മജുലിയെ ബ്രഹ്മപുത്ര വിഴുങ്ങുന്നു
Wednesday, October 8, 2025 1:39 PM IST
ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് ബ്രഹ്മപുത്രയിലെ മജുലി. 2016ല്‍ ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണവും മജുലിക്കുണ്ട്.
ബ്രഹ്മപുത്രയില്‍ 421.65 കിലോമീറ്റര്‍ വിസ്തൃതിയുള്ള മജുലി 300 വര്‍ഷം മുന്‍പുണ്ടായ ഭൂമികുലുക്കത്തിലാണ് ഉയര്‍ന്നുവന്നതെന്നു കരുതപ്പെടുന്നു.
ഭൂചനത്തില്‍ ബ്രഹ്മപുത്രയില്‍ വലിയ പ്രളയമുണ്ടായി നദിയുടെ ഗതി തെക്കോട്ട് മാറിയൊഴുകി. പ്രളയത്തില്‍ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും കല്ലും അടിഞ്ഞാണ് ബ്രഹ്മപുത്രയുടെ മകള്‍ എന്നറിയപ്പെടുന്ന മജുലി ദ്വീപുണ്ടായത്.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വൈഷ്ണവ സംസ്കാര കേന്ദ്രം കൂടിയാണ് മജുലി. വൈഷ്ണവ ആശ്രമങ്ങളും സംഗീതവും സംസ്കാരവും ഏറെ വശ്യമാണ്. മജുലി എന്നാല്‍ രണ്ട് സമാന്തര നദികള്‍ക്കിടയിലെ ഭൂമി. തപോരി എന്നറിയപ്പെടുന്ന നിരവധി ചെറിയ ദ്വീപുകളുടെ കൂട്ടമാണ് മജുലി.
ഗോഹട്ടിയില്‍നിന്ന് 350 കി.മീ മാറി 1.70 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന 22 തപോരികള് മജുലിയിലുണ്ട്. മിഷിംഗ്, ദിയോറി, സൊനോവാള്‍ കച്ചാറി തുടങ്ങിയ വിവിധ ഗോത്രവിഭാഗക്കാര്‍ ഇവിടെ താമസിക്കുന്നു. എണ്ണത്തില്‍ മിഷിംഗ് വിഭാഗത്തിനാണ് മുന്‍തൂക്കം.
ബ്രഹ്മപുത്രയിലെ പ്രളയത്തില്‍നിന്ന് രക്ഷനേടാന്‍ മുളങ്കമ്പുകള്‍ കുത്തിനിര്‍ത്തി അതില്‍ പണിയുന്ന വീടുകളിലാണ് ഇവരുടെ താമസം. ഭൂരിഭാഗവും കര്‍ഷകരും മത്സ്യത്തൊഴിലാളികളാണ്.
വര്‍ഷവും ബ്രഹ്മപുത്രയിലുണ്ടാവുന്ന വെള്ളപ്പൊക്കമാണ് ദ്വീപിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്. റോഡുകളില്ലാത്തതിനാല്‍ ബോട്ടുകളിലാണ് മജുലിയിലേക്ക് സഞ്ചാരികള്‍ എത്തുന്നത്.
ബ്രഹ്മപുത്രയിലെ കുത്തൊഴുക്കും മണ്ണൊലിപ്പുമാണ് മജൂലി നേരിടുന്ന ഭീഷണി. അതിശക്തമായ അടിയൊഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയവയാല്‍ ദ്വീപ് വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുന്നു.
1950ല്‍ റിക്ടര്‍ സ്കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശത്തുണ്ടായതാണ് മണ്ണൊലിപ്പിനും ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്കും വേഗം കൂട്ടിയത്. ടിബറ്റില്‍ ഉത്ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ബ്രഹ്മപുത്രയും ഉപനദികളും ഭൂകമ്പത്തില്‍ പലയിടങ്ങളില്‍ ദിശമാറിയൊഴുകി.
പിന്നാലെ 1951, 1954, 1962 വര്‍ഷങ്ങളില്‍ വന്‍ പ്രളയങ്ങളുമുണ്ടായി. പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ദ്വീപ് പൂര്‍ണമായും ഒഴുകിപ്പോകും. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ മജുലി 60 ശതമാനം ചുരുങ്ങി 1,250 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 352 ചതുരശ്ര കിലോമീറ്ററായി.
