ലക്ഷദ്വീപില്‍ പറാളി ഒന്നിനെ കാണാനില്ല
Thursday, October 9, 2025 2:41 PM IST
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല്‍ 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില്‍ എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്‍നിരപ്പ് വരുംവര്‍ഷങ്ങളില്‍ 0.78 മില്ലീമീറ്റര്‍ വീതം ഉയരുമെന്ന പഠനം യാഥാര്‍ഥ്യമായാല്‍ ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല്‍ വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില്‍ കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്‍തന്നെ പറാളി ദ്വീപുകള്‍ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്‍ക്കു പുറമേ കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്‍ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്‍നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്‍ക്കും കടല്‍നിരപ്പിലെ കയറ്റം ഭീഷണിയുയര്‍ത്തുന്നു.
ഈ സാഹചര്യത്തില്‍ ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്‍പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്‍ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കടല്‍നിരപ്പ് വര്‍ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള്‍ ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല്‍ 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്‍ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്‍ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള്‍ 50 അന്‍പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില്‍ നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്‍ബന്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്‍ബനും ഉപദ്വീപുകളും ഭാവിയില്‍ ഓര്‍മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്‍ബന്‍ വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില്‍ 101 കടുവകള്‍ സുന്ദര്‍ബാന്‍ വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ബാന്‍ എന്ന പേരു ലഭിച്ചത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്‍ബന്‍ നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്‍നിരപ്പ്, കടല്‍ക്ഷോഭം, നഗരവല്‍ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്‍ബന്‍ തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന്‍ കരിമ്പനകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്‍പതും പനകളെ തിരകള്‍ പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്‍ഗം.
2021ലെ യാസ് ചുഴലിക്കാറ്റില്‍ 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല്‍ 12 കിലോമീറ്ററില്‍നിന്നും 2022ല്‍ ഏഴു കിലോമീറ്ററായി ചുരുങ്ങി.

ആന്‍ഡമാനിലും രക്ഷയില്ല
2004ലെ സുനാമിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലേക്ക് അടിച്ചു കയറിയ കൂറ്റന്‍ തിരമാലകള്‍ അപഹരിച്ചത് പതിനായിരം മനുഷ്യജീവനുകളെയാണ്.
സംഹാരത്തിരമാലകള് തീരത്തിന് കവചമൊരുക്കുന്ന കണ്ടല്‍ വനങ്ങളെയും കവര്‍ന്നെടുത്തു. റോഡുകള്‍, സ്കൂളുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വന്‍നാശമുണ്ടായി.
ആന്‍ഡമാന്‍സിലെ ഇന്ദിരാ പോയന്റിലുള്ള ലൈറ്റ് ഹൗസ് സുനാമിയുടെ ആഘാതത്തില്‍ നാലു മീറ്റര്‍ താഴ്ന്നുപോയി. 97 ശതമാനം കണ്ടല്‍ക്കാടുകളും തിരമാല കവര്‍ന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ വലുതും ചെറുതുമായ 450 ഭൂകമ്പങ്ങളാണ് ആന്ഡമാനിലുണ്ടായത്.
ആഗോളതലത്തെക്കാള് ഉയര്‍ന്ന അളവില്‍ ആന്‍ഡമാനില്‍ ഓരോ വര്‍ഷവും അഞ്ചു മി.മീ തോതിലാണ് കടല്‍നിരപ്പ് ഉയരുന്നത്. കടല്‍കയറ്റ ഭീതിയില്‍ ഇന്തോനേഷ്യ അവരുടെ തലസ്ഥാനം ജാക്കര്ത്തയില്നിന്ന് ബോര്‍ണിയോയിലേക്ക് മാറ്റി.
ഇത്തരത്തില്‍ ആന്‍ഡമാന്‍ തലസ്ഥാനം പോര്‍ട്ട് ബ്ലെയറില്‍നിന്ന് മാറ്റേണ്ടിവന്നേക്കാം. പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളവും തുറമുഖവും ഭീഷണിയിലായേക്കാം.
