രാഹുല്‍ എന്തിനേയും കുഞ്ഞനാക്കും
Saturday, October 11, 2025 3:46 PM IST
വന്ദേ ഭാരത് ട്രെയിന്‍, ബസുകള്‍, കാറുകള്‍, ക്ഷേത്ര ഗോപുരങ്ങള്‍ തുടങ്ങിയവയെല്ലാം കൈയിലൊതുക്കാന്‍ പറ്റുന്ന വലുപ്പത്തില്‍ നിര്‍മിച്ചാല്‍ അതൊരു കൗതുകം തന്നെയാണ്. ഇവയിലെ വളരെ ചെറിയ ഉപകരണങ്ങള്‍പോലും അതേ രീതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു കഴിവുതന്നെയാണ്.
താന്‍ സ്വായത്തമാക്കിയ കഴിവുപയോഗിച്ച് സൂക്ഷ്മതയോടെ ആരിലും അദ്ഭുതവും കൗതുകവുമുണര്‍ത്തുന്ന മൂന്ന് സെന്റീമീറ്റര്‍ മുതല്‍ ആറടിയോളം വരെ വലുപ്പത്തില്‍ നിര്‍മിച്ച അറുപതോളം മിനിയേച്ചര്‍ മാതൃകകളുടെ കലവറയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അക്കാദമിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കൈതപ്രം ചെറുവച്ചേരിയിലെ രാഹുല്‍ രാമചന്ദ്രന് സ്വന്തമായുള്ളത്.
മിനിയേച്ചര്‍ പ്രണയം
ചെറുപ്പം മുതലെയുള്ള ജന്മവാസനയായിരുന്നു മിനിയേച്ചര്‍ പ്രണയം. വാഹനങ്ങളോടുള്ള ചെറുപ്പത്തിന്റെ സ്വതസിദ്ധമായ ഇഷ്ടത്തില്‍ ബസുകളും കാറുകളുമൊക്കെയായിരുന്നു ആദ്യം പിറവിയെടുത്തത്.
രാഹുലിന്റെ കണ്ണില്‍ ഒന്നും പാഴ് വസ്തുവല്ലായിരുന്നു. സമീപനാളുകളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ മിനിയേച്ചര്‍ മാതൃകകള്‍ക്ക് യഥാര്‍ഥ രൂപം കൈവരിക്കാനുമായിട്ടുണ്ട്.
ചെറിയ കണ്ടെയ്നറുകളില്‍ ആവശ്യമുള്ള നിറങ്ങളില്‍ സ്പ്രേ പെയിന്റ് ലഭിക്കാന്‍ തുടങ്ങിയതോടെ പെയിന്റിംഗ് എളുപ്പമാകുകയും യഥാര്‍ഥ വര്‍ണങ്ങളുടെ വശ്യത പകരാനാകുന്നുമുണ്ട്.
ഇതെല്ലാം മിനിയേച്ചര്‍ മാതൃകകളുടെ ചാരുത വര്‍ധിപ്പിക്കുന്നു. ജോലി കഴിഞ്ഞുവന്നാല്‍ രാത്രി പതിനൊന്നുവരെ രാഹുല്‍ മിനിയേച്ചറുകളുടെ പണിപ്പുരയിലായിരിക്കും.
വഴിത്തിരിവായത് മെട്രോമാന്റെ നിര്‍ദേശം
മെട്രോമാന് ഇ. ശ്രീധരന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ മിനിയേച്ചര്‍ സമ്മാനിച്ചതാണ് അതുവരെ വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിച്ചിരുന്ന രാഹുലിന്റെ ചിന്തകളെ വഴിതിരിച്ചുവിട്ടത്.
തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വീരസ്ഥാനം വീരുത്താനം ഭഗവതി ക്ഷേത്രവും അനുബന്ധ സജ്ജീകരണങ്ങളുമടങ്ങുന്ന മിനിയേച്ചര്‍ നിര്‍മിക്കാനായിരുന്നു മെട്രോമാന് ആവശ്യപ്പെട്ടത്.
ഉള്ളിൽ പേടിയോടെയാണ് രാഹുല്‍ ആ ദൗത്യം ഏറ്റെടുത്തത്. പുറത്തുനിന്നു കാണുന്ന ഭാഗത്തിന്റെ ഫോട്ടോയെടത്തു. അകത്തുള്ള സജ്ജീകരണങ്ങളുടെ ഫോട്ടോ പൂജാരികളെക്കൊണ്ട് സംഘടിപ്പിച്ചു.
മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പാലക്കാട് ജില്ലയില്‍ കിഴക്കേ നട ചെന്നവസാനിക്കുന്നതും തൃശൂര്‍ ജില്ലയില്‍ പിറകുവശത്തെ നട ചെന്നവസാനിക്കുന്നതുമായ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ ആറടി നീളവും നാലടി വീതിയുമുള്ള മിനിയേച്ചര്‍ നിര്‍മിച്ചു നല്‍കിയത്.
അന്ന് മെട്രോമാന് ശ്രീധരനില്‍നിന്നു ലഭിച്ച പ്രോത്സാഹനം മറക്കാനാകില്ലെന്നും രാഹുല്‍ പറയുന്നു. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ മുഖമണ്ഡപവും, ശബരിമല, അയോദ്ധ്യ രാമക്ഷേത്രം, പറശിനി മുത്തപ്പന് ക്ഷേത്രം, പീസ ടവര്‍ തുടങ്ങിയവയും ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് നിര്‍മിച്ചു നല്കി.
നമുക്ക് സുപരിചിതമല്ലാത്ത വിദേശ വാഹനങ്ങളുടെ മിനിയേച്ചറുകളും 1930ലെ വാഹനം മുതല്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസുവരെയുള്ള അറുപതോളം മിനിയേച്ചറുകളും രാഹുലിന്റെ ശേഖരത്തിലുണ്ട്. സമീപത്തെ ക്രിസ്തീയ ദേവാലയവും മുസ്ലിം പള്ളിയും ഇതിലുള്‍പ്പെടും.
മൂന്ന് സെന്റീമീറ്റര്‍ ഉയരവും ഒരു സെന്റീമീറ്റര്‍ വീതിയുമുള്ള ചെണ്ടയാണ് ഇക്കൂട്ടത്തിലുള്ള കുഞ്ഞന്‍ മിനിയേച്ചര്‍. ആറടി നീളത്തിലും നാലടി വീതിയിലുമുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിലാണിപ്പോള്‍ രാഹുല്‍.

രാഹുലിന്റെ കഴിവുകള്‍ ഇനി വരുംതലമുറകളിലേക്ക്
സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളിലൂടെ നിരവധിയാളുകള്‍ മിനിയേച്ചര്‍ നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവുമായി രാഹുലിനെ തേടിയെത്തുന്നുണ്ട്. എന്നാല്‍, സമയപരിമിതിമൂലം എല്ലാവരുടേയും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ലെന്ന് രാഹുല്‍ പറയുന്നു.
ഇതിനിടയിലും സ്കൂളുകളിലും എൻജിനിയറിംഗ് കോളജുകളിലും എസ്പിസി കുട്ടികള്‍ക്കും എക്സ്പോ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം, പാല എന്നിവിടങ്ങളിലെ എന്‍ജിനിയറിംഗ് കോളജുകളില്‍ എക്സ്പോ നടത്തിയിരുന്നു. വരുന്ന 17,18 തിയതികളില്‍ തൃക്കരിപ്പൂര്‍ കോളജില്‍ എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്.
ഒരുപാട് കഴിവുകളുള്ള കുട്ടികളുണ്ടെന്നും അവരിലേക്ക് തന്റെ കഴിവുകള്‍ പകര്‍ന്നു നല്‍കിവരികയാണെന്നും ഇത്തരത്തില്‍ കുട്ടികളുടെ കഴിവുകളെ തിരിച്ചുവിട്ടാല്‍ മദ്യ-മയക്കുമരുന്നുകളുടെ പിടിയില്‍പെടാതെ പുതുതലമുറകളെ രക്ഷിക്കാന്‍ കഴിയുമെന്നും രാഹുല്‍ പറയുന്നു.
രാഹുലിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായി ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നീ അവാര്‍ഡുകളും നിരവധി അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.
പരേതനായ റിട്ട. അധ്യാപകന് രാമചന്ദ്രന്റെയും രാധയുടെയും മകനാണ് രാഹുല്‍. ഭാര്യ: കൃപ. മക്കള്‍: വരദ, വൈഗ.