ഇവിടത്തെ 243 ഗ്രാമങ്ങളില്‍ 67 ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാവുകയാണ്. വാസസ്ഥലം തുടരെ മാറേണ്ട സാഹചര്യത്തില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീടുകളില്‍ പാര്‍ക്കുന്നവരും കുറവല്ല. പലയിടങ്ങളിലും മണ്‍തിട്ടകള്‍ ഉയര്‍ത്തി ദ്വീപിനെ നിലനിറുത്താന്‍ ശ്രമമുണ്ടായി. എന്നാല്‍ നദിയുടെ അടിത്തട്ട് ദുര്ബലമാകുംതോറും തീരം നഷ്ടമാവുകയാണ്.
ഹിമാലയത്തില്‍ താപനില ഉയര്‍ന്നുണ്ടാകുന്ന മഞ്ഞുരുകല്‍ ബ്രഹ്മപുത്രയില്‍ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു. കൃഷിയും മത്സ്യബന്ധനവും തൊഴിലാക്കിയ ജനങ്ങള്‍ അതിജീവനത്തിനായി പൊരുതുകയാണ്. തണ്ണീര്‍ത്തടങ്ങളും വാസസ്ഥലങ്ങളും ദിവസവും നഷ്ടമായിക്കൊണ്ടിരിക്കുന്നു.

കാലാവസ്ഥാവ്യതിയാനം മൂലം നെല്ല്, കടുക്, കരിമ്പ് കൃഷി പരമ്പരാഗത കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. കൃഷി വരുമാനം കുറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞു. കൃഷിയും സസ്യജാലങ്ങളും മാത്രമല്ല വൈഷ്ണവ ആശ്രമങ്ങളും കലാരൂപങ്ങളും സംസ്കാരവും വൈകാതെ മജൂലിയില്‍ അന്യമാകും.
ഇവിടത്തെ ബീല്‍സ് എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ അനേക ഇനം പക്ഷികളുടെയും ഇഴജന്തുക്കളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രമാണ്. ദേശാടനക്കിളികള്‍ ഉള്‍പ്പെടെ 250 ഇനം പക്ഷികളെ ഇവിടെ കാണാം. സൊറായ് ചാങ് പക്ഷിസങ്കേത കേന്ദ്രം മജുലിയിലാണ്.
തീരങ്ങളില്‍ മുളകളും കണ്ടലുകളും ഭൂവസ്ത്രങ്ങളും കല്‍ക്കെട്ടുകളും വച്ചിട്ടും തീരം അതിവേഗം ഇടിയുകയാണ്. ഇരുപതിനായിരം കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കേണ്ട സാഹചര്യമാണ് മജുലിയില്‍ നിലവിലുള്ളത്.
വാന്‍ ദ്വീപിനും രക്ഷയില്ല
തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ നിന്ന് ആറു കി.മീ മാത്രം അകലെയാണ് മാന്നാര്‍ കടലിടുക്കിലെ വാന്‍ ദ്വീപുകള്‍. ഗള്‍ഫ് ഓഫ് മാന്നാര്‍ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ വാന്‍ ദ്വീപ് 1969ല്‍ 20.08 ഹെക്ടറില്‍ വിസ്തൃതമായിരുന്നു.
2015ല്‍ വിസ്തൃതി 1.5 ഹെക്ടറായി ചുരുങ്ങി. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ ജൈവവൈവിധ്യ വിസ്മയമായ വാന്‍ ദ്വീപ് വൈകാതെ അപ്രത്യക്ഷമാകും. സമുദ്രനിരപ്പ് ഉയരുന്നതിനുസരിച്ച് ദ്വീപ് ഏറിയപങ്കും മുങ്ങിക്കഴിഞ്ഞു.
സസ്യ- ജന്തു ജീവജാലങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ വാന്‍ ദ്വീപിനെ 1986 ല്‍ സമുദ്ര ജൈവവൈവിധ്യ പാര്‍ക്കായി പ്രഖ്യാപിച്ച കാലത്ത് 4223 ഇനം സസ്യങ്ങള്‍ ഈ ചെറുദ്വീപിലുണ്ടായിരുന്നു.

2200 ഇനം മത്സ്യങ്ങളും 106 ഇനം ഞണ്ടുകളും കൂറ്റന്‍ തിമിംഗലങ്ങളും ഡോള്ഫിനുകളുമുള്ള സമുദ്രമേഖലയാണിത്. 37 ഇനം പവിഴപ്പുറ്റുകള്‍ മുന്‍പ് ഇവിടെയുണ്ടായിരുന്നു. വന്‍കിട യാനങ്ങളുടെ മത്സ്യബന്ധനവും അനിയന്ത്രിത പവിഴപ്പുറ്റു ഖനനവും ദ്വീപിനെ നാമാവശേഷമാക്കുന്നതിന് കാരണമായിട്ടുണ്ട്.
