ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിട്ടുണ്ടോ? നിങ്ങളെയും അവര്‍ വിളിച്ചേക്കാം...
Wednesday, October 22, 2025 3:18 PM IST
നിങ്ങള്‍ ഒഎല്‍എക്സില്‍ സാധനങ്ങള്‍ വില്ക്കാന് പരസ്യം നല്‍കിയിട്ടുണ്ടോ? എന്നാല്‍ ഒരുപക്ഷേ, അവര്‍ നിങ്ങളെയും വിളിച്ചേക്കാം, മെസേജ് അയച്ചേക്കാം. ശരിക്കും ആവശ്യക്കാര്‍ എന്ന രീതിയില്‍ സംസാരിച്ചേക്കാം.
നിങ്ങളുടെ വിശ്വാസം നേടിയെടുക്കാനായി അവരുടെ ഐഡി കാര്‍ഡും മറ്റും വാട്സ്ആപ്പില്‍ അയച്ചുതന്നേക്കാം. കൂടുതല്‍ വിശ്വാസം നേടിയെടുക്കാനായി അവര്‍ ആര്‍മിയിലെ ജോലിക്കാരാണെന്നു കാണിക്കുന്ന ഐഡി കാര്‍ഡും അയച്ചേക്കാം.
പിന്നെയായിരിക്കും ഇക്കൂട്ടര്‍ തട്ടിപ്പ് പുറത്തെടുക്കുന്നത്. മിലിട്ടറി യൂണിഫോം ധരിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പുസംഘം വീണ്ടും തലപ്പൊക്കി തുടങ്ങിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഗൃഹോപകരണങ്ങളുടെ പേരിലും തട്ടിപ്പ്
ഒഎല്‍എക്സില്‍ വാഹന, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കൊപ്പം ഗൃഹോപകരണങ്ങളുടെ പരസ്യവും നല്കി തട്ടിപ്പ് നടത്താറുണ്ട്. വീട്ടുപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാം എന്ന പേരിലാണ് തട്ടിപ്പ്.
ആളുകളെ വിശ്വസിപ്പിക്കാനായി മിലിറ്ററി കാന്റീന് വഴി വിലക്കുറവില്‍ ലഭിച്ചതാണെന്നും ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇവ കൂടെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നല്കുന്നതെന്നുമാണ് തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുന്നത്. പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെ വാട്സ് ആപിലൂടെ അയച്ചു കൊടുക്കും.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ വില്പനയ്ക്കെന്ന പരസ്യത്തില്‍ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുന്നതും കൊറിയര്‍ ചാര്‍ജെന്ന പേരിലും അഡ്വാന്‍സ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി.
ഫോണിലൂടെ ഇടപാട് ഉറപ്പിച്ച ശേഷം പണം അയച്ചു കഴിഞ്ഞാല്‍ ആ ഫോണ്‍ ഓഫ് ചെയ്തു തട്ടിപ്പു സംഘം മുങ്ങും. വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണമെന്നാണു പോലീസ് പറയുന്നത്.
വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോം
മിലിട്ടറി യൂണിഫോമിലുള്ള ഫോട്ടോയും രേഖകളുമൊക്കെ കാണുമ്പോള്‍ ആര്‍ക്കും യാതൊരുവിധ സംശയവും തോന്നില്ല. വിശ്വാസം നേടിയെടുത്തു കഴിയുമ്പോള്‍ ഓണ്‍ലൈന്‍ പണം ഇടപാട് ആവശ്യപ്പെടും. യുപിഐ പേയ്മെന്റ് റിക്വസ്റ്റ് നിങ്ങള്‍ക്ക് അയച്ചുതരും.
നിങ്ങളുടെ എംപിന്‍ എന്റര്‍ ചെയ്യാന്‍ തട്ടിപ്പു സംഘം ആവശ്യപ്പെടും. അല്ലെങ്കില്‍ യുപിഐ പേയ്മെന്റ് ക്യൂആര്‍ കോഡ് അയച്ച് അത് സ്കാന്‍ ചെയ്ത് നിങ്ങളുടെ എംപിന്‍ എന്റര്‍ ചെയ്യാന്‍ പറയും. എംപിന്‍ എന്റര്‍ ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടമാകും. ഇത്തരം തട്ടിപ്പില്‍ വീഴല്ലേയെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്.
ജോലിക്കാരെ തേടിയും ഒഎല്‍എക്സ് പരസ്യം
ഒഎല്‍എക്സ് വഴി ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നും മറ്റും വ്യാജ പരസ്യം ചെയ്ത് ആള്‍മാറാട്ടം നടത്തി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ കേസ് രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ ടെലി കോളര്‍, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് അതിലേക്ക് ബയോഡാറ്റയും ഫോണ്‍ നമ്പറും അയച്ചുകൊടുക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളെ വോയ്സ് ചെയ്ഞ്ച് ആപ്പ് വഴി സ്ത്രീകളുടെ ശബ്ദത്തില്‍ ബന്ധപ്പെടുകയും അവരെ പ്രലോഭിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തുകയും മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് മറ്റുള്ളവരെയും ഇരയാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകള്‍ സംഘടിപ്പിച്ച് വാട്സാപില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്യുകയും ജോലിക്ക് വേണ്ടി സ്ത്രീകളില്നിന്നു തുക ആവശ്യപ്പെടുകയും പണം ഇല്ലാത്തവരോട് ഏജന്റ് എന്ന വ്യാജേന മറ്റൊരു പേരില്‍ നേരിട്ട് എത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയുമാണ് അന്ന് തട്ടിപ്പ് നടത്തിയത്.
വിരുതനെ കൈയോടെ പൊക്കിയത് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ആയിരുന്നു. കേസില്‍ തിരുവനന്തപുരം മുടവൂര്‍പ്പാറ മണലിവിളാകത്ത് വീട്ടില്‍ സനിത് (30) ആണ് അന്ന് അറസ്റ്റിലായത്.
ഇത്തരത്തില്‍ വ്യാജപരസ്യം കണ്ടു വിശ്വസിച്ച യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഏകദേശം 18 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായ പരാതി ലഭിച്ചതോടെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ വലയിലാക്കിയതും.
വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈല്‍ നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ അറസ്റ്റിലായത്.
പരാതിപ്പെടാന്‍ മടിക്കേണ്ട...
മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഒരിക്കലും എംപിന്‍ എന്റര്‍ ചെയ്യേണ്ടതില്ല. നിങ്ങളുടെ പണം മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ മാത്രം എംപിഎന്‍ എന്റർ ചെയ്താല്‍ മതി. വിശ്വാസയോഗ്യമല്ലാത്ത വ്യക്തിയുമായി ഒരിക്കലും ഒഎല്‍എക്സ് ഇടപാടുകള്‍ നടത്തരുത്.
ഇത്തരത്തിലുളള സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ സൈബര്‍ സെല്ലിനെ വിവരം അറിയിക്കണം. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം.
https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.