയേൽ ആദ്യമായിട്ടാണു കുരിശിലേയ്ക്കു നീങ്ങിയ രാജാവിനെ കണ്ടത്. സകല പീഡകളുടെ ആധിക്യത്തിലും പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർഥിച്ച രാജാവ് അവരിൽ അത്ഭുതമുണർത്തി. ഒരു രാജാവും ചരിത്രത്തിൽ നേടാത്തത് അവൻ നേടി. ചരിത്രം പോലും അവന്റെ മരണത്തിനു മുമ്പും മരണശേഷവും എന്നു രണ്ടായിത്തിരിഞ്ഞു. ചരിത്രത്തിനു നടുവിൽ, ചരിത്രത്തിനതീതമായി ക്രിസ്തുവെന്ന രാജാവ് എന്നും നിലകൊള്ളുന്നു.
ജറുസലമിലേക്കു ക്രിസ്തു നടത്തിയ പ്രവേശനം വ്യക്‌തിയിലേയ്ക്കും അവൻ നടത്തുന്ന പ്രവേശനമാണ്. അപ്രതീക്ഷിത സമയത്ത് അപ്രതീക്ഷിതമായ വിധത്തിൽ അവൻ പ്രവേശിക്കും. അവനു വിരിക്കേണ്ട പുറങ്കുപ്പായം പഴയ മനുഷ്യനും ചെയ്തികളുമാണ്. കൈയിലുയർത്തേണ്ട മരച്ചില്ലകൾ പുതിയ മനുഷ്യനെ ധരിച്ച മനുഷ്യന്റെ നിശ്ചയ ദാർഢ്യങ്ങളാണ്. ഓശാന വിളികൾ ഉയരേണ്ടതു ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ്.
ഏതു വിമോചനത്തിനും നാം കൊടുക്കേണ്ടിവരുന്ന ഒരുവിലയുണ്ട്. അതു പാപത്തിൽനിന്നുള്ള വിമോചനമാകുമ്പോൾ സഹനങ്ങൾ അതിന്റെ വഴികളാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. വിമോചിപ്പിക്കാനെത്തിയ രാജാവിനെ കുരിശിൽ തറച്ചു എന്നതു ജറുസലമിനേറ്റ കളങ്കമാണ്. എന്നാൽ, കുരിശിൽ ചേർത്തു തറക്കപ്പെട്ടിട്ടും ഉയിർത്തെഴുന്നേറ്റു എന്നതു രാജാവിന്റെ വിജയമാണ്. മരണമില്ലാത്ത രാജാവിനായി രാജ്യത്തെ ഒരുക്കുകയാണ് ഓശാന അനുസ്മരണം. രാജ്യം ഹൃദയമാണ്, ശരീരമാണ്, വ്യക്‌തിയുടെ ജീവിതമാണ്. മരണമില്ലാത്ത രാജാവിന്റെ പ്രവേശനം ജീവിതമാകുന്ന രാജ്യത്തിനു ദൈവരാജ്യം എന്ന പരിവർത്തനം നല്കും.
എഴുതാപ്പുറങ്ങൾ വായിക്കുക നമ്മുടെ ശീലമാണ്. ജീവിതത്തിൽ എല്ലാത്തലങ്ങളിലും അതു നമ്മുടെ സ്വഭാവമായി. ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കാത്തതു കുടുംബത്തകർച്ചയ്ക്കു കാരണമാവാറുണ്ട്. എന്നാൽ, ഭാര്യ പറയുന്നതിൽനിന്നു ഭർത്താവും ഭർത്താവ് പറയുന്നതിൽനിന്നു ഭാര്യയും എഴുതാപ്പുറങ്ങൾ വായിച്ചുകഴിയുമ്പോൾ സ്‌ഥിതിഗതികൾ കൂടുതൽ വഷളാകും. എഴുതാപ്പുറങ്ങൾ മനുഷ്യനു സമ്മാനിക്കുന്നതു യാഥാർഥ്യങ്ങളിൽനിന്നുള്ള വിദൂരതയാണ്.