കടല്‍പ്പുറ്റുകളുടെ അനിയന്ത്രിതമായ ഘനനത്തിന്റെ പ്രത്യാഘാതമാണ് ദ്വീപിനെ തുടച്ചുനീക്കിയത്. 2013ല്‍ വാന്‍ ദ്വീപ് രണ്ടായി പിളര്‍ന്നു. ആഞ്ഞടിച്ച തിരമാലകള്‍ അതിവേഗം വടക്കന്‍ പ്രദേശത്തെ ഒന്നാകെ വകഞ്ഞെടുത്തു.
തമിഴ്നാട് സര്‍ക്കാര്‍ വാന്‍ ദ്വീപിനെ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുവദിച്ച 25 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ പലവിധത്തിലുള്ള ചിറകള്‍ തീര്‍ത്തും മണ്ണു നിറച്ചും പുല്ലു നട്ടുപിടിപ്പിച്ചുമാണ് വീണ്ടെടുക്കലിനുള്ള ശാസ്ത്രീയ ശ്രമം. നിലവില്‍ പത്തിനം പവിഴപ്പുറ്റുകളും 28 ഇനം മത്സ്യങ്ങളും തിരികെയെത്തിയിട്ടുണ്ട്.
വാന്‍ ദ്വീപ് വീണ്ടെടുക്കല്‍ ശ്രമം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വൈപ്പാര്‍, സിപ്പിക്കുളം, പട്ടിനമരുത്തൂര് തീരഗ്രാമങ്ങളിലെ കടലേറ്റം ചെറുക്കും. മാന്നാര്‍ കടലിടുക്കില്‍ വാന്‍ ദ്വീപിനു പുറമെ വല്ലന്ഗുച്ചല്ലി, പൂവരസന്പെട്ടി ദ്വീപുകളും ഏറെക്കുറെ മുങ്ങിക്കഴിഞ്ഞു.
തൂത്തുക്കുടി ദ്വീപുമേഖലയില് ഉള്‍പ്പെട്ട കീലാകരൈ 43 ശതമാനവും വേംബാര് 36 ശതമാനവും മണ്ഡപം 21 ശതമാനവും അര നൂറ്റാണ്ടിനുള്ളില്‍ ചുരുങ്ങി. ചുണ്ണാമ്പു സമ്പന്നമായ പവിഴപ്പുറ്റുകള്‍ ചുണ്ണാമ്പുകല്ലു വ്യവസായത്തിനും മറ്റ് നിര്ണമാണങ്ങള്ക്കുമായി ചൂഷണം ചെയ്തു.
1970കളില്‍ പാക് മാന്നാര്‍ കടലിടുക്കില്‍ പ്രതിവര്‍ഷം 25,000 മെട്രിക് ടണ്‍ കടല്‍പ്പുറ്റ് ഘനനം നടന്നിരുന്നു. 2005ല്‍ ഘനനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴേക്കും 32 ചതുരശ്ര കിലോമീറ്റര്‍ തീരം നഷ്ടമായിക്കഴിഞ്ഞിരുന്നു.
കാലാവസ്ഥാവ്യതിയാനം പവിഴപ്പുറ്റുകളെ വന്‍തോതില്‍ നശിപ്പിക്കുന്നുണ്ട്. കടല്താപം വര്‍ധിക്കുന്ന സാഹചര്യം പവിഴപ്പുറ്റുകള്‍ക്ക് വന്‍ ഭീഷണിയാണ്. കടല്‍ ജൈവവൈവിധ്യം നിലനിറുത്തുന്നതില്‍ പവിഴപ്പുറ്റുകള്ക്കുള്ള സ്ഥാനം ചെറുതല്ല.
ഇന്നത്തെ നിലയില്‍ വെംബാര് ദ്വീപുകളില്‍പ്പെട്ട ഉപ്പുതണ്ണി, പുളുവിനിച്ചല്ലി, നല്ലതണ്ണി ഉപദ്വീപുകള്‍ അര നൂറ്റാണ്ടിനുള്ളിലും കീലാകരൈ ദ്വീപുകളില്‍പ്പെട്ട അനൈപാര്, വലിമുന്നൈ, പൂവരസന്പെട്ടി, അപ്പാ, തലൈയാരി, വലൈ, മുല്ലി എന്നിവ മൂന്നു പതിറ്റാണ്ടിനുള്ളിലും ഇല്ലാതാകും.