പവിഴപ്പുറ്റുകള്‍ മായുന്ന കരിയാച്ചള്ളി
21 ദ്വീപുകളുള്ള മാന്നാര്‍ കടലിടുക്കിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുള്ള കരിയാച്ചള്ളി ദ്വീപില്‍ വംശനാശ ഭീഷണി നേരിടുന്ന കടല്പന്നികളെ ഏറെക്കാലം കാണാനാവില്ല. ഇവിടത്തെ പവിഴപ്പുറ്റുകളും നീര്‍ത്തടങ്ങളും പുല്‍മേടുകളും വിസ്മൃതിയിലേക്കു നീങ്ങുകയാണ്.
രാജ്യത്തെതന്നെ ഏറ്റവും സമ്പന്നമായ നാലു പവിഴപ്പുറ്റു കേന്ദ്രങ്ങളിലൊന്നാണ് കരിയാച്ചള്ളി. മനുഷ്യതാമസമില്ലെങ്കിലും ജൈവവൈവിധ്യത്തില്‍ കരിയാച്ചള്ളിയുടെ പ്രാധാന്യം വലുതാണ്. 1969-2024 കാലത്ത് കരിയാച്ചള്ളിയുടെ 70 ശതമാനം കരപ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി മദ്രാസ് ഐഐടിയുടെ ഓഷ്യന്‍ എന്‍ജിനീയറിംഗ് വിഭാഗം നടത്തിയ പഠനം പറയുന്നു.
വേലിയേറ്റസമയം വിസ്തൃതി 3.14 ഹെക്ടറിലേക്കും വേലിറക്കത്തില്‍ 4.12 ഹെക്ടറിലേക്കും മാറിമറിയുന്നു. രാമേശ്വരത്തിനും തൂത്തുക്കുടിക്കും ഇടയില്‍ ശോഷിച്ചുവരുന്ന കരിയാച്ചള്ളിയുടെ സംരക്ഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയാണ്.
ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായത്തോടെ പവിഴപ്പുറ്റുകള്‍ക്ക് കൃത്രിമസുരക്ഷാ കവചം ഒരുക്കിയും പുല്‍ത്തിട്ടകള്‍ വച്ചുപിടിപ്പിച്ചുമാണ് സംരക്ഷണശ്രമം. മൂന്നു മീറ്റര്‍ വരെ ഉയരവും മൂന്നു ടണ്‍വരെ ഭാരവുമുള്ള 8,500 ഫെറോസിമന്റ് ടെട്രോപോഡുകള്‍ വച്ച് തിരകളെ പ്രതിരോധിച്ചും തീരങ്ങളില്‍ ചെളി നിക്ഷേപിച്ചുമാണ് ദ്വീപിനെ സംരക്ഷിക്കാനുള്ള ശ്രമം.
മദ്രാസ് ഐഐടിയും തൂത്തുകുടി ആസ്ഥാനമായ സുഗന്ധി ദേവദാസന് മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ ടെട്രാ പോഡുകള്‍ ഡിസൈന്‍ ചെയ്യുന്നത്. കടല്‍പ്പുല്ല് തട്ടുകളായി വളര്‍ത്തി തിരമാലകളുടെ തീവ്രത ചെറുക്കാനും ശ്രമിക്കുന്നു. കടല്പന്നികള്ക്ക് ഇവ തീറ്റയുമാണ്. ശോഷിച്ചുവരുന്ന പവിഴപ്പുറ്റുകള്‍ വീണ്ടെടുക്കാനും ശ്രമം നടക്കുന്നു.
ചെളിയും മണല്‍ക്കൂനകളും പവിഴപ്പുറ്റുകളും പുല്മെട്ടുകളും നിര്‍മിച്ച കരിയാച്ചള്ളി ഉള്‍ക്കടലിന് കരുതലും കവചവുമായിരുന്നു. നിലവിലെ ശോഷണത്തോത് നോക്കിയാല്‍ 2036ല്‍ കരിയാച്ചള്ളി, കോസ്വാരി ദ്വീപുകള്‍ അപ്രത്യക്ഷമാകും.