എല്ലാ എഴുതാപ്പുറങ്ങളും നമ്മുടെ ജീവിതത്തിൽ കനത്ത നഷ്ടങ്ങളാണു വരുത്തിവയ്ക്കുക. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനും ശുശ്രൂഷകനുമായിരിക്കണം എന്നു പഠിപ്പിച്ചപ്പോൾ ഒരു കാര്യം വ്യക്‌തമാണ്. എഴുതാപ്പുറങ്ങൾ വായിക്കുന്നതു ദാസനും ശുശ്രൂഷകനുമാകാൻ കഴിയാത്തവനാണ്. എഴുതാപ്പുറങ്ങൾ വായിച്ചതിന്റെ ദുരന്തദൃഷ്ടാന്തങ്ങൾ ഇന്നു പല വീടുകളിലുമുണ്ട്. തല്ലിപ്പിരിഞ്ഞും കോടതിയിൽ കയറി നില്ക്കുന്ന പല ബന്ധങ്ങളിലും അതു കാണാൻ കഴിയും.
എഴുതാപ്പുറങ്ങളുടെ ജീവിതശൈലി തീർഥാടകന് ഉപേക്ഷിക്കാൻ കഴിയണം. എഴുതാപ്പുറങ്ങളുടെ നീണ്ട പട്ടികയാണ് ജീവിത വഴിത്താരകളിൽ ഉണ്ടാവുക. ഓരോ എഴുതാപ്പുറം വായനയും നമുക്കു വരുത്തിയ നഷ്ടത്തെ ഓർമിക്കുന്നത് ഒരു നല്ല ധ്യാനമാകും. എഴുതാപ്പുറങ്ങൾ വായിക്കുന്ന രീതി പ്രത്യക്ഷപ്പെടുക പല രീതികളിലാണ്.
1. എന്തെങ്കിലും വായിക്കുമ്പോഴോ കേൾക്കുമ്പോഴോ അതു തന്നെ അപകീർത്തിപ്പെടുത്താനാണെന്നു കരുതുന്നു. 2. തനിക്കെതിര് എന്നു തോന്നിപ്പിക്കുന്നവയോടു പ്രതികാരബുദ്ധിയോടെ സമീപിക്കുന്നു. 3. അനാവശ്യമായ നിരാശകളിലേക്കു കടന്നു ജീവിതത്തിന്റെ പ്രസന്നത നഷ്ടപ്പെടുത്തുന്നു. 4. പഠിപ്പിച്ചതിലെയോ എഴുതപ്പെട്ടിരിക്കുന്നതിലെയോ പ്രസക്‌തി എന്തെന്നു ചിന്തിക്കാതെ തനിക്കതിൽ കിട്ടാൻ സാധ്യതയുള്ള ലാഭങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്നു. 5. പഠിപ്പിച്ചിരുന്നതും എഴുതപ്പെട്ടിരിക്കുന്നതുമൊക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും വ്യക്‌തിപരമായ ആവശ്യങ്ങൾ വരുമ്പോൾ എല്ലാ പഠിപ്പിക്കലുകളെയും മാറ്റിവച്ച് അനീതിയുടെ അറ്റങ്ങൾ വരെ യാത്രചെയ്യുന്നു.
എഴുതാപ്പുറങ്ങൾ വായിക്കുന്നതിൽ നിന്ന് ഒരു മോചനമാണു തീർഥാടനം സമ്മാനിക്കേണ്ടത്. തീർഥാടകൻ എഴുതാപ്പുറങ്ങൾ വായിക്കുന്നതിൽനിന്നു വരികൾക്കിടയിലൂടെ വായിക്കുന്നവനാകുന്ന പരിവർത്തനം ഉണ്ടാകണം. അതിനായി അവൻ ഇന്ദ്രിയങ്ങൾ അഴിച്ചുവിടുന്ന ആഗ്രഹസാഗരങ്ങളുടെ അലകളിൽനിന്നു മുക്‌തനായി പരിശുദ്ധാത്മാവ് എന്ന സാഗരത്തിൽ നീന്തിത്തുടിക്കണം. സത്യവും നന്മയും അതിന്റെ പൂർണതയിൽ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിലുള്ള ആവാസമാണു തീർഥാടനത്തിന്റെ ഫലപ്രാപ്തി.