ഭക്‌തിയെന്ന ദൈവബന്ധം
ഭക്‌തിയെന്ന ദൈവബന്ധം
തീർഥാടനം – 41 / ഫാ. ജേക്കബ് കോയിപ്പള്ളി

ഒരു യാത്രക്കിടയിൽ വളരെപ്പെട്ടന്നാണു ഗതാഗതക്കുരുക്കിൽ പെട്ടത്. എന്റെ വണ്ടി നിന്നത് ഒരു പോലീസ് സ്റ്റേഷന്റെ മുമ്പിലായിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും കുരുക്ക് നീങ്ങാത്തതിനാൽ ഞാൻ പോലീസ് സ്റ്റേഷനിലേക്കു കയറി. വാഹനം കടന്നുപോകാൻ എന്തെങ്കിലും ക്രമീകരണം നടത്താൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ, അവിടെ മതപരമായ ഒരാഘോഷമാണ്, ഒന്നും ചെയ്യാൻ പറ്റില്ല എന്നായിരുന്നു മറുപടി. മുന്നോട്ടും പിന്നോട്ടും നീക്കാനാകാതെ വാഹനത്തിൽ ഇരുന്നപ്പോൾ മനസിൽ ചില ചോദ്യങ്ങളുണ്ടായി. യഥാർഥമായ ഭക്‌തി ദൈവത്തിങ്കലേക്കു നയിക്കുന്നതാണെങ്കിൽ അതു മനുഷ്യനെ മാനിക്കുന്നതുമായിരിക്കണമല്ലോ. മനുഷ്യർക്കു ദുരിതങ്ങൾ നൽകുന്ന രീതിയിലുള്ള തിരുനാളുകളും ഉത്സവങ്ങളും ഭക്‌തിയുടെ ഭാഗമോ അതോ ശക്‌തിപ്രകടനമോ?

വണ്ടിയിൽ നിന്നിറങ്ങി ആഘോഷങ്ങളുടെ അടുത്തേക്കു ചെന്നു. താളാത്മകചലനങ്ങളിൽ മതിമറന്നു നൃത്തമാടുകയാണു ഭക്‌തർ. അതു കണ്ടുനിൽക്കുന്ന കാഴ്ചക്കാരനും താളാത്മകമായ ചലനങ്ങളിലാണ്. ഭക്‌തിയും ഉന്മാദവും തമ്മിൽ എന്തു ബന്ധം? ഉന്മാദ അവസ്‌ഥയിലെത്തിക്കുന്ന ഭക്‌തി ഒരു വിരോധാഭാസമാണ്. ഉന്മാദം എന്നതു മരുന്നു നൽകി ചികിത്സിക്കേണ്ട ഒരവസ്‌ഥയാണ്.

ഭക്‌തിയിൽ ഉന്മാദം കലർത്തുമ്പോൾ വ്യക്‌തിയെ അതു പല ഭാവങ്ങളിലേക്കും രൂപാന്തരപ്പെടുത്തുന്നു. ശുദ്ധജലത്തിൽ കൊതുക് മുട്ടയിടുന്നു എന്നതുപോലെ ഭക്‌തിയിലെ ഉന്മാദം ഭീകരവാദത്തിന്റെയും മനസിലാക്കാൻ പ്രയാസമുള്ള പലതരം പ്രകടനങ്ങളുടെയും ജനനകാരണമായേക്കാം. ഭക്‌തിയുടെ അടിത്തറ ആത്മാർത്ഥതയുള്ള വ്യക്‌തിത്വമാണ്. മദ്യം കഴിച്ചു ചിലർ കാട്ടിക്കൂട്ടുന്ന അന്തസില്ലാത്ത പ്രവർത്തനങ്ങളെപ്പോലെ ഉന്മാദാവസ്‌ഥയിൽ പ്രകടിപ്പിക്കുന്ന അനിയന്ത്രിതമായ വാക്കുകളും വികാരപ്രകടനങ്ങളും ഭക്‌തിയെന്ന സ്‌ഥായീഭാവവുമായി കൂട്ടിക്കുഴയ്ക്കരുത്.


ഭക്‌തൻ ദൈവത്തോടു സംസാരിക്കുന്നവനാണ്. മനുഷ്യനോടു സംസാരിക്കാൻ മനുഷ്യന്റെ ഭാഷയിലും ശരീരത്തിലും മനുഷ്യനെ സമീപിച്ച ദൈവത്തോടു താനായിരിക്കുന്ന അവസ്‌ഥയിൽ അവൻ സംസാരിക്കുന്നു. ലോകം നടുങ്ങുമാറ് ഉച്ചത്തിൽ നിലവിളിച്ചാലേ ദൈവം കേൾക്കൂ എന്നും ഭൂമി പിളരുന്നതുപോലെ ഒച്ചയുണ്ടാക്കിയാലെ അതു ദൈവസ്തുതിയാവൂ എന്നും ചിന്തിക്കുന്നതു ഭക്‌തിയെ കീഴ്പ്പെടുത്തി ഉന്മാദം മുമ്പിൽ നിൽക്കുമ്പോഴാണ്. ഭക്‌തി ജീവിതത്തിലുടനീളം പ്രവഹിക്കുന്ന ഒന്നാണ്. ഭക്‌തന് എല്ലാ മാനുഷിക വികാരങ്ങളുമുണ്ട്.

പക്ഷേ അവയുടെയെല്ലാം പ്രകടനങ്ങളിൽ അവനെ വ്യതിരിക്‌തനാക്കുന്ന ഒന്ന് അവനു സമ്മാനിക്കാൻ ഭക്‌തിക്കു കഴിയുന്നു. ഭക്‌തിയെന്നതു ദൈവബന്ധമാണ്. അതിന് ഒരു സ്‌ഥായീഭാവമുണ്ട്. ഉയർച്ചയിലും താഴ്ചയിലും ദൈവത്തോടു ചേർന്നുനിൽക്കുന്ന ഒരു രഹസ്യമാണത്. ജീവിക്കാൻ തുടങ്ങിയ കാലം മുതൽ നാം ശ്വസനപ്രക്രിയ നടത്തുന്നവരാണ്. ശ്വസിക്കുക എന്നതു മടുപ്പായി തോന്നാറില്ലല്ലോ.

അതുപോലെ തന്നെയാണു വിശ്വാസിയുടെ ദൈവബന്ധവും. സംശുദ്ധവും നിർമലവുമായ ആ ബന്ധത്തിൽ കരയാനും ചിരിക്കാനും ഓശാന വിളിക്കാനും വിശ്വാസിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഭക്‌തി എന്നതു ലഹരിയുടെ അവസ്‌ഥയിലേക്കു തരംതാഴുമ്പോൾ ഭക്‌തൻ അപകടകാരിയാവും. ഭക്‌തിയിൽ ഉന്മാദം കലരുമ്പോൾ അതു മനുഷ്യനെ നേരായ ദൈവബന്ധത്തിൽ നിന്നു നീക്കുക മാത്രമല്ല വൈകൃതങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു. നിർമലമായ ഭക്‌തി നോമ്പിനെ ചൈതന്യവത്താക്കട്ടെ.